ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ നിലവിലെ താല്‍പര്യങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഗുണം ചെയ്യുന്നതായി തോന്നുന്നില്ലെന്ന് പാര്‍ട്ടി വിട്ട മുന്‍ കേന്ദ്ര മന്ത്രി അശ്വനി കുമാര്‍.
ഈ പോക്ക് പോവുകയാണെങ്കില്‍ കോണ്‍ഗ്രസ് താഴേക്ക് പോവുക മാത്രമാണ് ചെയ്യുകയെന്നും
അശ്വനി കുമാര്‍ പറഞ്ഞു. എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികണം.
നിലവിലുള്ള പാര്‍ട്ടി നയങ്ങളോട് വിയോജിക്കുന്നതിനാലാണ് പാര്‍ട്ടി വിടുന്നതെന്ന് പറഞ്ഞ അശ്വനി കുമാര്‍ ബി.ജെ.പിയിലേക്ക് പോകുന്ന കാര്യം നിഷേധിച്ചു.
‘ഞാന്‍ അത് ആലോചിച്ചിട്ടേയില്ല. ബി.ജെ.പിയിലെ ആരുമായും കൂടിക്കാഴ്ച നടത്തിയിട്ടുമില്ല. ഇനി എന്ത് എന്ന കാര്യത്തല്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഒരു പാര്‍ട്ടിയിലും ചേരാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല.
എനിക്ക് അസ്വസ്ഥത തോന്നിയാല്‍ ഞാന്‍ എന്തിനാണ് അവിടെ നില്‍ക്കുന്നത്? കുറച്ച് ദിവസങ്ങളായി എനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. ഇത് ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്,’ അശ്വനി കുമാര്‍ പറഞ്ഞു.
അതേസമയം, ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് അശ്വനി കുമാര്‍ പാര്‍ട്ടി വിടല്‍. മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ അശ്വനി കുമാര്‍ കോണ്‍ഗ്രസില്‍ കഴിഞ്ഞ 46 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നയാളാണ്. ചൊവ്വാഴ്ചയായിരുന്നു രാജി. രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചിട്ടുണ്ട്.
‘ഈ വിഷയത്തില്‍ ഞാന്‍ ഒരുപാട് ചിന്തിച്ചു. എന്റെ മാന്യതയും സമകാലിക സാഹചര്യങ്ങളും കണക്കിലെടുത്ത്, കോണ്‍ഗ്രസിന് പുറത്ത് രാജ്യത്തിന് വേണ്ടി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമെന്നാണ് തോന്നുന്നത്,’ എന്നായിരുന്ന അശ്വനി കുമാര്‍ കത്തില്‍ പറഞ്ഞിരുന്നത്.
പഞ്ചാബില്‍ നിന്നുള്ള മുന്‍ രാജ്യസഭാ എം.പി കൂടിയാണ് അശ്വനി കുമാര്‍. പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കെ അശ്വനി കുമാറിന്റെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
CONTENT HIGHLIGHTS: “Only See Congress Going Downhill…”: Ashwani Kumar To After Quitting Party