| Thursday, 27th May 2021, 11:42 am

ഒ.എന്‍.വിയ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ അപമാനം; മീടൂ ആരോപണ വിധേയനായ വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നിരവധി മീടു ആരോപണങ്ങള്‍ ഉയര്‍ന്ന ഇദ്ദേഹത്തിനെ വീണ്ടും വീണ്ടും പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്ന നടപടിക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപദയും ഇദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

‘ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി നല്‍കുന്ന ഒ.എന്‍.വി സാഹിത്യ പുരസ്‌കാരത്തിന് വൈരമുത്തു അര്‍ഹനായിരിക്കുന്നു. അന്തരിച്ച ശ്രീ ഒ.എന്‍.വി കുറുപ്പിന് അഭിമാനിക്കാം’ എന്നായിരുന്നു ചിന്മയി ട്വിറ്ററില്‍ എഴുതിയത്.

മീടൂ ആരോപിതനായ അദ്ദേഹത്തിന് ഇപ്പോഴും അഭിമാനകരമായ ഈ പുരസ്‌കാരം ലഭിക്കുന്നു. ഒരു ഇതിഹാസ കവിയോട് കാണിക്കാവുന്ന ഏറ്റവും വലിയ അപമാനമാണ് ഇതെന്ന് പറഞ്ഞാണ് നിരവധി പേര്‍ ചിന്മയിയുടെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.

നടി റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ വൈരമുത്തുവിന് അവാര്‍ഡ് നല്‍കാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് 17ഓളം സ്ത്രീകള്‍ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്ന് റിമ കല്ലിങ്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. പ്രഭാവര്‍മയും ആലങ്കോട് ലീലാകൃഷ്ണനും ഡോ. അനില്‍ വള്ളത്തോളുമടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്.

2017- മുതലാണ് ഒ.എന്‍.വി ലിറ്റററി അവാര്‍ഡ് നല്‍കി വരുന്നത്. വിവിധ ഇന്ത്യന്‍ ഭാഷകളിലായി മഹത്തായ സാഹിത്യസംഭാവനകള്‍ നല്‍കിയവരെയാണ് ഒ.എന്‍.വി അവാര്‍ഡിന് പരിഗണിക്കുന്നതെങ്കിലും ഇതാദ്യമായാണ് മലയാളത്തില്‍ നിന്നല്ലാത്ത ഒരാള്‍ക്ക് പുരസ്‌കാരം ലഭിക്കുന്നത്.

”നാല്‍പതുവര്‍ഷത്തെ ചലച്ചിത്രജീവിതത്തിനിടയില്‍ വൈരമുത്തു രചിച്ച ഏഴായിരത്തോളം കവിതകളില്‍ മിക്കതും മലയാളിയുടെ മനസ്സില്‍ ജീവിക്കുന്നവയാണ്. ഒ.എന്‍.വി കുറുപ്പ് വ്യാപരിച്ച കവിതാ ചലച്ചിത്രഗാനമേഖലയില്‍ തന്നെയാണ് ഏറിയ കൂറും വൈരമുത്തു വ്യാപരിച്ചതും മഹത്തായ നേട്ടങ്ങള്‍ കൈവരിച്ചതും. കവിതക്കുപുറമേ ചില നോവലുകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷണ്‍ എന്നിവക്കുപുറമേ പുരസ്‌കാരങ്ങളാല്‍ സമ്പന്നന്‍ കൂടിയാണ് അദ്ദേഹം. മലയാളിയുടെ മനസ്സിനോട് ഏറ്റവും അധികം ഇണങ്ങിയ എഴുത്തുകാരനെന്ന നിലയില്‍ ഒ.എന്‍.വി പുരസ്‌കാരം വന്നു ചേരേണ്ടതുണ്ട് ”എന്നായിരുന്നു ജഡ്ജിങ് കമ്മറ്റിയുടെ വിലയിരുത്തല്‍.

വൈരമുത്തുവിനെ ഒരു അന്യഭാഷാ കവിയായിട്ട് മലയാളി ഒരിക്കലും കണ്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെയാണ് ഒ.എന്‍.വി വ്യാപരിച്ച മേഖലയില്‍ തന്നെയുള്ള ഒരു പ്രതിഭയ്ക്ക് പുരസ്‌കാരം നല്‍കാന്‍ ജൂറി തീരുമാനമെടുത്തതെന്നായിരുന്നു ജൂറി അംഗം ഡോ. അനില്‍ വള്ളത്തോള്‍ പറഞ്ഞത്.

2018 ഒക്ടോബറിലാണ് ചിന്മയി വൈരമുത്തുവിനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചത്. വൈരമുത്തു രണ്ടു തവണ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചിന്മയി ആരോപിച്ചിരുന്നത്. ഒരിക്കല്‍ പാട്ടിന്റെ വരികള്‍ വിശദീകരിച്ചു തരുന്നതിനിടെ വൈരമുത്തു തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും എന്തു ചെയ്യണമെന്ന് അറിയാതെ വൈരമുത്തുവിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ചിന്മയി പറഞ്ഞിരുന്നു.

വൈരമുത്തു, നടന്‍ രാധാരവി എന്നിവര്‍ക്കെതിരേ മീ ടൂ ആരോപണം ഉന്നയിച്ചശേഷം തന്റെ ഡബ്ബിങ് കരിയര്‍ അവസാനിക്കുമെന്ന ഭയമുണ്ടെന്ന് ചിന്മയി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇതേ വര്‍ഷം ചിന്മയി ശ്രീപദയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. സൗത്ത് ഇന്ത്യന്‍ സിനി ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്സ് യൂണിയനില്‍ നിന്നായിരുന്നു ചിന്മയിയെ പുറത്താക്കിയത്.

നേരത്തെ വൈരമുത്തുവിന് തമിഴ്‌നാട് സര്‍ക്കാര്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചതിനെതിരെയും ചിന്മയി രംഗത്തെത്തിയിരുന്നു. എസ്.ആര്‍.എം സാങ്കേതിക സര്‍വ്വകലാശാലയായിരുന്നു കോളേജിലെ ബിരുദദാന ചടങ്ങില്‍ വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. അതേസമയം മീ ടൂ ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ടായിരുന്നു വൈരമുത്തു രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: ONV award for Tamil poet Vairamuthu

We use cookies to give you the best possible experience. Learn more