|

മൂന്നോ നാലോ ഭാര്യമാർ ഉള്ളവർക്കേ ഏക സിവിൽ കോഡ് പ്രശ്നമാകൂ ഗോവയിൽ ഒരു പ്രശ്നവുമില്ല: പ്രമോദ് സാവന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഒന്നിലധികം ഭാര്യമാരുള്ളവർക്ക് മാത്രമേ യൂണിഫോം സിവിൽ കോഡിൽ പ്രശ്‌നമുള്ളൂവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുംബൈയിൽ സംഘടിപ്പിച്ച വേൾഡ് ഹിന്ദു ഇക്കണോമിക് ഫോറത്തിൻ്റെ ഒമ്പതാമത് ആഗോള വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സാവന്ത്.

യു.സി.സി നടപ്പിലാക്കിയ ആദ്യത്തെ സംസ്ഥാനമാണ് ഗോവയെന്നും ഒരു സമൂഹവും ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും നേരിട്ടിട്ടില്ലെന്നും സാവന്ത് വാദിച്ചു. കേന്ദ്രമന്ത്രിസഭ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതിക്ക് അംഗീകാരം നൽകിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഗോവ മുഖ്യമന്ത്രി ആവശ്യവുമായി രംഗത്ത് വന്നത്.

യു.സി.സി നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് ഗോവയെന്നും 1961 മുതൽ ഹിന്ദുക്കളും കത്തോലിക്കരും മുസ്‌ലിങ്ങളും ഉൾപ്പെടെയുള്ള എല്ലാ സമുദായങ്ങളും ഒന്നിച്ച് ജീവിക്കുന്നുണ്ടെന്നും അവർക്ക് ഒരു പ്രശ്‌നവും നേരിട്ടിട്ടില്ലെന്നും സാവന്ത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരക്കെ പ്രചാരത്തിലുള്ള ‘ഏക് ഹേ തോ സേഫ് ഹേ’ എന്ന മുദ്രാവാക്യം ആവർത്തിച്ച സാവന്ത്, ഒരു വ്യക്തിക്ക് ഒരു ഇണ മാത്രമേ ഉണ്ടാകാവൂ എന്നും കൂട്ടിച്ചേർത്തു. മൂന്നും നാലും ഭാര്യമാരുള്ളവർക്കാണ് യു.സി.സിയിൽ പ്രശ്‌നം നേരിടുന്നതെന്നും സാവന്ത് കൂട്ടിച്ചേർത്തു.

‘യു.സി.സി രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിൽ ആർക്കാണ് പ്രശ്‌നമുള്ളതെന്ന് നമുക്കെല്ലാവർക്കും അറിയാം. വിവാഹാനന്തരം, യു.സി.സി കാരണം ഭർത്താവിനും ഭാര്യയ്ക്കും സ്വത്തിൽ തുല്യ വിഹിതം ലഭിക്കും. എനിക്ക് ഒരു ഭാര്യ മാത്രമാണുള്ളതെങ്കിൽ, മൂന്നോ നാലോ ഭാര്യമാരുമായി അത് പങ്കിടേണ്ടതില്ലാത്തതിനാൽ, സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട് എനിക്ക് ഒരു പ്രശ്നവും നേരിടേണ്ടിവരില്ല, ‘ സാവന്ത് പറഞ്ഞു.

Content Highlight: Only Those With 3-4 Wives Have An Issue With Uniform Civil Code,’ Says Goa CM Pramod Sawant