ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ തള്ളി എ.ഐ.എ.ഡി.എം.കെ വിമത വിഭാഗം നേതാവും ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്ത ടി.ടി.വി. ദിനകരന്‍. തമിഴ്നാട്ടില്‍ അമ്മയ്ക്കും എം.ജി.ആറിനും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്നായിരുന്നു ദിനകരന്റെ പ്രസ്താവന.
“ജനങ്ങള്‍ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയ്ക്ക് പകരക്കാരനാവാന്‍ ആര്‍ക്കും കഴിയില്ല. അമ്മയുടെ വിശ്വസ്തരായ വോട്ടര്‍മാരെ മറിക്കാനും സാധിക്കില്ല. ആരെ വേണമെങ്കിലും എം.ജി.ആറിനോടും അമ്മയോടും താരതമ്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍ അമ്മയും എം.ജി.ആറും ഒന്നു മാത്രമേയുള്ളൂ” ദിനകരന്‍ പറഞ്ഞു.
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയായിരുന്നു ദിനകരന്റെ പ്രസ്താവന. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചെന്നൈയില്‍ നടന്ന ആരാധക സംഗമത്തിലാണ് രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം വെളിപ്പെടുത്തിയത്.
രാഷ്ട്രീയ പ്രവേശനം എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തനിക്ക് അധികാരക്കൊതിയില്ലെന്നും സ്വന്തം പാര്‍ട്ടി രൂപീകരിച്ച് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി. ജനങ്ങളോടുള്ള കടപ്പാട് മൂലമാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്നും നാണം കെട്ട സംഭവങ്ങളാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും രാഷ്ട്രീയ പ്രഖ്യാപന വേളയില്‍ അദ്ദേഹം പറഞ്ഞു.