മികച്ചത് ചൈന തന്നെ, അടിപതറി അമേരിക്ക; കൊവിഡ് പ്രതിരോധത്തില്‍ ചൈനയ്ക്ക് ലോകത്തിന്റെ കൈയ്യടി
World News
മികച്ചത് ചൈന തന്നെ, അടിപതറി അമേരിക്ക; കൊവിഡ് പ്രതിരോധത്തില്‍ ചൈനയ്ക്ക് ലോകത്തിന്റെ കൈയ്യടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th June 2020, 1:23 pm

വാഷിംഗ്ടണ്‍: കൊവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചത് ചൈന തന്നെയെന്ന് സമ്മതിച്ച് ലോകം. 53 രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ പോളിംഗിലാണ് ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന അഭിപ്രായം ഉയര്‍ന്നുവന്നത്. ഏറ്റവും മോശം പ്രവര്‍ത്തനം കാഴ്ചവെച്ചത് അമേരിക്കയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ഹോങ്കോംഗ് ജനാധിപത്യ പ്രവര്‍ത്തകനായ ജോഷ്വ വോങാ തുടങ്ങിയവര്‍ അഭിസംബോധന ചെയ്യുന്ന ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു പ്രധാന സമ്മേളനത്തിന് മുന്നോടിയായി നടത്തിയ സര്‍വേയിലാണ് അമേരിക്കക്ക് തിരിച്ചടിയായ അഭിപ്രായം ഉയര്‍ന്നു വന്നിരിക്കുന്നത്.

മുന്‍ നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്‌സ് ഫോഗ് റാസ്മുസ്സന്റെ നേതൃത്വത്തിലുള്ള ജര്‍മ്മന്‍ പോളിംഗ് കമ്പനിയായ ഡാലിയ റിസര്‍ച്ചും അലയന്‍സ് ഓഫ് ഡെമോക്രസി ഫൗണ്ടേഷനും 53 രാജ്യങ്ങളിലായി 120000 ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് യു.എസ് നേതൃത്വത്തോടുള്ള കടുത്ത അസംതൃപ്തി പ്രകടമായത്.

കൊറോണ വൈറസ് നിയന്ത്രിക്കുന്നതില്‍ തങ്ങളുടെ ഗവണ്‍മെന്റിന്റെ പ്രകടനത്തില്‍ ഗ്രീസ് (89%), തായ്വാന്‍ (87%), അയര്‍ലന്‍ഡ് (87%), ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക് ( 86%) എന്നീ രാജ്യങ്ങളിലെ വോട്ടര്‍മാര്‍ സന്തുഷ്ടരാണെന്ന് സര്‍വേ പറയുന്നു. ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി, യു.എസ്, യു.കെ എന്നിവയാണ് ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.

60 ശതമാനം ആളുകളും കൊവിഡിനെ നേരിടുന്നതില്‍ ചൈന മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചെന്ന് അഭിപ്രായപ്പെടുമ്പോള്‍ വെറും മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് അമേരിക്ക കൊവിഡിനെ ചൈനയെക്കാള്‍ മികച്ച രീതിയില്‍ പ്രതികരിച്ചെന്ന് അഭിപ്രായപ്പെടുന്നത്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7,982,822 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത് 3,248 പേരാണ്.

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 19,223 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 326 പേര്‍ മരിച്ചു. 2,162,054 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം, ചൈനയിലെ ബീജിങില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പത്ത് മേഖലകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ