ന്യൂദല്‍ഹി: ഇന്ത്യയിലെ അഭിഭാഷകരില്‍ പകുതിയും വ്യാജന്‍മാരാണെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍.
രണ്ട് വര്‍ഷം മുന്‍പാണ് ഇന്ത്യയിലെ വിവിധ കോടതികളിലായി എത്തുന്ന വ്യാജ അഭിഭാഷകരുടെ എണ്ണമെടുക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ശ്രമം ആരംഭിച്ചത്.
രാജ്യത്തെ 50-60 ശതമാനം അഭിഭാഷകര്‍ മാത്രമാണ് യഥാര്‍ത്ഥ അഭിഭാഷകരെന്നും ബാക്കിയുള്ളവരൊക്കെ വ്യാജന്മാരാണെന്നും കൗണ്‍സില്‍ മേധാവി മനന്‍ കുമാര്‍ മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന് റിപ്പോര്‍ട്ട് നല്‍കി.
പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ 55 നും 60 ശതമാനത്തിനും ഇടയിലാണെന്നും ഇന്ത്യയിലെ നീതിന്യായ സംവിധാനത്തില്‍ ഉയര്‍ച്ചയുണ്ടാകണമെങ്കില്‍ ഇതില്‍ വര്‍ധനവുണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഭിഭാഷകരുടെ യോഗ്യത സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 2012ലെ ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് കണക്കു പ്രകാരം 14 ലക്ഷം അഭിഭാഷകരാണ് രാജ്യത്തുള്ളത്.
എന്നാല്‍ ബാര്‍ കൗണ്‍സിലിന്റെ പരിശോധന ആരംഭിച്ചതിനു ശേഷം 6.5 ലക്ഷം പേരെ മാത്രമേ യോഗ്യതയുള്ളവരായി കണ്ടെത്തിയിട്ടുള്ളൂ. വെരിഫിക്കേഷന്‍ പ്രോസസ് തുടങ്ങിയ ശേഷം ആകെ ലഭിച്ചത് ആറര ലക്ഷം അപ്ലിക്കേഷനുകള്‍ മാത്രമാണെന്നും മിശ്ര പറയുന്നു.
നിലവില്‍ അഭിഭാഷകരായി കോടതികളിലെത്തുന്ന വലിയൊരു വിഭാഗവും ശരിയായ യോഗ്യതയില്ലാത്തവരാണ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുള്ളവരും സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ ഇല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. ബാര്‍ കൗണ്‍സില്‍ ലൈസന്‍സ് ഇല്ലാത്തവരുമുണ്ടെന്നും മനന്‍കുമാര്‍ മിശ്ര പറഞ്ഞു.
പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇങ്ങനെയുള്ളവരെ കണ്ടെത്താനും നടപടി സ്വീകരിക്കാനുമാണ് ബാര്‍ കൗണ്‍സില്‍ ആലോചിക്കുന്നത്. അതോടെ അഭിഭാഷകരുടെ എണ്ണത്തില്‍ 45 ശതമാനത്തോളം കുറവു വരുമെന്നാണ് കണക്കാക്കുന്നതെന്നും മനന്‍കുമാര്‍ മിശ്ര വ്യക്തമാക്കി.
ഇന്ത്യയിലെ 1.3 മില്യണ്‍ വരുന്ന അഭിഭാഷകരില്‍ നിന്നും ബാര്‍ കൗണ്‍സില്‍ ഓഫ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തവരുടെ പേര് പട്ടികയില്‍ നിന്നും തഴയുന്നതായിരിക്കുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.