കവി ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു
അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാലു പുരുഷായുസുകളുടെ കാവ്യം ജന്മം സംഭവിച്ചു എന്നു നിരൂപകന്മാര്‍ വിശേഷിപ്പിക്കുന്ന കാവ്യ വിസ്മയമായിരുന്നു അദ്ദേഹം.
വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു ഒ.എന്‍.വി. സാഹിത്യത്തില്‍ സ്വന്തമായ വഴി വെട്ടിത്തെളിയിച്ച അദ്ദേഹം ചലച്ചിത്ര ഗാനശാഖയേയും പരിപുഷ്ടമാക്കി. സാധാരണക്കാര്‍ക്ക് പോലും മനസിലാകുന്ന തരത്തില്‍ ലളിതകരമായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 അത്തം നക്ഷത്രത്തില്‍ ജനനം. ഈ ദമ്പതികളുടെ മൂന്നുമക്കളില്‍ ഏറ്റവും ഇളയമകനാണ് ഒ.എന്‍.വി. എട്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.പരമേശ്വരന്‍ എന്നായിരുന്നു ആദ്യത്തെ പേര് . അപ്പു ഓമനപ്പേരും . സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നല്‍കിയത് . അങ്ങനെ അച്ഛന്റെ ഇന്‍ഷ്യലും മുത്തച്ഛന്റെ പേരും ചേര്‍ന്ന് പരമേശ്വരന്‍ എന്ന അപ്പു സ്‌കൂളില്‍ ഒ.എന്‍.വേലുക്കുറുപ്പും സഹൃദയര്‍ക്ക് പ്രീയങ്കരനായ ഒ.എന്‍.വിയുമായി . പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത് . ശങ്കരമംഗലം ഹൈസ്‌കൂളില്‍ തുടര്‍ വിദ്യാഭ്യാസം .
ധനതത്വശാസ്ത്രത്തില്‍ ബി.എ.ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ.എന്‍.വി മഹാരാജാസ് കോളേജില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ,് ഗവ. ആര്‍ട്‌സ് ആന്റ്് സയന്‍സ് കോളജ് കോഴിക്കോട്, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി, ഗവ. വിമന്‍സ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്.
1986 മേയ് 31നു അധ്യാപക ജീവിതത്തില്‍ നിന്നും ഒ.എന്‍.വി വിരമിച്ചെങ്കിലും ഒരു വര്‍ഷക്കാലം കാലിക്കറ്റ് സര്‍വകലാശലയില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. ജീവിതത്തിലുടനീളം ഇടതുപക്ഷ സഹയാത്രികനായി ജീവിച്ച ഒ.എന്‍.വി 1989ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ എ. ചാള്‍സിനോട് പരാജയപ്പെടുകയായിരുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, ആദ്യത്തെ മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, ചങ്ങമ്പുഴ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ഒ.എന്‍.വിയുടെ കവിതകള്‍
പൊരുതുന്ന സൗന്ദര്യം, സമരത്തിന്റെ സന്തതികള്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവര്‍ത്തിമാരും, ഗാനമാല, നീലക്കണ്ണുകള്‍, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറല്‍മാര്‍ക്‌സിന്റെ കവിതകള്‍, ഞാന്‍ അഗ്‌നി, അരിവാളും രാക്കുയിലും, അഗ്‌നിശലഭങ്ങള്‍, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്ങ്ഗകപ്പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍,
തോന്ന്യാക്ഷരങ്ങള്‍, നറുമൊഴി, വളപ്പൊട്ടുകള്‍, ഈ പുരാതന കിന്നരം, സ്‌നേഹിച്ചു തീരാത്തവര്‍, സ്വയംവരം, പാഥേയം, അര്‍ദ്ധവിരാമകള്‍, ദിനാന്തം, സൂര്യന്റെ മരണം
ഒ.എന്‍.വി അനശ്വരമാക്കിയ ഗാനങ്ങളില്‍ ചിലത്
ആരെയും ഭാവ ഗായകനാക്കും.
ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ
ഒരു ദലം മാത്രം വിടര്‍ന്നൊരു
സാഗരങ്ങളേ..
നീരാടുവാന്‍ നിളയില്‍.
മഞ്ഞള്‍ പ്രസാദവും നെറ്റിയില് ചാര്‍ത്തി.
ഓര്‍മകളേ കൈവള ചാര്‍ത്തി.
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍.
വാതില്പഴുതിലൂടെന്‍ മുന്നില്‍.
ആദിയുഷസന്ധ്യപൂത്തതിവിടെ.