| Sunday, 9th April 2023, 9:49 am

ടോസിടുന്നതിന് മുമ്പാണ് എന്നെ ടീമിൽ ഉൾപ്പെടുത്തിയത്; വെളിപ്പെടുത്തി മുംബൈയെ തകർത്ത ചെന്നൈ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ പ്രീമിയർ ലീഗിലെ എൽ ക്ലാസിക്കോ എന്ന തരത്തിൽ അറിയപ്പെടുന്ന മത്സരമാണ് ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിലുള്ളത്.

ധോണിയുടെ നേതൃത്വത്തിലിറങ്ങുന്ന ചെന്നൈയും രോഹിത്തിന്റെ മുംബൈയും തമ്മിലുള്ള മത്സരം ഐ.പി.എല്ലിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

മത്സരത്തിൽ മുംബൈയെ പരാജയപ്പെടുത്തി വമ്പൻ വിജയം സ്വന്തമാക്കാൻ ചെന്നൈക്ക് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റിന് 157 റൺസ് സ്വന്തമാക്കിയിരുന്നു. ടിം ഡേവിഡും ഇഷാൻ കിഷനുമാണ് മുംബൈയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ രഹാനെയുടെയും റിതുരാജിന്റെയും ബാറ്റിങ്‌ മികവിൽ മുംബൈയെ മറികടക്കുകയായിരുന്നു.

27 പന്തിൽ നിന്നും ഏഴ് ബൗണ്ടറികളും മൂന്ന് സിക്സറുകളും നേരിട്ട് 61 റൺസെടുത്ത രഹാനെയാണ് ചെന്നൈയെ വിജയത്തിലേക്ക് മുന്നിൽ നിന്നും നയിച്ചത്.

എന്നാൽ മത്സരത്തിൽ ടോസിടുന്നതിന് തൊട്ട് മുമ്പാണ് തനിക്ക് ടീമിൽ ഇടം ലഭിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രഹാനെ. മത്സരത്തിന് ശേഷം സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെയായിരുന്നു രഹാനെ,  മത്സരത്തിന് തൊട്ട് മുമ്പ് മാത്രമാണ് തനിക്ക് സ്‌ക്വാഡിൽ ഇടം ലഭിച്ചതെന്ന് തുറന്ന് പറഞ്ഞത്.

“മത്സരം ഞാൻ നന്നായി ആസ്വദിച്ചു. ടോസ് ഇടുന്നതിന് തൊട്ട് മുമ്പാണ് പ്ലെയിങ്‌ ഇലവനിൽ എനിക്ക് സ്ഥാനമുണ്ടെന്ന് ഞാൻ അറിയുന്നത്. മോയീൻ അലി മത്സരിക്കാനുള്ള അവസ്ഥയിലായിരുന്നില്ല. അത് കൊണ്ടാവാം എന്നെ ടീമിൽ ഉൾപ്പെടുത്തിയത്.

ഞാൻ നെറ്റ്സിൽ നന്നായി ബാറ്റ് ചെയ്തിരുന്നു. കൂടാതെ ആഭ്യന്തര ക്രിക്കറ്റിലും എനിക്ക് നല്ലൊരു സീസൺ തന്നെയാണ് ലഭിച്ചത്,’ രഹാനെ പറഞ്ഞു.

മത്സരത്തിൽ 19 ബോളിൽ അർധ സെഞ്ച്വറി നേടിയ താരം സുരേഷ് റെയ്നക്ക് ശേഷം ഏറ്റവും വേഗത്തിൽ ഹാഫ് സെഞ്ച്വറി തികച്ച താരം എന്ന റെക്കോർഡും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

അതേസമയം ഏപ്രിൽ ഒമ്പതിന് സൺ‌ റൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും തമ്മിലാണ് ഐ.പി.എല്ലിൽ മത്സരിക്കുന്നത്.

രാജസ്ഥാൻ റോയൽസാണ് നിലവിൽ ഐ.പി.എൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ.

Content Highlights:Only got to know I’m playing before the toss rahane said about ipl match against mumbai

We use cookies to give you the best possible experience. Learn more