| Friday, 10th February 2023, 1:30 pm

വിരാട് ഒന്ന് നന്നായി കളിക്കണമെങ്കിൽ ഇനി പാകിസ്ഥാൻ വിചാരിക്കണം; താരത്തെ വിമർശിച്ച് സോഷ്യൽ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ-ഗവാസ്കർ ട്രോഫി രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ ആദ്യ ദിവസം തന്നെ ഇന്ത്യ 177 റൺസിന് ചുരുട്ടികെട്ടിയിരുന്നു.

അഞ്ച് വിക്കറ്റ് എടുത്ത രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് എടുത്ത രവിചന്ദ്ര അശ്വിനും ചേർന്നാണ് ഓസീസിനെ തകർത്തെറിഞ്ഞത്.
തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സെഞ്ച്വറി നേടി പുറത്താകാതെ നിൽക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിങ് മികവിൽ നിലവിൽ അഞ്ച് വിക്കറ്റിന് 188 റൺസ് എന്ന നിലയിലാണ്. രോഹിത് ഒഴികെ മറ്റ് ബാറ്റർമാർക്ക് ഒന്നും തിളങ്ങാൻ കഴിയാത്ത കളിയിൽ അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ മികച്ച ബാറ്റിങ് പ്രകടനങ്ങൾ വന്നാലെ ഇന്ത്യക്ക് നല്ലൊരു സ്കോർ പടുത്തുയർത്താൻ സാധിക്കുകയുള്ളൂ.

എന്നാലിപ്പോൾ മത്സരത്തിൽ മോശം പ്രകടനം കാഴ്ച വെച്ച വിരാടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ്‌ ആരാധകർ. 26 പന്തിൽ നിന്നും 12 റൺസ് മാത്രം നേടിയ വിരാടിനെ ടോഡ് മർഫിയുടെ പന്തിൽ അലക്സ്‌ കാരി ക്യാച്ചെടുത്ത്‌ പുറത്താക്കുകയായിരുന്നു.

ഇതോടെ പാകിസ്ഥാനെതിരെ കളിച്ചാൽ മാത്രമേ വിരാട് ഇനി രക്ഷപെടൂ എന്നതടക്കമുള്ള വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പാകിസ്താനുമായി അടുത്തൊന്നും മത്സരം നടക്കാൻ സാധ്യതയില്ലാത്തതിനാൽ വിരാട് ടെസ്റ്റിൽ അടുത്ത കാലത്തൊന്നും മികച്ച പ്രകടനം കാഴ്ച വെക്കാൻ ഇടയില്ല എന്നാണ് ഈ പരിഹാസത്തിന്റെ അർത്ഥം.

കൂടാതെ വിരാട് ഒരു ഫ്ലോപ്പാണെന്നും താരം ഇപ്പോൾ ഓവർ റേറ്റഡാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ ധാരാളം ആരാധകർ വിമർശനം ഉന്നയിക്കുന്നുണ്ട്.
മൂന്ന് ദിവസം കൂടി മത്സരം ശേഷിക്കെ കളി ഏത് ഭാഗത്തേക്കും മാറി മറിയാം. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് നിര നേടുന്ന ലീഡിനനുസരിച്ചാകും കളിയുടെ ഭാവി തീരുമാനിക്കപ്പെടുക.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്, സൂര്യകുമാര്‍ യാദവ്.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്ടൻ ആഗര്‍, സ്‌കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ് സ്മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്സണ്‍, ഡേവിഡ് വാര്‍ണര്‍.

Content Highlights:  Only fix Virat Kohli to playing a Test against Pakistan criticize social media

We use cookies to give you the best possible experience. Learn more