ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമായതിന് ശേഷം രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിരവധി വ്യക്തികളും സ്ഥാപനങ്ങളും വിഷയത്തില്‍ പോള്‍ നടത്തിയിരുന്നു. വിവിധ പോളുകളുടെ ഫലങ്ങള്‍ ചേര്‍ത്തുവെച്ച് സിയാസെറ്റ് ഡെയ്‌ലി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പേരില്‍ ഭൂരിഭാഗം സര്‍വേ പോളുകളിലും ജനങ്ങള്‍ ഭേദഗതിയെ പ്രതികൂലിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്.
സ്വതന്ത്രമായി വിവിധ വിഷയങ്ങളില്‍ സര്‍വേ പോളുകള്‍ നടത്തുന്ന ഇന്ത്യപോള്‍.ഇന്‍ എന്ന സ്ഥാപനം നടത്തിയ സര്‍വേയില്‍ 89.8 ശതമാനം പേരും പൗരത്വ നിയമഭേദഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും പ്രതികൂലിച്ചുകൊണ്ട് വോട്ട് രേഖപ്പെടുത്തി. ‘നിങ്ങള്‍ പൗരത്വഭേദഗതി നിയമത്തെയും എന്‍.ആര്‍.സിയെയും അനുകൂലിക്കുന്നവോ’ എന്നായിരുന്നു ചോദ്യം.
20 ലക്ഷത്തിലേറെ പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. അതില്‍ രണ്ട് ലക്ഷത്തോളം പേര്‍ മാത്രമാണ് അനുകൂലിക്കുന്നതായി വോട്ട് ചെയതത്.
പൗരത്വ ഭേദഗതിയില്‍ നിങ്ങളുടെ നിലപാട് എന്താണെന്ന് ചോദിച്ചുകൊണ്ട് ഡെക്കാന്‍ ഹെരാള്‍ഡ് നടത്തിയ സര്‍വേയിലും 64 ശതമാനം പേര്‍ നിയമത്തെ എതിര്‍ത്തു.
പൗരത്വ ഭേദഗതിക്ക് ജനപിന്തുണ നേടുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പുതിയ ക്യാംപെയ്ന്‍ പ്രതിഷേധങ്ങള്‍ക്ക് മേല്‍ വിജയം നേടുമോയെന്ന ചോദ്യവുമായി സിയാസെറ്റ്.കോം ആരംഭിച്ച സര്‍വേയില്‍ 80 ശതമാനം പേരും പുതിയ ക്യാംപെയ്‌നെതിരായാണ് വോട്ട് രേഖപ്പെടുത്തിയത്.
സീ ന്യൂസ് എഡിറ്റര്‍-ഇന്‍-ചീഫ് സുധിര്‍ ചൗധരി ഫേസ്ബുക്ക് വഴി നടത്തിയ പോളിലും 64 ശതമാനം പേര്‍ പൗരത്വ ഭേദഗതിയെയും പൗരത്വ രജിസ്റ്ററിനെയും അനുകൂലിച്ചില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രതിഷേധങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണോ എന്ന് ചോദിച്ചുകൊണ്ട് ഹിന്ദി ദിനപ്പത്രമായ ദൈനിക് ജാഗരണ്‍ നടത്തിയ സര്‍വേയില്‍ 54 ശതമാനം പേരും അല്ല എന്നാണ് വോട്ട് രേഖപ്പെടുത്തിയത്.