| Wednesday, 25th January 2023, 7:21 pm

അർജന്റീന ലോകകപ്പ് നേടിയതിൽ മെസി മാത്രമേ ഓർമിക്കപ്പെടൂ; ബാക്കി താരങ്ങൾക്ക് അതിന് അർഹതയില്ല; സ്ലാട്ടൻ ഇബ്രാഹോമോവിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിലെ ആവേശകരമായ നിമിഷമായിരുന്നു അർജന്റീനയുടെ ലോകകപ്പ് വിജയം.
മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്ത് ലോകകിരീടം സ്വന്തമാക്കിയതോടെ മെസി തന്റെ കരിയറിൽ എല്ലാ മേജർ കിരീടങ്ങളും സ്വന്തമാക്കുകയായിരുന്നു.

എന്നാൽ അർജന്റീനയുടെ ലോകകപ്പ് വിജയത്തെ സംബന്ധിച്ച് പരാമർശവുമായി രംഗത്ത് വന്നിരിക്കുകയാണ് സ്വീഡിഷ് താരവും നിലവിൽ എ.സിമിലാൻ ക്ലബ്ബിന്റെ വെറ്ററൻ താരവുമായ സ്ലാട്ടൻ ഇബ്രാഹോമോവിച്ച്.

മെസിയുടെ ലോകകപ്പ് വിജയം ഫുട്ബോൾ ചരിത്രത്തിൽ എല്ലാക്കാലത്തും ഓർമിക്കപ്പെടുമെന്നും എന്നാൽ ബാക്കി അർജന്റൈൻ താരങ്ങൾക്ക് അതിന് അർഹതയില്ലെന്നുമാണ് സ്ലാട്ടൻ ഇബ്രാഹോമോവിച്ച് അഭിപ്രായപ്പെട്ടത്.

ലോകകപ്പ് വിജയത്തിന് ശേഷമുള്ള അർജന്റൈൻ താരങ്ങളുടെ പെരുമാറ്റമാണ് ഇതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റേഡിയോ സ്റ്റേഷൻ ഫ്രാൻസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
“ഞാൻ മെസിയെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. എന്റെ ആശങ്ക മറ്റ് താരങ്ങളെക്കുറിച്ചാണ് കാരണം അവർ യാതൊന്നും വിജയിച്ചിട്ടില്ല,’ ഇബ്രാഹോമോവിച്ച് പറഞ്ഞു.

“മെസി എല്ലാം വിജയിച്ചു അത് കൊണ്ട് തന്നെ എല്ലാക്കാലത്തും അദ്ദേഹം ഓർമിക്കപ്പെടും. പക്ഷെ അദ്ദേഹത്തിന്റെ മറ്റ് ടീമംഗങ്ങൾ അതിന് അർഹരല്ല. കാരണം അവരുടെ സമീപനം ഒട്ടും പ്രൊഫഷണലല്ല. അത് കൊണ്ട് തന്നെ നമുക്ക് അവരെ ബഹുമാനിക്കാൻ സാധിക്കില്ല. അവർക്ക് ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാനും കഴിയില്ല,’ ഇബ്രാഹോമോവിച്ച് പറഞ്ഞു.

ലോകകപ്പ് വിജയത്തിന് ശേഷമുള്ള അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടീനെസിന്റെയും മറ്റ് താരങ്ങളുടെയും പെരുമാറ്റത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ഇബ്രഹാമോവിച്ചിന്റെ പരാമർശം.

ലോകകപ്പിന് ശേഷം അർജന്റീന ഡ്രസിങ് റൂമിലും വിക്ടറി പരേഡിലുമടക്കം ഫ്രഞ്ച് താരം എംബാപ്പെയെ അർജന്റൈൻ താരങ്ങൾ അപമാനിച്ചിരുന്നു.

അതേസമയം മെസിയും എംബാപ്പെയും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിൽ സഹതാരങ്ങളായി മത്സരിക്കുകയാണ്. ലോകകപ്പിന് ശേഷം ഒരു ഇടവേളക്ക് ശേഷം ഇരു താരങ്ങളും മത്സരിക്കാനായി ഒരുമിച്ചിറങ്ങിയിരുന്നു.

എന്നാൽ മെസിക്കും എംബാപ്പെക്കും ലോകകപ്പിലെയും അതിന് മുമ്പുമുള്ള ഫോം പി.എസ്.ജിയിൽ പുറത്തെടുക്കാൻ കഴിയില്ലെന്ന് ആരാധകർ വിമർശനമുന്നയിക്കുന്നുണ്ട്.

Content Highlights:Only Messi will be remembered for Argentina winning the World Cup; rest of the players are not entitled to it; Zlatan Ibrahimovic

We use cookies to give you the best possible experience. Learn more