ലഖ്‌നൗ: ഉത്തര്‍ പ്രദേശ് തെരഞ്ഞടുപ്പിന് മുന്‍പേ ബി.ജെ.പിയെ നേരിട്ട് വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി. ആര്‍ക്കാണ് യു.പിയില്‍ പ്രാമുഖ്യം നഷ്ടപ്പെട്ടതെന്ന് തെരഞ്ഞെടുപ്പില്‍ കാണാം എന്നാണ് പ്രിയങ്ക പറയുന്നത്.
‘യു.പിയില്‍ ഏത് പാര്‍ട്ടിക്കാണ് അസ്തിത്വം നഷ്ടപ്പെട്ടതെന്ന് കാലം വ്യക്തമാക്കും,’ എന്നാണ് പ്രിയങ്ക പ്രഖ്യാപിച്ചത്. അമേഠിയില്‍ തോറ്റതേടെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഇല്ലാതായി എന്ന യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രിയങ്കയുടെ പ്രതികരണം.
അടുത്ത വര്‍ഷം യു.പി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിയാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കോണ്‍ഗ്രസ് പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ (പി.ഇ.സി.) ചെയര്‍മാന്‍ സല്‍മാന്‍ ഖുര്‍ഷിദ് സ്ഥാനമൊഴിഞ്ഞതോടെയാണ് പ്രിയങ്ക അധികാരമേറ്റെടുത്തത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രിയങ്ക ഇപ്പോള്‍ റായ്ബറേലിയാലാണ്. അമ്മ സോണിയ ഗാന്ധിയുടെ പാര്‍ലമെന്ററി മണ്ഡലത്തില്‍ നിന്നുമാണ് പ്രിയങ്ക തെരഞ്ഞെടുപ്പ് പോരിനുള്ള കോപ്പുകൂട്ടുന്നത്.
സെപ്റ്റംബര്‍ 10 മുതല്‍ പ്രിയങ്ക യു.പിയിലുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിന്റെ തന്ത്രങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും പ്രവര്‍ത്തനങ്ങള്‍ ശക്തമായി ഏകോപിപ്പിക്കുമെന്നും പ്രിയങ്ക പറയുന്നു.