| Thursday, 15th November 2012, 9:05 am

ആന്റണിയുടെ വിമര്‍ശനം സര്‍ക്കാരിനെതിരല്ല, സദുദ്ദേശപരമെന്ന് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിനെതിരെ പ്രതിരോധ മന്ത്രി എ.കെ ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിനെതിരല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബ്രഹ്മോസിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നല്ലതിനല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.[]

ആന്റണിയുടെ ഉദ്ദേശ്യം സദുദ്ദേശപരമാണെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. വ്യവസായ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ആന്റണി ഉദ്ദേശിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിവാദമുണ്ടാക്കി അന്തരീക്ഷം മോശമാക്കുന്നവര്‍ ആ പ്രവണത തിരുത്തണമെന്നും അവര്‍ ആരൊക്കെയാണെന്ന് താന്‍ പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാനത്തെ ഇപ്പോഴത്തെ വിവാദങ്ങള്‍ മനസ്സില്‍ വെച്ചാണ് ആന്റണി പ്രതികരിച്ചതെന്നും ബ്രഹ്മോസ് പ്രതിരോധ വകുപ്പിന്റെ സ്ഥാപനമാണെന്നും അവിടെ യൂണിയന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ പുതിയ കേന്ദ്രസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ധൈര്യമില്ലെന്നായിരുന്നു എ.കെ.ആന്റണി ഇന്നലെ പറഞ്ഞത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് കലവറയില്ലാത്ത പിന്തുണ ലഭിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ അന്തരീക്ഷം ഇതിന് അനുകൂലമല്ലെന്നും ആന്റണി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയും തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനേയും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനേയും വേദിയിലിരുത്തിയാണ് യു.ഡി.എഫിനെതിരെയുള്ള ആന്റണിയുടെ കടുത്ത വിമര്‍ശനം. പ്രതിരോധ വകുപ്പിന്റെ ബ്രഹ്മോസ് തുടര്‍പദ്ധതികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

Latest Stories

We use cookies to give you the best possible experience. Learn more