'ക്രൂരത കാണിക്കുന്നവരാണ് ലോകത്ത് ഒറ്റപ്പെടുക': മോദിയുടെ കോഴിക്കോട് പ്രസംഗത്തിന് മറുപടിയുമായി പാകിസ്താന്‍
Daily News
'ക്രൂരത കാണിക്കുന്നവരാണ് ലോകത്ത് ഒറ്റപ്പെടുക': മോദിയുടെ കോഴിക്കോട് പ്രസംഗത്തിന് മറുപടിയുമായി പാകിസ്താന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th September 2016, 9:52 am

 


ശ്രീനഗറില്‍ അസ്വസ്ഥതകളുണ്ടെങ്കില്‍ ദല്‍ഹിയ്ക്ക് സമാധാനമായി ഇരിക്കാനാവില്ല. കശ്മീരി ജനതയുടെ ആശങ്കകള്‍ പരിശോധിച്ച് അവരെ ശാന്തരാക്കുകയെന്നത് ഭാരത സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്.”


 

ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോഴിക്കോട് പ്രസംഗത്തിന് മറുപടിയുമായി പാകിസ്താന്‍. ക്രൂരത കാണിക്കുന്നവരാണ് ലോകത്ത് ഒറ്റപ്പെടുകയെന്നും ഇന്ത്യയില്‍ കശ്മീരി ജനത കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാകുകയാണെന്നും പാകിസ്താന്‍ വാര്‍ത്താവിതരണ മന്ത്രി പര്‍വേസ് റാഷിദ് പറഞ്ഞതായി ജിയോ ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

“ശ്രീനഗറില്‍ അസ്വസ്ഥതകളുണ്ടെങ്കില്‍ ദല്‍ഹിയ്ക്ക് സമാധാനമായി ഇരിക്കാനാവില്ല. കശ്മീരി ജനതയുടെ ആശങ്കകള്‍ പരിശോധിച്ച് അവരെ ശാന്തരാക്കുകയെന്നത് ഭാരത സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്.” അദ്ദേഹം പറഞ്ഞു.

കശ്മീരി ജനതയെ ഒറ്റപ്പെടുത്തുന്നത് ഇന്ത്യ അവസാനിപ്പിക്കണം. ഒക്കുപൈഡ് കശ്മീരില്‍ തുടരുന്ന അതിക്രമങ്ങള്‍ക്ക് അറുതിവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ശ്രീനഗറില്‍ ഒരു തുള്ളി രക്തം ചൊരിഞ്ഞാല്‍ അത് രക്തപ്പുഴയായി മാറും” എന്നു പറഞ്ഞ അദ്ദേഹം കശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി.

ലോകത്തിലെ മറ്റു രാജ്യങ്ങളിലേതു പോലെ ഈ മേഖലയിലെ ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കും അവസാനമുണ്ടാകണം. ഇക്കാര്യത്തില്‍ യൂറോപ്പില്‍ നിന്നും ആസിയാനില്‍ നിന്നും ഇന്ത്യ പാഠമുള്‍ക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീനഗറിനെ തൃപ്തിപ്പെടുത്തിയാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ശാന്തി നിലനില്‍ക്കും. ഇന്ത്യയ്ക്കു മുമ്പില്‍ തുറന്ന വാതിലുകള്‍ അടയ്ക്കില്ല. പക്ഷെ ഇന്ത്യയുടെ മനോഭാവം അനുസരിച്ചിരിക്കും അതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തുനിന്ന് പാകിസ്താന്‍ ഒറ്റപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് പര്‍വേസ് റാഷിദിന്റെ പ്ര്‌സ്താവന വന്നിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തിന് ശേഷമുളള പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയായ ബി.ജെ.പി ദേശീയ കൗണ്‍സില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കോഴിക്കോട് സംസാരിക്കുമ്പോഴായിരുന്നു പാകിസ്താനെതിരെ മോദി ആഞ്ഞടിച്ചത്.

ആദ്യം പാകിസ്തന്റെ പേരെടുത്ത് പറയാതെ, ഉറി ആക്രമണത്തിന് കാരണക്കാരായ അയല്‍രാജ്യത്തിനെതിരെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. പിന്നീട് പാക് ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് പാകിസ്താനെതിരെ മോദി ആഞ്ഞടിക്കുകയായിരുന്നു.