ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ-ഗവാസ്കർ ട്രോഫി രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ ആദ്യ ദിവസം തന്നെ ഇന്ത്യ 177 റൺസിന് ചുരുട്ടികെട്ടിയിരുന്നു.
അഞ്ച് വിക്കറ്റ് എടുത്ത രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് എടുത്ത രവിചന്ദ്ര അശ്വിനും ചേർന്നാണ് ഓസീസിനെ തകർത്തെറിഞ്ഞത്.
തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സെഞ്ച്വറി നേടി പുറത്താകാതെ നിൽക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിങ് മികവിൽ നിലവിൽ അഞ്ച് വിക്കറ്റിന് 188 റൺസ് എന്ന നിലയിലാണ്. രോഹിത് ഒഴികെ മറ്റ് ബാറ്റർമാർക്ക് ഒന്നും തിളങ്ങാൻ കഴിയാത്ത കളിയിൽ അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ മികച്ച ബാറ്റിങ് പ്രകടനങ്ങൾ വന്നാലെ ഇന്ത്യക്ക് നല്ലൊരു സ്കോർ പടുത്തുയർത്താൻ സാധിക്കുകയുള്ളൂ.
എന്നാലിപ്പോൾ മത്സരത്തിൽ മോശം പ്രകടനം കാഴ്ച വെച്ച വിരാടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. 26 പന്തിൽ നിന്നും 12 റൺസ് മാത്രം നേടിയ വിരാടിനെ ടോഡ് മർഫിയുടെ പന്തിൽ അലക്സ് കാരി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ഇതോടെ പാകിസ്ഥാനെതിരെ കളിച്ചാൽ മാത്രമേ വിരാട് ഇനി രക്ഷപെടൂ എന്നതടക്കമുള്ള വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പാകിസ്താനുമായി അടുത്തൊന്നും മത്സരം നടക്കാൻ സാധ്യതയില്ലാത്തതിനാൽ വിരാട് ടെസ്റ്റിൽ അടുത്ത കാലത്തൊന്നും മികച്ച പ്രകടനം കാഴ്ച വെക്കാൻ ഇടയില്ല എന്നാണ് ഈ പരിഹാസത്തിന്റെ അർത്ഥം.
കൂടാതെ വിരാട് ഒരു ഫ്ലോപ്പാണെന്നും താരം ഇപ്പോൾ ഓവർ റേറ്റഡാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ ധാരാളം ആരാധകർ വിമർശനം ഉന്നയിക്കുന്നുണ്ട്.
മൂന്ന് ദിവസം കൂടി മത്സരം ശേഷിക്കെ കളി ഏത് ഭാഗത്തേക്കും മാറി മറിയാം. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് നിര നേടുന്ന ലീഡിനനുസരിച്ചാകും കളിയുടെ ഭാവി തീരുമാനിക്കപ്പെടുക.