| Monday, 9th July 2018, 1:35 pm

രണ്ട് പേരുടെ രാജിക്കത്ത് മാത്രമേ ലഭിച്ചിട്ടുള്ളു; 'അമ്മ'യിലേക്ക് തിരിച്ച് എടുക്കുമോ എന്നത് തനിക്ക് ഒറ്റയ്ക്ക് പറയാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എ.എം.എം.എയില്‍ നിന്ന് രാജിവെച്ച രണ്ട് പേരുടെ രാജിക്കത്ത് മാത്രമേ ലഭിച്ചിട്ടുള്ളെന്നും ഇവര്‍ തിരിച്ച് വരികയാണെങ്കില്‍ തിരിച്ച് എടുക്കുമോ എന്ന് പറയാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍.

എറണാകുളത്ത് പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. അമ്മയില്‍ നിന്ന് രാജിവെച്ചതായി രണ്ട് പേര്‍ മാത്രമേ കത്ത് നല്‍കിയിട്ടുള്ളു. ഭാവനയും രമ്യാനമ്പീശനുമാണത്. മറ്റാരും തന്നെ രാജി വെച്ചുകൊണ്ട് കത്ത് തന്നിട്ടില്ല. മോഹന്‍ലാല്‍ പറയുന്നു.


Also Read ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആരും എതിര്‍ത്തില്ല; പുറത്താക്കാനുള്ള തീരുമാനം തത്രപ്പാടില്‍ എടുത്തതെന്നും മോഹന്‍ലാല്‍

രാജിവെച്ചവര്‍ തിരിച്ച് വന്നാല്‍ എ.എം.എം.എയിലേക്ക് തിരിച്ച് എടുക്കുമോ എന്ന ചോദ്യത്തിന്. തനിക്ക് ഒറ്റയ്ക്ക് അതിന് ഉത്തരം പറയാന്‍ കഴിയില്ലെന്നും ഒരു സംഘടനയെന്ന നിലയില്‍ അതിലെ മറ്റ് അംഗങ്ങളുമായി ചേര്‍ന്നാലോചിച്ച് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളെന്നും. രാജി വെയ്ക്കുക പിന്നീട് തിരിച്ച് വരിക എന്നിങ്ങനെ സംഘടനകളില്‍ പറ്റില്ലെന്നും അവര്‍ രാജി വെച്ചത് എന്തിനാണെന്ന് പറയേണ്ടി വരുമെന്നും അതില്‍ ചര്‍ച്ച നടത്തിയ ശേഷമേ തിരുമാനിക്കാന്‍ കഴിയുകയുള്ളെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ആ കുട്ടിക്ക് ഏറ്റ ആഘാതത്തിനൊപ്പമാണ് ഞാന്‍. സിനിമയില്‍ ആയതുകൊണ്ടാണ് ഈ വിഷയം ഇത്രയും മുഴച്ചുനില്‍ക്കുന്നതെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഇരയ്ക്കൊപ്പം തന്നെയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദീലിപിന് പങ്കില്ലാതിരിക്കട്ടെ, അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ദിലീപ് ഇപ്പോഴും പുറത്തുതന്നെയാണ്. അദ്ദേഹം വരുന്നില്ലെന്ന് എഴുത്തു തന്ന നിലയില്‍ അദ്ദേഹം പുറത്താണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more