national news
മണിപ്പൂര്‍ കലാപം: കൊള്ളയടിക്കപ്പെട്ട ആയുധങ്ങളുടെ 82 ശതമാനവും തിരിച്ചെത്തിയില്ലെന്ന് റിപ്പോര്‍ട്ട്
ഇംഫാല്‍: മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ഒരു മാസത്തിനിപ്പുറവും പൊലീസ് ആസ്ഥാനങ്ങളില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട ആയുധങ്ങളുടെ 82 ശതമാനവും തിരിച്ചെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മണിപ്പൂരിലെ സര്‍ക്കാര്‍ അധികൃതരെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നാല് ദിവസത്തെ സന്ദര്‍ശനത്തിന് പിന്നാലെ അക്രമികളോട് ആയുധം താഴെ വെച്ച് കീഴടങ്ങാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അല്ലാത്തവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും സൈനിക ഓപ്പറേഷന്‍ നേരിടേണ്ടി വരുമെന്നും ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരെ വെറും 18 ശതമാനം ആയുധങ്ങളാണ് തിരിച്ചെത്തിയത്.
വലിയൊരു ശതമാനം ആയുധങ്ങളും ഒരു ഗോത്രവിഭാഗത്തില്‍ പെടുന്ന സമുദായ ഗ്രൂപ്പുകള്‍ക്കാണ് നല്‍കിയത്. ഇവരെ പൊലീസ് ക്യാമ്പുകളുടെ സുരക്ഷയ്ക്കായാണ് നിര്‍ത്തിയിരുന്നത്. അതേസമയം, വന്‍തോതിലുള്ള ജനക്കൂട്ടം പൊലീസ് ക്യാമ്പുകള്‍ കൈയേറി ആയുധങ്ങള്‍ എടുത്ത് കൊണ്ടുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഞായറാഴ്ച വരെ 789 ആയുധങ്ങളും 10,648 തോക്കുകളുമാണ് പിടിച്ചെടുത്തത്. അമിത് ഷായുടെ അഭ്യര്‍ത്ഥനയ്ക്ക് ശേഷം 202 ആയുധങ്ങളും 252 തോക്കുകളും 92 സ്‌ഫോടകവസ്തുക്കളും തിരിച്ചെത്തി.
കലാപത്തിന് പിന്നാലെ അക്രമികളോട് ആയുധം താഴെവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ സമയം വേണമെന്ന് രാഷ്ട്രീയ നേതൃത്വം ആവശ്യപ്പെട്ടതായി മണിപ്പൂര്‍ സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവും യൂണിഫൈഡ് എന്ന ഇന്റര്‍ ഏജന്‍സിയുടെ ചീഫുമായ കുല്‍ദീപ് സെന്‍ പറഞ്ഞു. ചില കേന്ദ്രങ്ങളിലാണ് ആയുധം വെച്ച് കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരുമായി സമാധാന ചര്‍ച്ച നടത്തിയ കുകി വിഭാഗക്കാരുടെ നീക്കങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ ക്യാമ്പുകളില്‍ സൈന്യം തെരച്ചില്‍ നടത്തുന്നുണ്ട്. ജൂണ്‍ ആറിനകം ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കാത്ത പക്ഷം സൈനിക നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്.
യൂണിഫൈഡ് കമാന്‍ഡിന്റെ നേതൃത്വത്തില്‍ അക്രമബാധിതമായ കുന്നുകളിലും താഴ്‌വാരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കുക്കികള്‍ താമസിക്കുന്ന താഴ്‌വാരങ്ങളെയും മെയ്തികള്‍ താമസിക്കുന്ന കുന്നുകളെയും ബഫര്‍ സോണുകളായി തിരിച്ചതായും, ഇവിടെ ഇന്ത്യന്‍ ആര്‍മിയും അസം റൈഫിള്‍സും പട്രോളിങ് നടത്തുന്നുണ്ടെന്നും കുല്‍ദീപ് പറഞ്ഞു.
സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിനെയും (സി.എ.പി.എഫ്) ബഫര്‍ സോണുകളില്‍ നിയോഗിച്ചിട്ടുണ്ട്. ലോക്കല്‍ പൊലീസും പട്രോളിങ് നടത്തുന്നുണ്ട്. അതേസമയം, പ്രത്യേക ഭരണസംവിധാനം വേണമെന്ന ആവശ്യപ്പെട്ട് എട്ട് ബി.ജെ.പി എം.എല്‍.എമാരായ കുക്കി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇതിനെ എതിര്‍ത്ത 10 നാഗ എം.എല്‍.എമാരെ അമിത് ഷാ ദല്‍ഹിയിലേക്കും വിളിപ്പിച്ചിട്ടുണ്ട്. കുക്കി നേതാക്കളുടെ ആവശ്യം മെയ്തി വിഭാഗക്കാരായ എം.എല്‍.എമാര്‍ തള്ളിയിട്ടുണ്ട്.
അതേസമയം, ഇന്നലെയും മണിപ്പൂരില്‍ പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കോണ്‍ഗ്രസ് എം.എല്‍.എയുടെ വീടും അഗ്നിക്കിരയാക്കിയിട്ടുണ്ട്.
Content Highlights: only 82% of looted weapons surrendered in manipur