| Thursday, 12th September 2019, 12:31 pm

'ഓണ്‍ലൈന്‍ ടാക്‌സികളെ പഴിക്കുന്നതെന്തിന്? ഒലയും യൂബറും മുമ്പും ഇവിടെ ഉണ്ടായിരുന്നല്ലോ'; നിര്‍മ്മല സീതാരാമന് മാരുതി സുസുക്കിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ കാര്‍നിര്‍മ്മാണ രംഗത്തെ ഭീമനായ മാരുതി സുസുക്കി അടക്കമുള്ള കാര്‍ നിര്‍മ്മാണ കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കാര്‍ നിര്‍മ്മാണ മേഖലയിലെ തകര്‍ച്ചയ്ക്ക് കാരണം സാമ്പത്തിക പ്രതിസന്ധിയല്ലെന്നും മില്ലേനിയല്‍സ് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതും കാറുകള്‍ വാങ്ങാത്തതുമാണ് വാഹനവിപണിക്ക് തിരിച്ചടിയാകുന്നുവെന്നായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന. എന്നാല്‍ മന്ത്രിയുടെ കണ്ടെത്തലിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മാരുതി സുസുക്കി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ.

മില്ലേനിയന്‍സ് ഒല, യൂബര്‍ പോലെയുള്ള ഓണ്‍ലൈന്‍ ടാക്‌സി കാറുകളെ ആശ്രയിക്കുന്നതല്ല ഓട്ടോ മൊബൈല്‍ രംഗത്തെ വിപണി ഇടിയാനുള്ള കാരണമെന്ന് ശ്രീവാസ്തവ പറഞ്ഞു. വിപണിയിലുണ്ടായിരിക്കുന്ന വന്‍ ഇടിവിനെക്കുറിച്ച് വിശമായ പഠനമാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കാറുകള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ രീതിയില്‍ മാറ്റം വന്നിട്ടില്ല. ആളുകള്‍ വലിയ ആഗ്രഹത്തോടെയാണ് കാറുകള്‍ വാങ്ങുന്നതും. കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി ഓണ്‍ലൈന്‍ ടാക്‌സി ഇവിടെ സജീവമാണ്. ഈ സമയത്തൊക്കെയും വാഹനവിപണി അതിന്റെ നല്ല കാലത്തില്‍ തന്നെയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മാത്രമാണ് വിപണി ഇത്രത്തോളം അസഹനീയമായി ഇടിഞ്ഞത്. ഇതിന് കാരണം ഒലയോ യൂബറോ ആണെന്ന് ഞാന്‍ കരുതുന്നില്ല’, ശ്രീവാസ്തവ പറഞ്ഞു.

ഓണ്‍ലൈന്‍ ടാക്‌സികള്‍ വലിയ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും കാര്‍ വിപണി ഉയര്‍ന്നുചതന്നെ നില്‍ക്കുന്ന അമേരിക്കന്‍ വിപണിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീവാസ്തവ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇന്ത്യയില്‍ കാര്‍ വാങ്ങുന്നവരില്‍ 46 ശതമാനവും ആദ്യമായി ഉപയോഗിക്കുന്നവരാണ്. ഇതൊരു ആഗ്രഹ സഫലീകരണമാണ് ഇവിടെ. ആളുകള്‍ ഓഫിസില്‍ പോകാനായാണ് ഒല, യൂബര്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നത്. വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും കുടുംബവുമൊത്ത് പുറത്തുപോകാന്‍ അവര്‍ സ്വന്തം കാറുകള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത്’, ശ്രീവാസ്തവ വിശദീകരിച്ചു.

കാറുകള്‍ സ്വന്തമാക്കാനുള്ള സ്വഭാവത്തില്‍ മാറ്റമൊന്നുമില്ല. ഇത് ഞങ്ങള്‍ കാലങ്ങളെടുത്ത് നിരീക്ഷിച്ച് വരുന്നതാണെന്നും ശ്രീവാസ്തവ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോഴത്തെ വിപണി മാന്ദ്യത്തിന് നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണലഭ്യതയിലെ കുറവും വിലക്കയറ്റം, ഉയര്‍ന്ന നികുതി എന്നിവയുാം ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം സ്വീകരിച്ച നടപടികളൊന്നും തന്നെ ഫലപ്രദമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more