| Thursday, 15th August 2019, 12:18 pm

പ്രിയങ്ക ഗാന്ധിക്ക് മാത്രമേ മുങ്ങുന്ന കപ്പലായ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ കഴിയൂ; സര്‍വ്വേ ഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് വന്‍തകര്‍ച്ചയെ നേരിടുകയാണെന്ന് സര്‍വ്വേ ഫലം. ഇതില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ പ്രിയങ്ക ഗാന്ധിക്കെ കഴിയൂ എന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു. ഇന്ത്യാ ടുഡേ ഗ്രൂപ്പും കാര്‍വി ഇന്‍സെറ്റും നടത്തിയ  സര്‍വ്വേയിലാണ് ഈ ഫലം.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനം കരുതുന്നത് കോണ്‍ഗ്രസ് വന്‍തകര്‍ച്ചയെ നേരിടുകയാണെന്നാണ്. 37 ശതമാനം മറിച്ച് ചിന്തിക്കുന്നു. 13 ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ അഭിപ്രായത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം സോണിയാ ഗാന്ധി വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെയെത്തിയിരിക്കുന്നു. ഇതിനെ കുറിച്ചും ആളുകള്‍ സര്‍വ്വേയില്‍ പ്രതികരിച്ചു.

15 ശതമാനം പേര്‍ കരുതുന്നത് പ്രിയങ്ക ഗാന്ധിക്ക് മാത്രമേ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ കഴിയൂ എന്നാണ്. 11 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമ്പോള്‍ 7 ശതമാനം പേരാണ് സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസിനെ ശരിയായ ദിശയില്‍ നയിക്കാന്‍ സാധിക്കും എന്ന് കരുതുന്നത്.

രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയുടെ മുഖമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പകരം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി വരണമെന്നും സര്‍വ്വേയില്‍ ആളുകള്‍ അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാ ന്ധിയെ പിന്തള്ളിയാണ് മമതാ ബാനര്‍ജി മുന്നിലെത്തിയത്. 19 ശതമാനം പേരാണ് മമതയെ പിന്തുണച്ചത്. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും 12 ശതമാനം വോട്ടും ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായികിനും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനും 11 ശതമാനം വോട്ടും ആന്ധപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് 9 ശതമാനം വോട്ടും മായാവതിക്ക് 8 ശതമാനവും ചന്ദ്രശേഖര്‍ റാവുവിന് 6 ശതമാനവും വോട്ടാണ് ലഭിച്ചത്.

We use cookies to give you the best possible experience. Learn more