| Sunday, 24th November 2024, 10:50 am

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; 288 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 21 വനിതാ എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 2024 മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടത് 21 സ്ത്രീകള്‍ മാത്രം. 288 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് 21 വനിതാ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

21ല്‍ 20 പേരും മഹായുതി സഖ്യത്തില്‍ നിന്നാണ് നിയമസഭയിലേക്കെത്തിയത്. ഒരാള്‍ പ്രതിപക്ഷമായ മഹാ വികാസ് ആഘാഡി സഖ്യത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

ബി.ജെ.പിയുടെ വനിതാ നേതാക്കളാണ് കൂടുതലായും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 14 വനിതാ എം.എല്‍.എമാരാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ഉള്ളത്. ഇതില്‍ 10 പേര്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് നിയമസഭയിലെത്തുന്നത്.

ശ്വേത മഹാലെ (ചിക്ലി മണ്ഡലം), മേഘന ബോര്‍ഡിക്കര്‍ (ജിന്തൂര്‍), ദേവയാനി ഫരാന്‍ഡെ (നാസിക് സെന്‍ട്രല്‍), സീമ ഹിറായ് (നാസിക് വെസ്റ്റ്), മണ്ട മഹാരെ (ബേലാപൂര്‍), മനീഷ ചൗധരി (ദഹിസര്‍), വിദ്യ താക്കൂര്‍ (ഗോറെഗാവ്), മാധുരി മിസല്‍ (പാര്‍വതി), മോണിക്ക രാജലെ (ഷെവ്ഗാവ്), നമിത മുണ്ടാട (കൈജ്) എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

ശ്രീജയ ചവാന്‍ (ഭോക്കര്‍), സുലഭ ഗെയ്ക്വാദ് (കല്യാണ്‍ ഈസ്റ്റ്), സ്‌നേഹ പണ്ഡിറ്റ് (വസായ്), അനുരാധ ചവാന്‍ (ഫുലാംബരി) എന്നിവരാണ് ആദ്യമായി ബി.ജെ.പി ടിക്കറ്റില്‍ നിയമസഭയിലേക്കെത്തിയ വനിതകള്‍.

ഭരണകക്ഷിയായ ശിവസേനയുടെ ടിക്കറ്റില്‍ മഞ്ജുള ഗാവിത്തും (സക്രി) സഞ്ജന ജാദവും (കണ്ണാട്) തെരഞ്ഞെടുക്കപ്പെട്ടു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ നിന്ന് സുല്‍ഭ ഖോഡ്കെ (അമരാവതി), സരോജ് അഹിരെ (ദിയോലാലി), സന മാലിക് (അനുശക്തിനഗര്‍), അദിതി തത്കരെ (ശ്രീവര്‍ധന്‍) എന്നിവരും വിജയം കണ്ടു.

കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ജ്യോതി ഗെയ്ക്വാദ് (ധാവാരി) പ്രതിപക്ഷത്തെ ഏക വനിതാ എം.എല്‍.എയായി നിയമസഭയിലുണ്ടാകും. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മഹാ വികാസ് ആഘാഡി സഖ്യത്തിന് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായത്.

സീറ്റ് വിഭജനം, പ്രചരണം തുടങ്ങിയവയിലുണ്ടായ പാളിച്ചകള്‍ പ്രതിപക്ഷ സഖ്യത്തെ തിരിച്ചടിക്കുകയായിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വേരുറപ്പുള്ള അവിഭക്ത ശിവസേനയെയും എന്‍.സി.പിയെയും ഇന്ത്യാ മുന്നണി കൂടുതല്‍ പരിഗണിക്കേണ്ടിയിരുന്നു എന്നാണ് വിലയിരുത്തല്‍.

സി.പി.ഐ.എം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ മത്സരിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ച് മാറിനില്‍ക്കുകയായിരുന്നെങ്കില്‍ ഒരുപക്ഷെ നിലവിലെ ദയനീയ തോല്‍വിയിലേക്ക് എത്തില്ലായിരുന്നുവെന്നും വിലയിരുത്തലുണ്ട്.

മഹാരാഷ്ട്രയില്‍ 145 സീറ്റില്‍ മത്സരിച്ച ബി.ജെ.പി 133 സീറ്റും നേടി. 81 സീറ്റില്‍ മത്സരിച്ച ഷിന്‍ഡെയുടെ ശിവസേന 57 സീറ്റിലും വിജയിച്ചു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി 59ല്‍ 41 സീറ്റിലുമാണ് മത്സരിച്ചത്.

ഉദ്ധവ് താക്കറെയുടെ ശിവസേന 92 സീറ്റില്‍ മത്സരിച്ചെങ്കിലും 20 സീറ്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. 102 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് നേടിയത് 15 സീറ്റും. അതേസമയം 86 സീറ്റില്‍ മത്സരിച്ച അവിഭക്ത എന്‍.സി.പി 10 സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു.

Content Highlight: only 21 women MLAs were elected to the 288 member assembly in maharashtra

We use cookies to give you the best possible experience. Learn more