| Monday, 29th May 2023, 7:04 pm

ഫൈനല്‍ മഴ കൊണ്ടുപോയപ്പോള്‍ കരഞ്ഞവരേ, മഴയില്‍ നനയാത്ത സ്റ്റേഡിയം കാണണോ? ലോകത്തില്‍ ഇത്തരത്തിലിത് ഒന്ന് മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഐ.പി.എല്‍ 2023ന്റെ ഫൈനല്‍ മത്സരം റിസര്‍വ് ഡേയിലേക്ക് മാറ്റേണ്ടി വന്നിരുന്നു. മഴയെത്തിയതോടെയാണ് നിശ്ചയിച്ച സമയത്തില്‍ ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ മത്സരം മാറ്റേണ്ട അവസ്ഥയുണ്ടായത്.

അഞ്ചാം കിരീടം ലക്ഷ്യമിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ആരാധകര്‍ക്ക് നിരാശരാകേണ്ടി വന്നിരുന്നു.

ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ക്ലോസ്ഡ് റൂഫ് സ്റ്റേഡിയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. പുറത്ത് പെരുമഴ പെയ്യുകയാണെങ്കിലും അകത്ത് സുഖമായി മത്സരം നടത്താന്‍ സാധിക്കുമെന്നതാണ് ക്ലോസ്ഡ് റൂഫ് സ്റ്റേഡിയത്തിന്റെ പ്രത്യേകതയെന്നും ഇത്തരത്തിലുള്ള സ്റ്റേഡിയം പണിയാന്‍ ബി.സി.സി.ഐ മുന്‍കൈയെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

ഈ ചര്‍ച്ചകള്‍ സജീവമായതോടെ ഏറ്റവുമധികം തിരഞ്ഞ പേര് മെല്‍ബണിലെ ഡോക്‌ലാന്‍ഡ്‌സ് സ്‌റ്റേഡിയ (മാര്‍വെല്‍ സ്റ്റേഡിയം)ത്തിന്റെതായിരുന്നു. ലോകത്തിലെ ഏക ക്ലോസ്ഡ് റൂഫ് ക്രിക്കറ്റ് സ്റ്റേഡിയമാണ് ലോക്‌ലാന്‍ഡ്‌സ് സ്‌റ്റേഡിയം.

ഇവിടെ നടക്കുന്ന മത്സരങ്ങള്‍ക്ക് പ്രത്യേകം മേല്‍ക്കൂര നിയമവുമുണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ ആതിഥേയത്വം വഹിച്ച ടി-20 ലോകകപ്പിലെ ചില പ്രധാന ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഡോക്‌ലാന്‍ഡ്‌സിലേക്ക് മാറ്റാന്‍ ചിലര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഐ.സി.സി അത് പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു, മേല്‍ക്കൂര തന്നെയായിരുന്നു ഇതിനുള്ള കാരണവും.

ഐ.സി.സിക്ക് ഈ സ്റ്റേഡിയത്തോട് വിമുഖതയുണ്ടെങ്കിലും ബിഗ് ബാഷ് ലീഗിന് മാര്‍വെല്‍ സ്റ്റേഡിയത്തോട് പ്രത്യേക താത്പര്യമാണുള്ളത്. ബി.ബി.എല്ലിലെ പല മത്സരങ്ങള്‍ക്കും ഈ സ്റ്റേഡിയം വേദിയാകാറുണ്ട്.

ബി.ബി.എല്ലിലെ സൂപ്പര്‍ ടീമായ മെല്‍ബണ്‍ റെനെഗെഡ്‌സ് തങ്ങളുടെ ഹോം മത്സരങ്ങള്‍ ഇവിടെ വെച്ച് മാത്രമേ കളിക്കാറുള്ളൂ എന്നതും ഡോക്‌ലാന്‍ഡ്‌സ് സ്‌റ്റേഡിയത്തിന്റെ പ്രത്യേകതയാണ്.

മാര്‍വെല്‍ സ്റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ പന്ത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ തട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് ചോദ്യമുയരാറുണ്ട്. പിച്ചില്‍ നിന്നും 38 മീറ്റര്‍ അഥവാ 125 അടി ഉയരത്തിലാണ് മേല്‍ക്കൂരയുള്ളത്. ചില ബിഗ് ഹിറ്റേഴ്‌സ് മേല്‍ക്കൂരയില്‍ അടിച്ചുകൊള്ളിക്കുന്നതും പതിവാണ്.

അത്തരത്തില്‍ ബാറ്ററുടെ ഷോട്ട് സ്‌റ്റേഡിയത്തിന്റെ റൂഫില്‍ കൊള്ളുകയാണെങ്കില്‍ അതിനെ സിക്‌സറായി കണക്കാക്കുകയും ആറ് റണ്‍സ് അനുവദിക്കുകയുമാണ് പതിവ്.

Content Highlight: Only closed roof stadium in the world

We use cookies to give you the best possible experience. Learn more