ആളും ആരവവുമായി 2024 ഒളിമ്പിക്സിന് പാരീസില്‍ കൊടിയിറങ്ങിയിരിക്കുകയാണ്. ഇനി 2028 ഒളിമ്പിക്സിനായുള്ള കാത്തിരിപ്പിലാണ് കായിക ലോകം. അമേരിക്കയിലെ ലോസ് ആഞ്ചലസാണ് 2028 ഒളിമ്പിക്സിന് വേദിയാകുന്നത്.
നീരജ് ചോപ്ര സ്വര്‍ണമണിയുന്നത് കാണാനായിരുന്നു കായികപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്നത്. ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച നീരജ് ആ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് തന്നെയായിരുന്നു ആരാധകര്‍ കരുതിയത്. ഒപ്പം പാക് താരം അര്‍ഷാദ് നദീമിന്റെ പ്രകടനത്തിനും ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്നു.
നീര്ജ് ചോപ്രയുടെ ഏറ്റവും വലിയ റൈവലും അടുത്ത സുഹൃത്തുമായ അര്‍ഷാദ് തന്നെയാണ് ഇന്ത്യന്‍ താരത്തിന് ഏറ്റവും വലിയ മത്സരം നല്‍കിയതും. 92.97 മീറ്റര്‍ ദൂരേക്ക് ജാവലിന്‍ പായിച്ച് ഒളിമ്പിക് റെക്കോഡോടെ നദീം സ്വര്‍ണമണിഞ്ഞപ്പോള്‍ നീരജ് രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
സ്വര്‍ണമെഡലിന് പുറമെ വന്‍ സമ്മാനത്തുകയും അര്‍ഷാദ് നദീമിന് പാരീസില്‍ നിന്നും ലഭിച്ചു. ഏകദേശം 48 ലക്ഷം രൂപയാണ് നദീമിനെ തേടിയെത്തിയിരിക്കുന്നത്.
എന്നാല്‍ നദീമിന് മാത്രമാണ് സമ്മാനത്തുക ലഭിക്കുക. രണ്ടാം സ്ഥാനം നേടിയ നീരജിനോ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനോ ഒരു രൂപ പോലും സമ്മാനത്തുകയായി ലഭിക്കില്ല.
സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് മാത്രം സമ്മാനത്തുക നല്‍കിയാല്‍ മാത്രം മതിയെന്ന അന്താരാഷ്ട്ര ഒളിമ്പിക്‌സ് ഫെഡറേഷന്റെ തീരുമാനമാണ് നീരജിനും പീറ്റേഴ്‌സിനും സമ്മാനത്തുക ലഭിക്കാതിരിക്കാന്‍ കാരണമായത്.
ജാവലിന്‍ ത്രോയില്‍ മാത്രമല്ല, മറ്റ് ഇവന്റുകളിലെയും സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് മാത്രമാണ് സമ്മാനത്തുക ലഭിക്കുക.
2020 ടോക്കിയോ ഒളിമ്പിക്‌സില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സമ്മാനത്തുക ലഭിച്ചിരുന്നു. അടുത്ത തവണ ലോസ് ആഞ്ചലസിലും ഈ പതിവ് തിരിച്ചുവന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒളിമ്പിക്‌സ് ഫെഡറേഷന്റെ സമ്മാനമില്ലെങ്കിലും വലിയ സമ്മാനത്തുകകള്‍ താരത്തെ കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചപ്പോള്‍ വലിയ പാരിതോഷികങ്ങളാണ് താരത്തിന് ലഭിച്ചത്.
പഞ്ചാബ് സര്‍ക്കാര്‍ അഞ്ച് കോടിയും ഹരിയാന സര്‍ക്കാര്‍ ആറ് കോടിയും ഇന്ത്യന്‍ റെയില്‍വേസ് മൂന്ന് കോടിയുമാണ് നീരജിന് പാരിതോഷികമായി നല്‍കിയത്.
നീരജിനു മാത്രമല്ല പാരീസില്‍ ഷൂട്ടിങില്‍ ഇന്ത്യക്കായി രണ്ട് വെങ്കല മെഡലുകള്‍ നേടിയ മനു ഭാക്കര്‍, വെങ്കലം സ്വന്തമാക്കിയ പുരുഷ ഹോക്കി ടീം, ഷൂട്ടിങിലെ വെങ്കല മെഡല്‍ വിജയികളായ സ്വപ്നില്‍ കുശാലെ, സരബ്ജോത് സിങ് എന്നിവരെയും പാരിതോഷികങ്ങള്‍ കാത്തിരിക്കുന്നുണ്ട്.
ഹോക്കി ടീമിലെ ഓരോ താരത്തിനും 15 ലക്ഷം രൂപ വീതവും സപ്പോര്‍ട്ട് സ്റ്റാഫിലെ ഓരോരുത്തര്‍ക്കും 7.5 ലക്ഷം രൂപ ഹോക്കി ഇന്ത്യയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Content Highlight: Only gold medal winners in Paris Olympics will get the prize money