പ്രകടനപത്രികയിലെ ആദ്യവര്‍ഷത്തെ വാഗ്‌ദാനങ്ങള്‍ പൂര്‍ണമായി പാലിക്കാനാവാതെ കോണ്‍ഗ്രസ്; നിറവേറ്റിയത് മൂന്ന് ശതമാനം: സിവിക് ബോഡി
NATIONALNEWS
പ്രകടനപത്രികയിലെ ആദ്യവര്‍ഷത്തെ വാഗ്‌ദാനങ്ങള്‍ പൂര്‍ണമായി പാലിക്കാനാവാതെ കോണ്‍ഗ്രസ്; നിറവേറ്റിയത് മൂന്ന് ശതമാനം: സിവിക് ബോഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th August 2024, 11:31 am

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് പ്രകടന പത്രികയിൽ ആദ്യവർഷം നിറവേറ്റുമെന്ന് പറഞ്ഞ വാഗ്‌ദാനങ്ങളിൽ നിറവേറ്റിയത് മൂന്ന് ശതമാനം മാത്രമെന്ന് റിപ്പോർട്ട്.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുറത്തിറക്കിയ പ്രകടനപത്രികയിലെ ആദ്യവർഷം നിറവേറ്റുമെന്ന് പറഞ്ഞ വാഗ്‌ദാനങ്ങളിൽ വെറും മൂന്ന് ശതമാനം മാത്രമാണ് ഇതുവരെയും കോൺഗ്രസിന് നിറവേറ്റാൻ സാധിച്ചതെന്നാണ് എൻ.ജി.ഒ സിവിക് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്.

സിറ്റിസൺസ് റിപ്പോർട്ട് കാർഡ് എന്ന പേരിലാണ് സിവിക് റിപ്പോർട്ട് പുറത്തിറക്കിയത്.

തൊഴിൽ, വ്യവസായം, പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി ആറ് പ്രധാന മേഖലകളിലായി 59 തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെക്കുറിച്ചാണ് റിപ്പോർട്ട് വിശകലനം ചെയ്തത്. സിവിക് ടീം വിശകലനം ചെയ്ത 59 വാഗ്‌ദാനങ്ങളിൽ, രണ്ട് വാഗ്‌ദാനങ്ങൾ മാത്രമേ നിറവേറ്റപ്പെട്ടിട്ടുള്ളൂ. 10 വാഗ്‌ദാനങ്ങൾ 17 ശതമാനം വരെ നിറവേറ്റപ്പെട്ടിട്ടുണ്ട്. അതേസമയം 42 തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളുടെ പ്രവർത്തനം ഇതുവരെയും ആരംഭിച്ചിട്ടില്ല.

സർക്കാർ വകുപ്പുകളിലെ അംഗീകൃത ഒഴിവുകളെല്ലാം ആദ്യ വർഷം തന്നെ നികത്തുമെന്ന് കോൺഗ്രസ് പ്രകടനപത്രിക വാഗ്‌ദാനം ചെയ്തിരുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും അധ്യാപകരുടെ എല്ലാ ഒഴിവുകളും നികത്തുമെന്നും പത്രികയിൽ പറയുന്നുണ്ട്.

ഇവയൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് കാർഡിൽ കണ്ടെത്തി. അധികാരത്തിൽ വന്ന് ഒരു വർഷത്തിനകം മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്തിരുന്നു അതും നടന്നിട്ടില്ല.

അഞ്ച് ഗ്യാരണ്ടി സ്കീമുകൾ നടപ്പിലാക്കുമെന്ന് പത്രികയിൽ ഉണ്ടായിരുന്നു. ഇതിൽ മൂന്ന് സ്കീമുകൾ നടപ്പിലാക്കിയിട്ടുണ്ട്. ശക്തി സ്കീം, ഗൃഹജ്യോതി, യുവനിധി എന്നിവയാണ് നടപ്പിലാക്കിയ സ്കീമുകൾ. മറ്റ് രണ്ട് സ്കീമുകളായ ഗൃഹ ലക്ഷ്മിയും അന്ന ഭാഗ്യവും നടപ്പിലാക്കി വരുന്നേയുള്ളൂ എന്ന് റിപ്പോർട്ട് പറഞ്ഞു.

 

പൊതുജനാരോഗ്യത്തിന്റെ കീഴിൽ, സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെയും ഡോക്ടർമാരുടെയും ഒഴിവുകൾ നികത്തുന്നതിനും ദേശീയ പാതയോരങ്ങളിൽ ഓരോ 100 കിലോമീറ്ററിലും പൂർണ സജ്ജീകരണങ്ങളുള്ള ട്രോമ സെൻ്റർ സ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ വാഗ്‌ദാനം നൽകിയിട്ടുണ്ടായിരുന്നു.

എന്നാൽ ജയദേവയ്ക്ക് ഹാർട്ട് ഹോസ്പിറ്റൽ, കിദ്വായ്, കാൻസർ ഹോസ്പിറ്റൽ, നിംഹാൻസ് എന്നിവിടങ്ങളിലെ ജീവനക്കാരുടെ ഒഴിവുകൾ നികത്താനുള്ള ഒരു പ്രവർത്തനവും ആരംഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

കൂടാതെ, ബി.പി.എൽ വിദ്യാർത്ഥികളുടെ ഫീസ് കുറയ്ക്കുന്നതിനുള്ള ഒരു പ്രവർത്തനവും ആരംഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാർ, എയ്ഡഡ് സ്‌കൂൾ/കോളേജുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ഒഴിവുകൾ ഒരു വർഷത്തിനുള്ളിൽ നികത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

പരിസ്ഥിതി മേഖലയിലാകട്ടെ ബെല്ലാരി ജില്ലയിലെ സന്ദൂരിൽ നടക്കുന്ന ഖനന മാഫിയയെയും പ്രകൃതിവിഭവങ്ങളുടെ കൊള്ള തടയാനും ഖനന നിയമങ്ങളിൽ ഉചിതമായ മാറ്റം വരുത്താനും സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

 

Content Highlight: Only 3% of Congress manifesto promises fulfilled’: Report