| Saturday, 18th December 2021, 11:54 pm

ആ എവര്‍ഗ്രീന്‍ പ്രണയഗാനം ദാസേട്ടന്‍ തെറ്റിച്ചു പാടി, ഒപ്പം മലയാളികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

‘നീര്‍മണിപ്പീലിയില്‍ നീര്‍മണി തുളുമ്പി,’ ഈ ഗാനം മൂളാത്ത മലയാളികളില്ല. എന്നാല്‍ ഈ ഗാനത്തിലെ അര്‍ത്ഥശൂന്യത ശ്രദ്ധിക്കപ്പെട്ടിട്ടില്ല. നീര്‍മണിപ്പീലിയില്‍ എങ്ങനെയാണ് വീണ്ടും നീര്‍മണി തുളുമ്പുന്നത് എന്ന് ആരും തന്നെ ചിന്തിച്ചിട്ടുണ്ടാവില്ല. അത് ഒരു അനാവശ്യ ആവര്‍ത്തനമാണല്ലോ?.

1989 ല്‍ പുറത്തിറങ്ങിയ വചനം എന്ന സിനിമക്ക് വേണ്ടി മോഹന്‍ സിത്താരയായിരുന്നു സംഗീതസംവിധാനം നിര്‍വഹിച്ചത്. ‘നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്‍ അരികില്‍ വന്നു’ എന്നായിരുന്നു ഒ.എന്‍.വി കുറുപ്പ് എഴുതി നല്‍കിയത്. റൊമാന്റിക് ആയ ഒരു ഈണവും മോഹന്‍ സിത്താര പെട്ടെന്നു തന്നെ കമ്പോസ് ചെയ്തു.

ചെന്നൈയിലായിരുന്ന യേശുദാസിന് പാടാനായി ട്രാക്ക് അയച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ നീള്‍മിഴിപ്പീലിക്ക് പകരം യേശുദാസ് നീര്‍മണിപ്പീലിയെന്ന് തെറ്റിച്ചുപാടിയാണ് തിരിച്ചയച്ചത്. അത് അധികമാരുടെയും ശ്രദ്ധയില്‍ പെട്ടില്ല. തെറ്റ് തിരിച്ചറിഞ്ഞപ്പോഴേക്കും യേശുദാസ് അമേരിക്കയിലേക്ക് പോയിരുന്നു.

ആദ്യവരിയിലെ പിശകോടെ തന്നെ പാട്ട് സിനിമയിലുള്‍പ്പെടുത്തി. പക്ഷേ തെറ്റ് പിടിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ഇപ്പോഴും മലയാളികള്‍ക്ക് പ്രിയ്യപ്പെട്ട പ്രണയഗാനങ്ങളിലൊന്നായി അത് നിലനില്‍ക്കുകയും ചെയ്യുന്നു. പിന്നീട് സ്റ്റേജ് ഷോയക്കൊക്കെ ഈ ഗാനം പാടുന്നവരും ഇതേ തെറ്റ് തന്നെ ആവര്‍ത്തിച്ച് പാടിക്കൊണ്ടിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ തന്നെയാണ് പാട്ടിലെ പിശക് വെളിപ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: onv-kurup-wrote-neelmizhipeeliyil-yesudas-sang-neermizhippeeliyil

We use cookies to give you the best possible experience. Learn more