വല്ലാത്തൊരു അപമാനം; പുതിയ ക്യാപ്റ്റന്റെ പത്രസമ്മളനത്തിനെത്തിയത് വെറും രണ്ട് പേര്‍
Sports News
വല്ലാത്തൊരു അപമാനം; പുതിയ ക്യാപ്റ്റന്റെ പത്രസമ്മളനത്തിനെത്തിയത് വെറും രണ്ട് പേര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd November 2023, 5:52 pm

ലോകകപ്പിന് ശേഷമുള്ള ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് നവംബര്‍ 23ന് വിശാഖപട്ടണത്തില്‍ തുടക്കം കുറിക്കുകയാണ്. അഞ്ച് ടി-20കളാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ളത്.

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ പരമ്പരയില്‍ ഇന്ത്യയുടെ അടുത്ത തലമുറയിലെ താരങ്ങളാണ് സ്‌ക്വാഡിലുള്ളത്.

മത്സരത്തിന് മുമ്പായി ടീമിന്റെ സ്ട്രാറ്റജിയെ കുറിച്ചും മറ്റും നായകനും കോച്ചും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നത് പതിവാണ്. എന്നാല്‍ ക്യാപ്റ്റന്‍സിയേറ്റെടുത്തതിന് പിന്നാലെയുള്ള താരത്തിന്റെ പ്രസ് കോണ്‍ഫറന്‍സാണ് ചര്‍ച്ചയാകുന്നത്. വെറും രണ്ട് മാധ്യമപ്രവര്‍ത്തകരാണ് സൂര്യയുടെ പ്രസ് മീറ്റിനെത്തിയത്.

എ.എന്‍.ഐയുടെയും പി.ടി.ഐയുടെയും പ്രതിനിധികള്‍ മാത്രമാണ് വെറും നാല് മിനിറ്റ് മാത്രം നീണ്ടുനിന്ന വാര്‍ത്ത സമ്മേളനത്തിന് എത്തിയത്. നിങ്ങള്‍ രണ്ടുപേര്‍ മാത്രമാണോ വാര്‍ത്താസമ്മേളനത്തിന് എത്തിയതെന്ന് സൂര്യകുമാര്‍ അവരോട് പുഞ്ചിരിയോടെ ചോദിക്കുകയും ചെയ്തിരുന്നു.

ഇവര്‍ രണ്ടുപേരുമാകട്ടെ ചുരുക്കം ചില ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചത്. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് സൂര്യകുമാര്‍ ഏറെ ചോദ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു വാര്‍ത്താ സമ്മേളനം ഒരുപക്ഷേ ആദ്യമായിരിക്കും.

ലോകകപ്പിലെ ഇന്ത്യയുടെ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് നൂറിലധികം മാധ്യമപ്രവര്‍ത്തകരാണ് എത്തിയിരുന്നത്. സെമിഫൈനലിനും ഫൈനലിനും തൊട്ടുമുമ്പുള്ള വാര്‍ത്താസമ്മേളനങ്ങളില്‍ ഇരുന്നൂറിലധികം മാധ്യമപ്രവര്‍ത്തകരും എത്തിയിരുന്നു.

അതേസമയം, ഓസീസിനെതിരായ പരമ്പരയില്‍ സൂര്യകുമാറിനെ കുടാതെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമാണ് ഇടം കണ്ടെത്തിയത്. അവസാന രണ്ട് മത്സരത്തില്‍ വൈസ് ക്യാപ്റ്റന്റെ റോളില്‍ ശ്രേയസ് അയ്യരും ടീമിന്റെ ഭാഗമാകും.

 

ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

ഓസ്ട്രേലിയ സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്, ടിം ഡേവിഡ്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്നിസ്, മാറ്റ് ഷോര്‍ട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാത്യൂ വേഡ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, നഥാന്‍ എല്ലിസ്, ഷോണ്‍ അബോട്ട്, സ്പെന്‍സര്‍ ജോണ്‍സണ്‍, തന്‍വീര്‍ സാംഘ.

 

CONTENT HIGHLIGHT: Only two people attended Suryakumar’s press conference.