| Monday, 24th April 2023, 9:20 am

'റാശിദ് റോവര്‍' ചന്ദ്രനിലിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; ചരിത്ര ദൗത്യത്തിനായി അറബ് മേഖല

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: അറബ് മേഖലകളുടെ ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യമായ റാശിദ് റോവര്‍ ചൊവ്വാഴ്ച ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ചൊവ്വാഴ്ച യു.എ.ഇ സമയം 8.40നാണ് പേടകം ചന്ദ്രനിലിറങ്ങുന്നതെന്ന് റാശിദ് വഹിക്കുന്ന ജാപ്പനീസ് പേടകമായ ഹകുതോ ആര്‍ മിഷന്‍ ലാന്‍ഡറിന്റെ നിര്‍മാതാക്കളായ ഐ സ്‌പേസ് പറഞ്ഞു.

മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്റര്‍( എം.ബി.ആര്‍.എസ്.സി) നേരത്തെ ട്വിറ്ററിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നു.

‘ഹകുതേ ആര്‍ ലാന്‍ഡറിന്റെ ലാന്‍ഡിങ് തിയതിയും സമയവും ഏപ്രില്‍ 25ന് രാത്രി 8.40ന് തീരുമാനിച്ചിരിക്കുന്നു. മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അനുസരിച്ച് തിയതി മാറ്റത്തിന് വിധേയമാണ്. ഇതര ലാന്‍ഡിങ് തിയതികള്‍ ഏപ്രില്‍ 26, മെയ് 1, മെയ് 3 എന്നിവയാണ്,’ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ മാസം അവസാനത്തില്‍ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

2022 ഡിസംബര്‍ 11നാണ് യു.എ.ഇ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് റാശിദ് വിക്ഷേപിച്ചത്. മാര്‍ച്ച് 21ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലും പ്രവേശിച്ചു.

നിലവില്‍ റാശിദ് റോവര്‍ ചന്ദ്രനെ ചുറ്റുന്നത് പെരിലൂണിലാണ്.

ചന്ദ്രന്റെ പ്ലാസ്മയെക്കുറിച്ചും, ചന്ദ്രന്റെ ചലനം, വ്യത്യസ്ത ഉപരിതലങ്ങള്‍ ചന്ദ്രകണങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവയെക്കുറിച്ചും പഠിക്കുകയാണ് റാശിദിന്റെ പ്രാഥമിക ലക്ഷ്യം.

റാശിദ് ചന്ദ്രോപരിതലത്തിലെത്തിയാല്‍ ചന്ദ്രന്റെ മണ്ണിന്റെയോ പൊടിയുടെയോ ചിത്രങ്ങള്‍ തിരികെ അയക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശ്രമം വിജയകരമായാല്‍ ചന്ദ്രനിലേക്കുള്ള വാണിജ്യ കാര്‍ഗോ ദൗത്യത്തില്‍ വിജയിക്കുന്ന ആദ്യത്തെ കമ്പനിയായി ഐസ്‌പേസ് മാറും.

അതേസമയം റാശിദിന്റെ ചരിത്രദൗത്യം വീട്ടിലിരുന്നും മൊബൈലിലും കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സ്‌പേസ് സെന്റര്‍ അറിയിച്ചു.

മുന്‍ ദുബായ് ഭരണാധികാരിയായ ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ പേരാണ് പേടകത്തിന് നല്‍കിയിരിക്കുന്നത്.

CONTENT HIGHLIGHT: Only hours left for ‘Rashid Rover’ to land on the moon; Arab region for historical mission

We use cookies to give you the best possible experience. Learn more