World News
കാനഡയ്ക്കുള്ള നികുതി വര്‍ധിപ്പിച്ചാല്‍ യു.എസിന്റെ ഫ്യൂസ് ഊരും; ഊര്‍ജ കയറ്റുമതി അവസാനിപ്പിക്കുമെന്ന് പ്രവിശ്യ തലവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 13, 09:01 am
Friday, 13th December 2024, 2:31 pm

ഒട്ടാവ: കാനഡയുടെ ഉത്പ്പന്നങ്ങള്‍ക്ക് മേല്‍ 25ശതമാനം നികുതി വര്‍ധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കനേഡിയന്‍ ജനപ്രതിനിധി.

ട്രംപ് നികുതി വര്‍ധിപ്പിക്കുന്ന പക്ഷം യു.എസിലേക്കുള്ള ഊര്‍ജ കയറ്റുമതി നിര്‍ത്താന്‍ താന്‍ തയ്യാറാണെന്ന്  രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാരിയോയുടെ തലവനായ ഡഗ് ഫോര്‍ഡ് പറഞ്ഞു. ലോകത്തെ നാലാമത്തെ വലിയ എണ്ണ ഉത്പാദകരും ആറാമത്തെ പാചകവാതക ഉത്പാദകരുമാണ് കാനഡ. കാനഡയുടെ എണ്ണയിലധികവും കയറ്റി അയക്കുന്നത് യു.എസിലേക്കാണ്.

രാജ്യത്തിന്റെ മറ്റ് പ്രവിശ്യകളുടെ തലവന്മാരും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, നിര്‍ത്തലാക്കാവുന്ന കയറ്റുമതി ഉത്പ്പന്നങ്ങളുടെ പട്ടിക തയ്യാറാക്കുമെന്നും ഫോര്‍ഡ് പറഞ്ഞു.

‘ഞങ്ങള്‍ കയറ്റുമതി പൂര്‍ണമായും നിര്‍ത്തലാക്കാനാണ് ആലോചിക്കുന്നത്. അതിനുവേണ്ടി കാര്യങ്ങള്‍ എവിടെവരെ പോകും എന്ന് നിരീക്ഷിക്കുകയാണ്. ഇവിടെ നിന്ന് കയറ്റി അയക്കുന്ന എനര്‍ജിയാണ് മിഷിഗണിലും ന്യൂയോര്‍ക്കിലും വിസ്‌കോസിനുമെല്ലാം എത്തിച്ചേരുന്നത്. എനിക്ക് ഇപ്രകാരം ഒന്നും ചെയ്യാന്‍ ആഗ്രഹം ഉണ്ടായിട്ടല്ല. മറിച്ച് എന്റെ ഒന്നാമത്തെ ജോലി ഒന്റാരിയോയെ സംരക്ഷിക്കുക എന്നതും അതിലുപരി മുഴുവന്‍ കാനഡയേയും സംരക്ഷിക്കുക എന്നതുമാണ്,’ ഡഗ് ഫോര്‍ഡ് പറയുന്നു.

കാനഡയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രവിശ്യയാണ് ഒന്റാരിയോ. അമേരിക്കയുടെ അധികനികുതി പ്രാവര്‍ത്തികമായാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒരു പ്രവിശ്യയും ഇത് തന്നെയാണ്.

ഒന്റാരിയോയുടെ കയറ്റുമതിയുടെ ഏകദേശം 85%ത്തോളം വരുന്നത്‌ ഓട്ടോമോട്ടീവ് പാര്‍ട്‌സുകളാണ്. ഇവ കൂടുതലായും കയറ്റുമതി ചെയ്യുന്നത്‌  വിവിധ യു.എസ് സംസ്ഥാനങ്ങളിലേക്കാണ്‌. അതിനാല്‍ ട്രംപ് നികുതി വര്‍ധിപ്പിച്ചാല്‍ അത് വലിയ രീതിയില്‍ ബാധിക്കുന്ന ഒരു പ്രവിശ്യയാകും ഒന്റാരിയോ.

അതേസമയം വൈദ്യുതി കയറ്റുമതി വെട്ടിക്കുറയ്ക്കുന്ന കാര്യം എത്രത്തോളം പ്രായോഗികമാക്കാന്‍ ഡഗ്‌ഫോര്‍ഡിന്‌ കഴിയുമെന്നത്‌ വ്യക്തമല്ല. കാരണം പ്രവിശ്യയുടെ തലവന്മാര്‍ക്ക് അന്താരാഷ്ട്ര ഊര്‍ജ്ജ നയം രൂപീകരിക്കുന്നതില്‍ കാര്യമായ പങ്കില്ല.

അമേരിക്കന്‍ എണ്ണ ഇറക്കുമതിയുടെ ഏകദേശം 60% നല്‍കുന്നത് കാനഡയാണ്. വൈദ്യുതി ഇറക്കുമതിയാകട്ടെ ഇതിലും എത്രയോ വലുതാണ്. 2022ല്‍, അമേരിക്കയിലേക്കുള്ള വൈദ്യുതി കയറ്റുമതിയില്‍ നിന്നുള്ള കാനഡയുടെ വരുമാനം 5.8 കനേഡിയന്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു. ക്യുബെക്ക് ആണ് രാജ്യത്തെ യു.എസിലെക്കുള്ള ഏറ്റവും വലിയ ഊര്‍ജ കയറ്റുമതിക്കാര്‍.

Content Highlight: Ontario province premier threatens to halt energy exports to US if Trump imposes tariffs on Canada