| Tuesday, 1st October 2019, 11:42 am

കശ്മീരില്‍ തടങ്കലില്‍ കഴിയുന്നത് ആകെ 250 പേര്‍; അതും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍; ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഔറംഗാബാദ്: ജമ്മു കശ്മീരില്‍ 200 നും 250 ഇടയിലുള്ള ആളുകള്‍ മാത്രമാണ് പ്രതിരോധ തടങ്കലില്‍ കഴിയുന്നതെന്നും അവരെതന്നെ താമസിപ്പിച്ചിരിക്കുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലുമാണെന്ന പ്രസ്താവനയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്.

ആര്‍ട്ടിക്കിള്‍ 370 പ്രകാരം സംസ്ഥാനത്തിന് നല്‍കിപ്പോന്ന പ്രത്യേക പദവി എടുത്തുകളയാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് സംസാരിക്കവേയായിരുന്നു രാം മാധവിന്റെ പ്രസ്താവന. ജമ്മു കശ്മീരില്‍ നേരത്തെ 2500 ആളുകളെ വരെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നെന്നും രാം മാധവ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇന്ന് ജമ്മു കശ്മീരില്‍ 200-250 പേര്‍ മാത്രമാണ് പ്രതിരോധ തടങ്കലില്‍ കഴിയുന്നത്. അവരെ മാന്യമായാണ് കൈകാര്യം ചെയ്യുന്നത്. ചിലര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലും അതിഥി മന്ദിരങ്ങളിലുമാണ് ഉള്ളത്’- രാം മാധവ് പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി കശ്മീരില്‍ സമാധാനം ഉണ്ടെന്നും കശ്മീരിലെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നും ഈ 200-250 ആളുകള്‍ക്ക് എന്താണ് വേണ്ടതെന്നും നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്നും രാം മാധവ് പറഞ്ഞു.

1994 ല്‍ പാകിസ്ഥാനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുക്കാന്‍ അവശേഷിക്കുന്ന ഒരേയൊരു കാര്യം പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നതുമായി ബന്ധപ്പെട്ടാണ്.

കശ്മീരിനെ സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരേയൊരു പ്രശ്‌നം പാക് അധീന കാശ്മീര്‍ മാത്രമാണെന്നും രാം മാധവ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം പ്രഖ്യാപിച്ച ഓഗസ്റ്റ് 4 മുതല്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരുള്‍പ്പെടെ നൂറുകണക്കിന് രാഷ്ട്രീയക്കാര്‍ തടങ്കലിലാണ്.

മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമര്‍ അബ്ദുല്ലയുടെ പിതാവ് ഫാറൂഖ് അബ്ദുള്ളയെ പൊതു സുരക്ഷാ നിയമപ്രകാരമായിരുന്നു വീട്ടുതടങ്കലിലാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more