കുമാരസ്വാമിക്കും ദേവഗൗഡക്കും കഴിഞ്ഞില്ല; സിദ്ധരാമയ്യക്ക് കഴിഞ്ഞു, യെദ്യൂരപ്പക്ക് സാധ്യമാകുമോ?
Karnataka crisis
കുമാരസ്വാമിക്കും ദേവഗൗഡക്കും കഴിഞ്ഞില്ല; സിദ്ധരാമയ്യക്ക് കഴിഞ്ഞു, യെദ്യൂരപ്പക്ക് സാധ്യമാകുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd July 2019, 11:59 pm

എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ കര്‍ണ്ണാടക ചരിത്രത്തില്‍ അഞ്ച് വര്‍ഷകാലാവധി പൂര്‍ത്തിയാക്കിയ സര്‍ക്കാരുകള്‍ വെറും മൂന്നില്‍ ഒതുങ്ങുകയാണ്.

എസ്. നിജലിംഗപ്പ (1962-68), ഡി.ദേവരാജ ഉര്‍സ് (1972-77), സിദ്ധരാമയ്യ (2013-2018) എന്നിവരാണ് കര്‍ണ്ണാടക നിയമസഭയില്‍ അഞ്ച് വര്‍ഷം തികച്ച മൂന്ന് മുഖ്യമന്ത്രിമാര്‍. ഇവര്‍ മൂന്ന് പേരും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ്.

2006 ഫെബ്രുവരി 4 മുതല്‍ 2007 ഒക്ടോബര്‍ വരെ കുമാരസ്വാമി കര്‍ണാടകയുടെ മുഖ്യമന്ത്രിയായിരുന്നെങ്കിലും 2007 സെപ്തംബറില്‍ ബി.ജെ.പിയും ജനതാദളുമായുള്ള അധികാര പങ്കിടല്‍ വ്യവസ്ഥയുടെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് കുമാരസ്വാമി അറിയിക്കുകയായിരുന്നു. അധികാരം ബി.ജെ.പിയ്ക്ക് കൈമാറാന്‍ കുമാരസ്വാമി വിസമ്മതിക്കുകയും അത് രാജിയില്‍ കലാശിക്കുകയുമായിരുന്നു.

പിന്നീട് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ 2018 മെയ് മാസത്തിലാണ് അധികാരത്തില്‍ ഏത്തുന്നത്. എന്നാല്‍ 14 മാസം മാത്രം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ വീണു.

ബി.ജെ.പിയുടെ കാര്യത്തില്‍ 2007 ലായിരുന്നു ബി.എസ് യദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത്. എന്നാല്‍ ജെ.ഡി.എസ് സഖ്യം പിന്‍വലിച്ചതോടെ യെദ്യൂരപ്പ സര്‍ക്കാരിനും ഭരണം നഷ്ടപ്പെട്ടു. അതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയായിരുന്നു.

പിന്നീട് 2008 മെയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. രണ്ടാമതും മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ 2011 ല്‍ അഴിമതിയാരോപണത്തെതുടര്‍ന്ന് ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടു.

മൂന്നാമത്തെ തവണയും അധികാരത്തില്‍ എത്തിയെങ്കിലും 2018 മെയ് 17 മുതല്‍ മെയ് 23 വരെ ആറുദിവസം മാത്രമാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം പദവിയില്‍ തുടര്‍ന്നത്. ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ അധികാരം നഷ്ടമാകുകയായിരുന്നു.

1956 ല്‍ കര്‍ണാടക രൂപീകരിച്ചതിനുശേഷം 25 മുഖ്യമന്ത്രിമാരാണ് സംസ്ഥാനത്തിന് ഉണ്ടായിരുന്നത്. അവരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസില്‍ നിന്നുള്ളവരായിരുന്നു.