ന്യൂദല്‍ഹി: ദല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ആക്രമണങ്ങള്‍ രൂക്ഷമാകവെ വിവാദ പരാമര്‍ശവുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി പ്രവര്‍ത്തകനുമായ ജയ്‌റാം താക്കൂര്‍. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ തുടര്‍ന്നാല്‍ മതി എന്നാണ് ജയ്‌റാമിന്റെ ഭീഷണി.
‘ആരാണോ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കുന്നത്, അവര്‍ മാത്രം ഇന്ത്യയില്‍ തുടര്‍ന്നാല്‍ മതി. ഈ മുദ്രാവാക്യം വിളിക്കാത്തത് ആരാണോ, ആരാണോ രാജ്യത്തിന് എതിരായി നില്‍ക്കുന്നത് അവരെക്കുറിച്ച് തീര്‍ച്ചയായും ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്’, ജയ്‌റാം താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ നിലവിലെ അവസ്ഥകളില്‍ കൂടുതല്‍ പരിതപിക്കുന്നവരെ വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹി ആക്രമണത്തില്‍ മരണസംഖ്യ 20 ആയി. ദല്‍ഹി സംഘര്‍ഷത്തില്‍ 56 പൊലീസുകാര്‍ ഉള്‍പ്പെടെ ഇരുനൂറിലേറെപേര്‍ക്ക് പരിക്കുണ്ട്.