അസമിലെ തീവ്രവാദം വര്‍ധിക്കാന്‍ കാരണം കോണ്‍ഗ്രസ്,രക്ഷിക്കാന്‍ ബി.ജെ.പിയ്‌ക്കേ കഴിയൂ; അവകാശവാദവുമായി അമിത് ഷാ
national news
അസമിലെ തീവ്രവാദം വര്‍ധിക്കാന്‍ കാരണം കോണ്‍ഗ്രസ്,രക്ഷിക്കാന്‍ ബി.ജെ.പിയ്‌ക്കേ കഴിയൂ; അവകാശവാദവുമായി അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd March 2021, 3:43 pm

ഗുവാഹത്തി: പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അസമില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഭരണത്തില്‍ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും ഷാ പറഞ്ഞു. അസമിലെ മാജുലിയില്‍ നടന്ന തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു ഷായുടെ പരാമര്‍ശം.

‘ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ തീവ്രവാദം ഇല്ലാതായി. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു. അസമിലെ നുഴഞ്ഞുകയറ്റമില്ലാതാക്കാന്‍ ബി.ജെ.പിയ്ക്ക് മാത്രമെ കഴിയുകയുള്ളു’, ഷാ പറഞ്ഞു.

അതേസമയം അസമില്‍ കോണ്‍ഗ്രസ് പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ഷായുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം നടന്ന പൊതു റാലിക്കിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

ബി.ജെ.പിയാണ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതെന്നും എല്ലായിടത്തും വെറുപ്പ് പ്രചരിപ്പിക്കാനാണ് അവരുടെ ശ്രമങ്ങളെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഉള്ളിടത്തോളം ബി.ജെ.പിയുടെ ഇത്തരം വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ എന്ത് വിലകൊടുത്തും തടയുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ പൗരത്വ നിയമം റദ്ദാക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു. മാര്‍ച്ച് രണ്ടിന് അസമില്‍ സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം.

അസം ജനത വഞ്ചിക്കപ്പെട്ടുവെന്നും അഞ്ച് വര്‍ഷം മുമ്പ് 25 ലക്ഷം തൊഴില്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയ ബി.ജെ.പി പകരം നല്‍കിയത് സി.എ.എ ആണെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Amit sha slams Congress