പ്രവര്‍ത്തകര്‍ക്ക് നേട്ടമുണ്ടാവുക ബി.ജെ.പിയില്‍ മാത്രം; 'നരേന്ദ്രമോദിയെയും അമിതാഷായെയും ചൂണ്ടികാട്ടി ഹരിയാന മുഖ്യമന്ത്രി
ഹരിയാന: ബി.ജെ.പിയില്‍ മാത്രമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉന്നത സ്ഥാനങ്ങളില്‍ എത്താന്‍ കഴിയുകയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്ത്രമന്ത്രി അമിത്ഷായുടേയും നേട്ടങ്ങളെ ചൂണ്ടികാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
‘ബി.ജെ.പിയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നതികളില്‍ എത്തുക എന്നത്. ഇതിന് ഉത്തമ ഉദാഹരണമാണ് നരേന്ദ്രമോദിയും അമിത് ഷായും. ഇന്ന് മോദി പ്രാധാനമന്ത്രിയും അമിതാഷാ ആഭ്യന്തരമന്ത്രിയുമാണ്.’ മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. പൊതുജനറാലിയില്‍ സംസാരിക്കുകയായിരുന്നു ഖട്ടര്‍.
മോദി രണ്ടാമതും പ്രധാനമന്ത്രിയായി. 1984-85 കാലഘട്ടത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അമിത്ഷാ ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബി.വി.പിയില്‍ പ്രവര്‍ത്തിച്ചു. അമിത്ഷായുടെ സംഘടനാ പാടവം കൊണ്ട് പാര്‍ട്ടിയുടെ ദേശീയാധ്യക്ഷ പദവിയില്‍ വരെയെത്തി.ഇപ്പോള്‍ ആഭ്യന്തരമന്ത്രിയും.’ മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
നേരത്തെ നിരവധി വിവാദങ്ങളില്‍ കുടുങ്ങിയ മുഖ്യമന്ത്രിയാണ് ഖട്ടര്‍.
ഒരു പരിപാടിക്കിടെ മുഖ്യമന്ത്രിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളിമാറ്റിയത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
യുവാവ് അനുഗ്രഹം വാങ്ങിക്കുന്നതിനായി മുഖ്യമന്ത്രിയുടെ കാലില്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍ ചിരിക്കുന്ന മുഖത്തോടെ യുവാവിനെ മാറ്റാന്‍ ശ്രമിച്ച മന്ത്രി പിന്നീട് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ദേഷ്യത്തോടെ ഇയാളെ തട്ടിമാറ്റുകയായിരുന്നു. ഇതാണ് ഏറെ വിവാദം സൃഷ്ടിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇദ്ദേഹം മുതിര്‍ന്ന ദമ്പതികളോട് ദേഷ്യപ്പെടുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അത് വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചിരുന്നു