ലോകജനത ഒരുമിച്ചു നിന്നാൽ മാത്രമേ ഗസക്ക് നേരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ സാധിക്കു; നെൽസൺ മണ്ടേലയുടെ കൊച്ചുമകൾ
World News
ലോകജനത ഒരുമിച്ചു നിന്നാൽ മാത്രമേ ഗസക്ക് നേരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ സാധിക്കു; നെൽസൺ മണ്ടേലയുടെ കൊച്ചുമകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th January 2024, 9:18 am

പ്രിട്ടോറിയ: ലോകജനത ഒരുമിച്ചു നിന്നാൽ മാത്രമേ ഗസയിൽ വെടി നിർത്തൽ കൊണ്ടുവരാനും ഫലസ്തീനികൾക്ക് സ്വാതന്ത്ര്യം നേടികൊടുക്കാനും സാധിക്കുകയുള്ളുവെന്ന് എൻഡിലേക മണ്ടേല പറഞ്ഞു.

വാർത്ത മാധ്യമമായ ആർ.ടിക്ക് നൽകിയ അഭിമുഖത്തിലാണ് ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ കൊച്ചുമകളും മണ്ടേല ഫൗണ്ടേഷന്റെ സ്ഥാപകയുമായ എൻഡിലേക മണ്ടേല ഇക്കാര്യം പറഞ്ഞത്.

‘ഒരു സംഘടനയ്ക്കും യുദ്ധങ്ങൾ അവസാനിക്കാൻ കഴിയില്ല, അത് ഐക്യരാഷ്ട്ര സംഘടനയെ കൊണ്ടും സാധിക്കില്ല. ലോകജനത ഒരുമിച്ചു നിൽക്കുമ്പോൾ മാത്രമാണ് അത് സാധ്യമാവുക’ എൻഡിലേക പറഞ്ഞു.

ഇസ്രഈൽ നടത്തുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്രാ നീതിന്യായ കോടതിയിൽ നൽകിയ കേസിൽ നടക്കുന്ന വിചാരണയെക്കുറിച്ചുള്ള അഭിമുഖത്തിലാണ് എൻഡിലേക മണ്ടേല സംസാരിച്ചത്.

ജനീവ കൺവെൻഷൻ പറയുന്നത് പ്രകാരം ‘ഏതെങ്കിലും ഒരു രാജ്യം സിവിലിയൻസിനോ ആശുപത്രികൾക്കോ അല്ലെങ്കിൽ മാനുഷിക സഹായങ്ങൾക്ക് എതിരായോ ആക്രമണം നടത്തുകയാണെങ്കിൽ അതൊരിക്കലും സ്വയം പ്രതിരോധമല്ല അത് യുദ്ധമാണ്, അതൊരു വംശഹത്യയാണ്.’ എൻഡിലേക മണ്ടേല പറഞ്ഞു.

ദക്ഷിണാഫ്രിക്ക ഫലസ്തീനുവേണ്ടി സംസാരിക്കുന്നതിനെ കുറിച്ച് പറഞ്ഞ എൻഡിലേക മണ്ടേല, പണ്ട് വർണ്ണവിവേചനം ദക്ഷിണാഫ്രിക്കയിൽ നിറഞ്ഞുനിന്ന കാലത്ത് അന്നത്തെ ന്യൂനപക്ഷമായിരുന്ന വെളുത്ത വർഗ്ഗക്കാർ മറ്റു വംശജരെ അടിമകളായാണ് കണ്ടിരുന്നത്. എന്നാൽ തങ്ങളുടെ വിമോചനത്തിനു വേണ്ടി ഒരുപാട് ആളുകൾ ജീവിതം മാറ്റിവയ്ക്കുകയും ജയിലിൽ പോവുകയും ചെയ്തിട്ടുണ്ട്. അതിനാലാണ് തങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടിയത്. അവരുടെ സ്വാതന്ത്ര്യം അവർ തങ്ങൾക്ക് വേണ്ടി തന്നില്ലായിരുന്നുവെങ്കിൽ തങ്ങൾ ഇന്ന് സ്വതന്ത്രരാവില്ലായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് ഈ വിഷയത്തിൽ ഇടപെടാനുള്ള അധികാരം ഉണ്ട്. കാരണം തങ്ങൾ ജനാധിപത്യം നേടിയെടുത്തത് ആ രീതിയിലാണ്. രക്തച്ചൊരിച്ചിൽ ഇല്ലാതെ സ്വാതന്ത്ര്യം നേടിയെടുത്തതിനുള്ള ഏറ്റവും നല്ലൊരു ഉദാഹരണമാണ് ദക്ഷിണാഫ്രിക്കയെന്നും എൻഡിലേക മണ്ടേല പറഞ്ഞു.

ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വിചാരണ നടക്കുകയാണ്. ഇസ്രഈലിന്റെയും ദക്ഷിണാഫ്രിക്കയുടെയും വാദങ്ങൾ പൂർത്തിയായി. ഇതുസംബന്ധിച്ച നിയമനടപടികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പറഞ്ഞു.

Content Highlights: Only global community can end Gaza conflict – Ndileka Mandela