വടകര: വടകരയില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിട്ടത് ബി.ജെ.പി പിന്തുണയെന്ന് മനോരമയുടെ വിശകലനം. വടകരയില്‍ മുരളീധരനെ ജയിപ്പിച്ചാല്‍ വട്ടിയൂര്‍ക്കാവില്‍ പ്രത്യുപകാരം ചെയ്യാമെന്ന ധാരണയാണ് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലെന്നാണ് വിശകലനം. ഇംഗ്ലീഷ് മനോരമ ഓണ്‍ലൈനില്‍ ആര്‍. അയ്യപ്പനാണ് ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയത്.
കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നാണ് ഇത്തരമൊരു സൂചന ലഭിച്ചതെന്നാണ് ലേഖകന്‍ പറയുന്നത്. വടകരയില്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ നിരത്തി, അതിനെ മറികടക്കാന്‍ ബി.ജെ.പിക്ക് എത്രത്തോളം സഹായിക്കാനാകുമെന്ന് കണക്കുകളിലൂടെ വിശദീകരിച്ചാണ് ഇത്തരമൊരു വിലയിരുത്തലില്‍ എത്തിച്ചേരുന്നത്.
“കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ എല്‍.ഡി.എഫിന്റെ എ.എന്‍ ഷംസീറിനോട് കഷ്ടിച്ചാണ് ജയിച്ചത്. 3,306 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് മുല്ലപ്പള്ളിക്ക് ലഭിച്ചത്. 2009ല്‍ മുല്ലപ്പള്ളി നേടിയ ഭൂരിപക്ഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് പാടേ കുറവാണ്. അതുപോലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എഴ് മണ്ഡലങ്ങളില്‍ ആറിടത്തും എല്‍.ഡി.എഫ് വിജയം നേടിയിരുന്നു.” എന്നതാണ് തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം.
കോണ്‍ഗ്രസിനെ സംബന്ധിച്ച് മറ്റേത് മണ്ഡലത്തേക്കാളും വടകര നിലനിര്‍ത്തുകയെന്നത് പ്രധാനമാണെന്ന വിലയിരുത്തലും ലേഖകന്‍ നടത്തുന്നുണ്ട്. പെരിയ കാസര്‍ഗോഡാണ്. പക്ഷേ സി.പി.ഐ.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ബ്രാന്റായി കോണ്‍ഗ്രസ് കണക്കാക്കുന്ന പി. ജയരാജന്‍ മത്സരിക്കുന്നത് വടകരയില്‍ നിന്നാണ്. “ഞങ്ങള്‍ മത്സരിക്കുന്ന മറ്റേത് മണ്ഡലം നഷ്ടപ്പെട്ടാലും സഹിക്കും. പക്ഷേ വടകര പോയാല്‍ സഹിക്കില്ല.” എന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകളെ വിശകലനം ചെയ്താണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേരുന്നത്.
“ഈ നിരാശയും എതിരാളിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന തോന്നലുമാണ് വടകര സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണമാക്കിയത്. അതുകൊണ്ടുതന്നെ അതിന് ഏറെ സമയമെടുക്കുകയും ചെയ്തു. “മുമ്പേ ഇരുമുന്നണികളും പരീക്ഷിച്ച ബി.ജെ.പിയുമായുള്ള രഹസ്യധാരണയെന്ന പരിഹാരം മാത്രമേ ബാക്കിയുള്ളൂവെന്ന വിലയിരുത്തലുണ്ടായി. ” ലേഖകന്‍ വിശദീകരിക്കുന്നു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നടത്തിയ പ്രകടനമാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു കൈകാര്യം ചെയ്യുന്നവരെ ആകര്‍ഷിച്ചതെന്ന് കണക്കുകള്‍ നിരത്തി ലേഖകന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. “തലശേരി ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ഇരുമുന്നണികളും തമ്മിലുള്ള വോട്ടുകളുടെ വ്യത്യാസത്തേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചിട്ടുണ്ട്. വടകര മണ്ഡലത്തിനു കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി ശരാശരി 14% വോട്ടുകളെങ്കിലും നേടിയിട്ടുണ്ട്. ”
പി. ജയരാജനോട് ആര്‍.എസ്.എസിനുള്ള വിദ്വേഷം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്തുന്നത് എളുപ്പമാക്കിയെന്നും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. “ആര്‍.എസ്.എസ് തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പി. ജയരാജന്‍. അതുകൊണ്ടുതന്നെ വടകരയില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബി.ജെ.പി യാതൊരു താല്‍പര്യവും കാട്ടിയിട്ടില്ലയെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത കൊല്ലം, ചാലക്കുടി, കോട്ടയം പോലുള്ള മണ്ഡലങ്ങളില്‍ വരെ ഉന്നത നേതാക്കളെയാണ് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്. ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വോട്ടുകള്‍ ചോര്‍ന്നതിനെ മുരളീധരനെപ്പോലുള്ള ഒരു ശക്തനായ നേതാവിന്റെ സാന്നിധ്യം ന്യായീകരിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വി.കെ സജീവന്‍ 8% വോട്ടുകള്‍ നേടിയിരുന്നു.”
ഇത്തരം നിരീക്ഷണങ്ങള്‍ക്ക് ഒടുവിലായാണ് ബി.ജെ.പിക്ക് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട പ്രത്യുപകാരത്തെക്കുറിച്ച് പറയുന്നത്.
“”തിരുവനന്തപുരത്ത് ശശിതരൂരിനെതിരെ കുമ്മനം രാജശേഖരന്‍ പരാജയപ്പെടുകയും വടകരയില്‍ ബി.ജെ.പിയുടെ പിന്തുണയോടെ മുരളീധരന്‍ ജയിക്കുകയുമാണെങ്കില്‍ ഒഴിവുവരുന്ന വട്ടിയൂര്‍കാവ് സീറ്റില്‍ കുമ്മനത്തിനുവേണ്ടി ബി.ജെ.പി കോണ്‍ഗ്രസിന്റെ പിന്തുണ തേടും.”
ഡൂള്‍ന്യൂസ് യൂട്യൂബ് സബ്‌സ്‌ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വടകരയെന്ന പ്രതിസന്ധി തരണം ചെയ്യാന്‍ പാര്‍ട്ടി മറ്റൊന്നും ആലോചിക്കാതെ തന്നെ അത്തരമൊരു ധാരണയ്ക്ക് തയ്യാറായെന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞതെന്നും ലേഖകന്‍ പറയുന്നു. ” കോണ്‍ഗ്രസ് സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാലും കുമ്മനത്തെ നിയമസഭാ സീറ്റില്‍ ജയിക്കാന്‍ സി.പി.ഐ.എം അനുവദിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ” എന്നാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.
2016ല്‍ വട്ടിയൂര്‍കാവില്‍ കുമ്മനം ജയിക്കുമെന്ന് തോന്നിയപ്പോള്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ടി.എന്‍ സീമയെ തള്ളി മുരളീധരനുവേണ്ടി വോട്ടുചെയ്തുവെന്നത് വ്യക്തമായ കാര്യമാണെന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവിന്റെ ഈ അഭിപ്രായത്തെ ലേഖകന്‍ ശരിവെക്കുന്നുമുണ്ട്.
വടകരയില്‍ എല്‍.ഡി.എഫിനെതിരെ കൊലീബി സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം പി. ജയരാജനും, ടി.പി രാമകൃഷ്ണനും ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നു.