ദുബായ്: താലിബാന്‍ ഭീകരര്‍ രാജ്യം കൈയ്യടക്കിയതോടെ യു.എ.ഇയില്‍ അഭയം പ്രാപിച്ച അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ ആദ്യ വീഡിയോ പുറത്തുവന്നു. ഫേസ്ബുക്കിലൂടെ ഗനി തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.
രക്തചൊരിച്ചില്‍ ഇല്ലാതിരിക്കാനാണ് താന്‍ രാജ്യം വിട്ടതെന്നും തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഗനി പറഞ്ഞു. താന്‍ ലക്ഷക്കണക്കിന് രൂപ പെട്ടിയിലാക്കി കടത്തിയെന്ന താജിക്കിസ്ഥാനിലെ അഫ്ഗാന്‍ സ്ഥാനപതിയുടെ ആരോപണം തെറ്റാണ്.
ധരിച്ച ഒരു ജോഡി വസ്ത്രവും ഒരു ചെരിപ്പും മാത്രമാണ് താന്‍ എടുത്തതെന്നും ഗനി വീഡിയോയില്‍ പറയുന്നു. താന്‍ യു.എ.ഇയിലാണ് ഉള്ളത് അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് ഞാന്‍ നന്ദി പറയുന്നുവെന്നും ഗനി വീഡിയോയില്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയതോടെയാണ് ഗനി രാജ്യം വിടുന്നത്. ഗനി രാജ്യത്ത് എത്തിയെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ സ്ഥിരീകരിച്ചിരുന്നു.
മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഗനിയ്ക്കും കുടുംബത്തിനും അഭയം നല്‍കിയതെന്നാണ് യു.എ.ഇ വൃത്തങ്ങള്‍ അറിയിച്ചത്. നേരത്തെ അഷറഫ് ഗനി അഫ്ഗാനില്‍ നിന്ന് താജിക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായിട്ടായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ഗനി രാജ്യം വിട്ടതോടെ സംരക്ഷിത (കെയര്‍ടേക്കര്‍) പ്രസിഡന്റായി വൈസ് പ്രസിഡന്റ് അമറുള്ള സലെ സ്വയം പ്രഖ്യാപിച്ചിരുന്നു.
താലിബാന് കീഴടങ്ങാന്‍ ഉദ്ദേശമില്ലെന്നും പോരാടുമെന്നും സലെ പറഞ്ഞു. അഫ്ഗാന്‍ ഭരണഘടന പ്രകാരം നിലവിലെ പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ (രാജ്യം വിടുക, രാജിവെക്കുക, മരണം തുടങ്ങിയ സാഹചര്യങ്ങളില്‍) വൈസ് പ്രസിഡന്റിനാണ് പകരം ചുമതല.
താലിബാന്‍ കാബൂള്‍ കീഴടക്കുമെന്ന് ഉറപ്പായ ഞായറാഴ്ച തന്നെ തന്റെ നിലപാട് വ്യക്തമാക്കി സലെ ട്വീറ്റ് ചെയ്തിരുന്നു.
‘താലിബാനു മുന്നില്‍ തല കുനിക്കേണ്ട സാഹചര്യം എനിക്കൊരിക്കലുമില്ല. ഞാനെന്റെ ആത്മാവിനെ വഞ്ചിക്കില്ല. എന്റെ ഹീറോയായ, കമാന്‍ഡറും ഇതിഹാസവും വഴികാട്ടിയുമായ അഹമ്മദ് ഷാ മസൂദിന്റെ പൈതൃകത്തെ ഒറ്റില്ല. എന്നെ ശ്രവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ നിരാശരാക്കില്ല. താലിബാനു കീഴിലുള്ള ഒരാളായി എനിക്കൊരിക്കലും മാറാനാവില്ല, ഒരിക്കലും’ എന്നായിരുന്നു സലെയുടെ ട്വീറ്റ്.
താലിബാന്‍ വിരുദ്ധ പോരാളിയായ അഹമ്മദ് ഷാ മസൂദിന്റെ മകനും സലെയും ചേര്‍ന്നു പഞ്ച്ഷിര്‍ പ്രവിശ്യയില്‍ ഗറില്ല ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പൂര്‍ണമായും പിടിച്ചെടുത്തത്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിക്കഴിഞ്ഞു. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സാധാരണക്കാരായ അഫ്ഗാന്‍ പൗരന്മാര്‍. പറന്നുയരാന്‍ പോകുന്ന വിമാനങ്ങള്‍ക്ക് ചുറ്റും ആളുകള്‍ തടിച്ചുകൂടുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്നിരുന്നു.
അഫ്ഗാനില്‍ താലിബാന്‍ ഇസ്ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍. നേരത്തെ താലിബാന്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തുണ്ടായിരുന്ന കര്‍ക്കശ നിയന്ത്രണങ്ങള്‍ മടങ്ങിവരുമെന്ന പേടിയിലാണ് ജനങ്ങള്‍ പലായനത്തിനൊരുങ്ങുന്നത്.