| Saturday, 28th September 2024, 12:28 pm

സ്വത്ത് വെളിപ്പെടുത്തിയത് 13 ശതമാനം ജഡ്ജിമാര്‍ മാത്രം; കേരളത്തിലെ 39ല്‍ 37 പേരും വിവരങ്ങള്‍ പുറത്തുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ 25 ഹൈക്കോടതികളില്‍ ആകെയുള്ള ജഡ്ജിമാരില്‍ സ്വത്തുവിവരം വെളിപ്പെടുത്തിയത് 13 ശതമാനം പേര്‍ മാത്രം. ആകെയുള്ള 749 ജഡ്ജിമാരില്‍ 98 പേരാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്. ഔദ്യോഗിക വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ട്.

18 ഹൈക്കോടതികളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയെങ്കിലും ആസ്തി വെളിപ്പെടുത്താന്‍ ജഡ്ജിമാര്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വത്ത് വെളിപ്പെടുത്തിയവരില്‍ കൂടുതലും കേരള, പഞ്ചാബ്ഹരിയാന, ദല്‍ഹി ഹൈക്കോടതികളില്‍ നിന്നുള്ള ജഡ്ജിമാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അലഹബാദ് (84 ജഡ്ജിമാര്‍), ബോംബൈ (66 ജഡ്ജിമാര്‍) എന്നീ ഹൈക്കോടതികള്‍ വിവരാവകാശ നിയമം ബാധകമല്ലെന്ന് മറുപടി നല്‍കുകയായിരുന്നു.

ഉത്തരാഖണ്ഡ് (ഏഴ്) ഹൈക്കോടതി സ്വത്തുവിവരങ്ങള്‍ കൈമാറുന്നതിനോട് വിയോജിപ്പുണ്ടെന്നും അറിയിച്ചു. ഗുജറാത്ത് (29 ജഡ്ജിമാര്‍), രാജസ്ഥാന്‍ (33 ജഡ്ജിമാര്‍), ആന്ധ്രാപ്രദേശ് (26 ജഡ്ജിമാര്‍), തെലങ്കാന (27 ജഡ്ജിമാര്‍) ഹൈക്കോടതികളും വിവരങ്ങള്‍ കൈമാറില്ലെന്ന് അറിയിക്കുകയായിരുന്നു.

എന്നാല്‍ കേരള ഹൈക്കോടതിയിലെ 39 ജഡ്ജിമാരില്‍ 37 പേരും വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പഞ്ചാബ്ഹരിയാന ഹൈക്കോടതിയിലെ 55 ജഡ്ജിമാരില്‍ 31 പേരും ദല്‍ഹി ഹൈക്കോടതിയിലെ 39ല്‍ 11 പേരും സ്വത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഹിമാചല്‍പ്രദേശ് (10 ജഡ്ജിമാര്‍), ഛത്തീസ്ഗഢ് (രണ്ട് ജഡ്ജിമാര്‍), കര്‍ണാടക (രണ്ട് ജഡ്ജിമാര്‍), മദ്രാസ് (അഞ്ച് ജഡ്ജിമാര്‍) ഹൈക്കോടതികളിലെ ഏതാനും ജഡ്ജിമാരും സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

2023ല്‍ പാര്‍ലമെന്റിന്റെ പേഴ്സണല്‍, പബ്ലിക്ക് ഗ്രീവിയന്‍സസ്, ലോ ആന്റ് ജസ്റ്റിസ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ജഡ്ജിമാരുടെ സ്വത്ത് വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരുന്നത്.

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ആസ്തി, ബാധ്യത വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കണമെന്നായിരുന്നു നിയമം. എന്നാല്‍ ജഡ്ജിമാര്‍ അവരുടെ സ്വത്തുവിവരം മുഴുവനായി വെളിപ്പെടുത്തണമെന്നും നിയമം ആവശ്യപ്പെടുന്നില്ല.

നിയമം അംഗീകരിക്കപ്പെട്ടതോടെ സുപ്രീം കോടതിയിലെ 33 ജഡ്ജിമാരില്‍ 27 പേരും വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഉള്‍പ്പെടുന്നു.

Content Highlight: Only 13 percent of judges disclosed assets

We use cookies to give you the best possible experience. Learn more