ഫണ്ടുകള്‍ മാത്രം പോര; കേരളത്തിലെ ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍
Tribal Issues
ഫണ്ടുകള്‍ മാത്രം പോര; കേരളത്തിലെ ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍
അനുശ്രീ
Monday, 11th March 2019, 9:04 pm

കോഴിക്കോട്: ലഹരി ഉപയോഗം, വിദ്യാഭ്യാസത്തോടുള്ള താല്‍പ്പര്യകുറവ്, ശൈശവവിവാഹം, ലൈംഗികാതിക്രമങ്ങള്‍, പോഷകകുറവ് മൂലമുണ്ടാവുന്ന രോഗങ്ങളും പകര്‍ച്ചവ്യാധികളും; കോഴിക്കോട് കോടഞ്ചേരിയിലെ പാത്തിപാറ ആദിവാസി കോളനിയുടെ അവസ്ഥയാണിത്. പദ്ധതികള്‍ പലതും സര്‍ക്കാര്‍ കൊണ്ട് വന്നിട്ടും സമൂഹത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്ക് ഒരു പരിധിവരെ കഴിഞ്ഞിട്ടില്ല.

പണിയ വിഭാഗത്തിലുള്ള ആദിവാസി സമൂഹമാണ് പാത്തിപാറയിലുള്ളത്. പത്തേക്കറോളം സ്ഥലത്ത് 53 കുടുംബങ്ങളിലായ് 136 പേര്‍ താമസിക്കുന്നുണ്ട്. സ്ഥിരമായി ഒരു വരുമാനം ഇല്ലാത്ത ഇവര്‍ തൂമ്പപണി,മരം വെട്ടല്‍ തുടങ്ങിയ കൂലിപണി ചെയ്ത് പോരുന്നു. എന്നാല്‍ കിട്ടുന്ന വരുമാനത്തില്‍ വലിയൊരു തുക ലഹരി ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ചെലവാക്കുകയാണ്.

ദിവസ വരുമാനമായി 700 രൂപ വരെ ലഭിക്കുന്നുണ്ടെങ്കിലും ദിവസേന 300 രൂപയിലധികം മദ്യം, പുകയില തുടങ്ങിയ ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനായി ചെലവഴിക്കും.
പുതിയ തലമുറക്ക് താരതമ്യേന ലഹരി ഉപയോഗം കുറവാണെങ്കിലും 20 കഴിഞ്ഞ നിരവധി യുവതി യുവാക്കള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ടു കഴിഞ്ഞുമെന്ന് ട്രൈബല്‍ പ്രമോട്ടര്‍ അയ്യപ്പന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

“പോക്ഷക കുറവ് മൂലം സിക്കിള്‍സെല്‍ അനീമിയ ബാധിച്ച ഒന്‍പതോളം പേര്‍ കോളനിയില്‍ ഉണ്ട്. അവര്‍ക്ക് സര്‍ക്കാരിന്റെ ധനസഹായമായ 2500 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്നുണ്ട്. കിടപ്പിലായ രോഗികള്‍ക്ക് ധനസഹായം, വാര്‍ധക്യപെന്‍ഷന്‍ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ അത് കൃത്യമായ രീതിയില്‍ ഉപയോഗിക്കുന്നില്ല . കഴിഞ്ഞ ദിവസം സിക്കിള്‍സെല്‍ അനീമിയയുടെ പൈസ ലഭിച്ചപ്പോള്‍ തിരുവമ്പാടി വരെ വാഹനത്തില്‍ പോയി ആ തുകക്ക് മുഴുവന്‍ ലഹരി വസ്തുക്കള്‍ വാങ്ങി വരുന്ന അവസ്ഥയുണ്ടായത്. ബോധവല്‍കരണ ക്ലാസുകള്‍ നല്‍കുന്നുണ്ട്.”

പഠിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഭൂരിഭാഗം കുട്ടികള്‍ക്കും പഠനത്തില്‍ താല്‍പര്യമില്ല. പത്താം തരം വരെ പഠിച്ച ഒരു കുട്ടി മാത്രമാണ് കോളനിയില്‍ ഉള്ളത്. കഷ്ടിച്ച് ഏഴാം തരം വരെയെത്തിയവര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചവര്‍. അവധികാലത്ത് പോലും നാട്ടില്‍ എത്തിയാല്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്നത് ലൈംഗീകാതിക്രങ്ങള്‍ വരെയാണ്. കോളനിയില്‍ എത്തിയാല്‍ തിരികെ ഹോസ്റ്റലിലേക്ക് പോകാതെ പഠനം നിര്‍ത്തിയവരും ഏറെ.

“ഒന്നാം തരം മുതല്‍ പത്താം തരംവരെ 20 കുട്ടികള്‍ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം വീടുകളില്‍ താമസിച്ച് സ്‌ക്കൂളിലേക്ക് പോകുന്ന 14 കുട്ടികളാണ് കോളനിയില്‍ ഉള്ളത്. ഇവര്‍ക്കാണെങ്കില്‍ സ്‌ക്കൂളില്‍ പോകാന്‍ ഒട്ടും താല്‍പ്പര്യവുമില്ല. കോളനിയില്‍ നിന്നും മൂന്ന് കിലോമിറ്റര്‍ ചുറ്റളവില്‍ നെല്ലിപൊയില്‍ എന്ന സ്ഥലത്താണ് സ്‌ക്കൂള്‍. കുട്ടികളെ സ്‌ക്കൂളില്‍ എത്തിക്കുന്നതിന് മെന്റര്‍ എന്ന പദവിയില്‍ നൂറ് രൂപ ദിവസ വേദനത്തില്‍ ഒരാളെ നിയമിച്ചിരുന്നു. എന്നാല്‍ അവരുടെ സേവനം ഇപ്പോള്‍ ലഭ്യമല്ല. സ്‌ക്കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്നു അവരെ നിയമിച്ചിരുന്നത്. ഹെഡ്മാസ്റ്റര്‍ വിരമിച്ചതോട് കൂടി അവര്‍ക്ക് വേതനം മുടങ്ങി. അതോടെ അവരുടെ സേവനവും നിര്‍ത്തി. ഒരു വര്‍ത്തേളമായി ഇവരുടെ സേവനം നിര്‍ത്തിട്ട് എന്നാല്‍ ഇതുവരെയും പുതിയ ഒരാളെ നിയമിച്ചിട്ടില്ല. ” അയ്യപ്പന്‍ പറയുന്നു.

“അഞ്ചാം തരം മുതലാണ് കുട്ടികളെ സാധാരണയായി ഹോസ്റ്റലുകളിലേക്ക് വിടുന്നത്. എന്നാല്‍ സ്‌ക്കൂളിലേക്ക് പോകാന്‍ കുട്ടികള്‍ വൈമനസ്യം കാണിക്കുന്നതിനാല്‍ മൂന്നാം തരം മുതല്‍ കുട്ടികളെ ഹോസ്റ്റലുകളിലേക്ക് അയക്കുന്ന ഏര്‍പ്പാട് ആണ് ഇപ്പോള്‍. അവധികാലത്ത് കുട്ടികള്‍ നാട്ടിലേക്ക് വരാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ കുട്ടികളെ നാട്ടില്‍ കൊണ്ടു വരാതെ ഹോസ്റ്റലില്‍ നിര്‍ത്തുകയാണ് പതിവ്. മുന്‍പ് പ്രായപൂര്‍ത്തിയാവാത്ത ഒരുകുട്ടി ലൈംഗികാതിക്രമത്തിന് ഇരയാവുകയും ഗര്‍ഭിണിയാവുകയും ചെയ്തിരുന്നു. അതിന്റെ കേസ് ഇപ്പോഴും നടക്കുകയാണ്.”

പത്താം തരം വരെ പഠിച്ച ഒരുകുട്ടി മാത്രമാണ് കോളനിയില്‍ ഉള്ളത്. തുടര്‍ന്നു പഠിക്കാന്‍ കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ താല്‍പ്പര്യമില്ല. എന്നാല്‍ ഇന്ന് പല തരത്തിലുള്ള ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഫലമായി ശൈശവ വിവാഹം വളരെ കുറഞ്ഞെന്ന് അയ്യപ്പന്‍ പറയുന്നു.

പോക്ഷക കുറവ് മൂലവും കോളനിയില്‍ വിവിധ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നുണ്ട്. ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന പതിവ് ഇവര്‍ക്കിടയില്‍ വളരെ കുറവാണെന്നും
ഒരു ദിവസം രാത്രി ഭക്ഷണം ഉണ്ടാക്കിയാല്‍ പിറ്റേന്ന് രാത്രിവരെയും അത് കഴിക്കുന്നതാണ് പതിവെന്നും അയ്യപ്പന്‍ പറഞ്ഞു. കോളനിയില്‍ ഉള്ള അങ്കണവാടിയില്‍ നിന്നാണ് പല കുട്ടികളും ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ അങ്കണവാടി അവധിയാണെങ്കില്‍ പട്ടിണിയും.

അവസ്ഥ ഒട്ടും മോശമല്ല തൊട്ടടുത്ത അംബേദ്്കര്‍ കോളനിയിലും . പതിനെട്ട് വയസ് മുതലുള്ള ഭൂരിഭാഗം കുട്ടികളും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഒട്ടും സുരക്ഷിതമല്ലാത്ത തരത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന മദ്യമാണ് പലരും ഉപയോഗിക്കുന്നുണ്ട്. പഠിക്കാന്‍ ഉള്ള സൗകര്യവും ഹോസ്റ്റല്‍ സൗകര്യം വരെയും സ്‌ക്കൂളില്‍ ഉണ്ടായിട്ടും കുട്ടികള്‍ സ്‌ക്കൂളില്‍ പോകാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല. ഡി. വൈ.ഐ ചെമ്പുകടവ് മേഖലാ സെക്രട്ടറി ശരത് പറഞ്ഞു.

സര്‍ക്കാര്‍ ഫണ്ടുകള്‍ പലതും ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ തുക വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുകയും നിലവിലെ സാഹചര്യങ്ങള്‍ക്ക് മാറ്റം വരികയും ചെയ്താല്‍ മാത്രമെ കേരളത്തിലെ ആദിവാസി പ്രശ്‌നങ്ങള്‍ക്ക് ഏറെകുറേ പരിഹാരമാവുകയുള്ളൂ.

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ