ഇ.വി.എം തിരിമറി ആശങ്കാജനകം, സുരക്ഷ ഉറപ്പുവരുത്തേണ്ടത് തെര. കമ്മീഷന്‍; പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന കമ്മീഷനെ പുകഴ്ത്തി മണിക്കൂറുകള്‍ക്കുള്ളില്‍
D' Election 2019
ഇ.വി.എം തിരിമറി ആശങ്കാജനകം, സുരക്ഷ ഉറപ്പുവരുത്തേണ്ടത് തെര. കമ്മീഷന്‍; പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന കമ്മീഷനെ പുകഴ്ത്തി മണിക്കൂറുകള്‍ക്കുള്ളില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2019, 5:07 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഒരുദിവസം കഴിയുന്നതിനു മുന്‍പേ ഇ.വി.എം തിരിമറിയില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വോട്ടര്‍മാരുടെ വിധിയില്‍ കൃത്രിമം നടന്നെന്ന റിപ്പോര്‍ട്ടുകളില്‍ താന്‍ ആശങ്കാകുലനാണെന്ന് പ്രണബ് ട്വീറ്റ് ചെയ്തു.

‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള ഇ.വി.എമ്മുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. അഭ്യൂഹങ്ങളുണ്ടാകുന്നതു നമ്മുടെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെപ്പോലും ചോദ്യം ചെയ്യുന്നതാണ്. ജനവിധി അലംഘനീയമാണ്. സംശയത്തിന്റെ ഒരണുപോലും അതിനുമുകളില്‍ വരാന്‍ പാടില്ല.’- അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനു വ്യത്യസ്തമായ എന്തെങ്കിലും രീതികള്‍ അവലംബിക്കേണ്ടതുണ്ടെന്ന് ഇന്നലെ നടന്ന ഒരു പുസ്തകപ്രകാശച്ചടങ്ങളില്‍ പ്രണബ് പറഞ്ഞിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാന്‍ കഴിയില്ലെന്നും ഏറ്റവും മികച്ച രീതിയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

‘ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുകുമാര്‍ സെന്‍ മുതല്‍ ഇപ്പോഴത്തെ കമ്മീഷണര്‍ വരെ മികച്ച രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. എക്സിക്യൂട്ടീവ് നിയമിച്ച മൂന്ന് കമ്മീഷണര്‍മാരും അവരവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്.’- പ്രണബ് മുഖര്‍ജി പറഞ്ഞു.