ലോക ക്രിക്കറ്റിലെ തന്നെ തകർപ്പെടാൻ സാധിക്കാത്ത റെക്കോഡ് എന്ന് കണക്കാക്കപ്പെടുന്നതാണ് സച്ചിന്റെ നൂറ് രാജ്യാന്തര സെഞ്ച്വറികൾ എന്ന നേട്ടം. ഏകദിനത്തിൽ 49ഉം ടെസ്റ്റിൽ 51ഉം സെഞ്ച്വറികളാണ് സച്ചിൻ സ്വന്തമാക്കിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരെയുള്ള ഏകദിനത്തിലായിരുന്നു സച്ചിൻ തന്റെ നൂറാം സെഞ്ച്വറി സ്വന്തമാക്കിയത്.
എന്നാൽ സച്ചിന്റെ നൂറ് സെഞ്ച്വറികൾ എന്ന റെക്കോഡ് തകർക്കാൻ വിരാടിന് ചിലപ്പോൾ പറ്റിയേക്കുമെന്നും എന്നാൽ അത് ഒട്ടും എളുപ്പമല്ലെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ പരിശീലകനായ രവി ശാസ്ത്രി.
ഫിസിക്കലി ഫിറ്റായ താരത്തിന് അടുത്ത അഞ്ച് ആറ് വർഷം കൂടി മികച്ച രീതിയിൽ ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എത്ര പ്ലെയേഴ്സ് നൂറ് സെഞ്ച്വറി നേടിയിട്ടുണ്ട്. ഒരേയൊരാളല്ലേയുള്ളൂ. അത് കൊണ്ട് തന്നെ ആ റെക്കോഡ് മറികടക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്.
വിരാടിനെ സംബന്ധിച്ചാണെങ്കിൽ അദ്ദേഹത്തിന് ഇനിയുമൊരുപാട് കാലം ക്രിക്കറ്റ് കളിക്കാനുള്ളതാണ്. അദ്ദേഹം വളരെ ഫിറ്റായ പ്ലെയറുമാണ്. അതിനാൽ ചിലപ്പോൾ സച്ചിനെ അദ്ദേഹത്തിന് മറികടക്കാൻ സാധിച്ചേക്കും. എനിക്ക് തോന്നുന്നത് ഇനിയുമൊരു അഞ്ചോ ആറോ വർഷം വിരാടിന് മികവോടെ ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്നാണ്,’ രവി ശാസ്ത്രി പറഞ്ഞു.
നിലവിൽ ഇതുവരെ 108 ടെസ്റ്റ് മത്സരങ്ങളും 274 ഏകദിനങ്ങളും 115 ടി-20 മത്സരങ്ങളും കളിച്ചിട്ടുള്ള വിരാട് മൊത്തം 75 രാജ്യാന്തര സെഞ്ച്വറികളാണ് ഇതുവരേക്കും സ്വന്തമാക്കിയിട്ടുള്ളത്.
അതിൽ 28 ടെസ്റ്റ് സെഞ്ച്വറികളും 46 ഏകദിന സെഞ്ച്വറികളുമാണ് ഉൾപ്പെടുന്നത്. 2019 നവംബറിലേതിന് ശേഷം ഇക്കഴിഞ്ഞ ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലാണ് വിരാട് ഒരു സെഞ്ച്വറി സ്വന്തമാക്കുന്നത്.
അതേസമയം രാജ്യാന്തര മത്സരങ്ങൾക്ക് ഒരു ഇടവേള നൽകിക്കൊണ്ട് ഐ.പി.എൽ ക്രിക്കറ്റ് മഹാമഹം മാർച്ച് 31 മുതൽ ആരംഭിക്കുകയാണ്. മെയ് 21 വരെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടത്തപ്പെടുന്നത്.
Content Highlights:Only one guy has done it Ravi Shastri said about maybe virat kohli overtake sachin’s centuries records