| Sunday, 26th February 2023, 12:08 pm

'സ്പോർട്സിൽ' രാഷ്ട്രീയം കലർത്തരുത്; ക്രിക്കറ്റിന് ഇന്ത്യ-പാക്ക് ജനതക്കിടയിൽ യോജിപ്പുണ്ടാക്കാൻ സാധിക്കും: വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇടംകൈ പേസ് ബോളറാണ് മുൻ പാകിസ്ഥാൻ താരം വസീം അക്രം. ഒരു കാലത്ത് പേരുകേട്ട ഇന്ത്യൻ ബാറ്റിങ്‌ നിരയെ വിറപ്പിച്ച താരമായിരുന്നു അദ്ദേഹം.
ഇപ്പോൾ ഇന്ത്യ-പാക്ക് ജനതക്കിടയിൽ യോജിപ്പുണ്ടാക്കാൻ ക്രിക്കറ്റിനെ സാധിക്കുകയുള്ളുവെന്നും ക്രിക്കറ്റ് പോലുള്ള കായിക ഇനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.

ഹിന്ദു പബ്ലിഷിങ്‌ ഗ്രൂപ്പ്‌ ചെന്നൈയിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ദി ഹിന്ദു ലിറ്റ് ഫോർ ലൈഫ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ’ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ആക്രം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.

വസീം ആക്രത്തിന്റെ ഓർമക്കുറിപ്പായ ‘സുൽത്താൻ’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്ന സെഷനിലായിരുന്നു പുസ്തകത്തിന്റെ സഹ രചയിതാവായ ഗൈഡൻ ഹൈഗിനൊപ്പം അക്രം പങ്കെടുത്തത്.

“ഇന്ത്യയെയും പാകിസ്ഥാനെയും ഒന്നിച്ചെടുത്താൽ ഇരു രാജ്യങ്ങളിലുമായി ഏകദേശം 150 കോടിയിലധികം ജനങ്ങളുണ്ട്. അവരെല്ലാം ഇന്ത്യ-പാക്ക് മത്സരങ്ങളിൽ ഇടപെടുന്നുണ്ട്. അത് കൊണ്ട് തന്നെ അത്തരം മത്സരങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സമ്മർദം പ്ലെയേഴ്സിന്റെ മേൽ ചെലുത്തും. അത് തന്നെയാണ് ഇന്ത്യ-പാക്ക് കായിക മത്സരങ്ങളുടെ സൗന്ദര്യവും.

അതിനാൽ ഇത്തരം മത്സരങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിൽ യോജിപ്പുണ്ടാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ രാഷ്ട്രീയത്തെ കായിക മേഖലയിൽ നിന്നും ഒഴിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. ജനങ്ങൾ തമ്മിൽ ഇടപെടെണ്ടത് വളരെ അത്യാന്താപേക്ഷിതമാണ്,’ വസീം അക്രം പറഞ്ഞു.

“ഞാൻ കടന്ന് വന്ന വഴികളെക്കുറിച്ച് ഓർമിക്കുന്നത് കുറച്ച് കഠിനമാണ്. മയക്ക് മരുന്നിന് അടിമപ്പെട്ട് പോയതുൾപ്പെടെയുള്ള പല കാര്യങ്ങളിൽ നിന്നും ശക്തമായി തിരിച്ചുവരാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഈ പുസ്തകം ഏതെങ്കിലും ഒരാളെ പ്രചോദിപ്പിച്ചാൽ തന്നെ എന്റെ ജോലി പൂർത്തിയായി,’ വസീം അക്രം കൂട്ടിച്ചേർത്തു.

അതേസമയം ഏഷ്യാ കപ്പിനെക്കുറിച്ചും ലോകകപ്പിനെ ക്കുറിച്ചും ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ തർക്കം രൂക്ഷമാണ്.


സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ പാകിസ്ഥാനിൽ വെച്ച് നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പങ്കെടുക്കില്ലെന്നും, ദുബായ് പോലുള്ള ഏതെങ്കിലും നിക്ഷ്പക്ഷ വേദിയിൽ വെച്ച് ഇന്ത്യയുടെ മത്സരം നടത്തണമെന്നും ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യയിൽ വെച്ച് നടക്കുന്ന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പാക്ക് ക്രിക്കറ്റ് അസോസിയേഷനും തിരിച്ചടിച്ചു.

ഇന്ത്യയെ പോലെ തന്നെ പാകിസ്ഥാനും ക്രിക്കറ്റിൽ നിലയും വിലയും ഉണ്ടെന്നും. തങ്ങൾ ലോകകപ്പ് നേടിയവരാണെന്നും വിഷയത്തെ സംബന്ധിച്ച് കമ്രാൻ അക്മൽ പ്രതികരിച്ചിരുന്നു.

Content Highlights: only cricket ties between india and pakisthan and politics should be kept out of sports said wasim akram

We use cookies to give you the best possible experience. Learn more