| Tuesday, 24th November 2015, 11:01 am

ഓണ്‍ലൈന്‍ പെണ്‍വാണിഭം : പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തിയതായി പോലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍  പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തിയതായി പോലീസ്.

കേസിലെ മുഖ്യപ്രതി അക്ബറാണ് പെണ്‍കുട്ടികളെ കടത്തിയത്. ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് പെണ്‍കുട്ടികളെ കടത്തിയതെന്നും പോലീസ് പറഞ്ഞു.

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതെന്നും പോലീസ് പറയുന്നു.

5 സ്ത്രീകളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍. പിടിയിലായ അനൂപാണ് സംഘത്തിലെ സാങ്കേതികവിദഗ്ധന്‍. ഇന്റര്‍നെറ്റില്‍ പെണ്‍കുട്ടികളുടെ പട്ടിക തയ്യാറാക്കിയ് അനൂപാണെന്നും പോലീസ് പറയുന്നു.

പ്രധാനപ്രതി ജോഷിയുടെ സഹായിയായ അനൂപ് ബാങ്ക് ഉദ്യോഗസ്ഥനാണ്..

അതേസമയം ചുംബനസമരത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ ഇരകളാക്കാന്‍ രാഹുല്‍ പശുപാലന്‍ ശ്രമിച്ചുവെന്ന് സമരത്തില്‍ പങ്കെടുത്ത യുവതി വെളുപ്പെടുത്തിയിരുന്നു.

കംപ്യൂട്ടറില്‍ രാഹുലിന്റെയും ഭാര്യയുടേയും സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ചുവെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ മുഖ്യ കണ്ണിയെന്നു പൊലീസ് കരുതുന്ന അച്ചായന്‍ എന്ന ജോഷി കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. പെണ്‍വാണിഭ സംഘത്തിനു പ്രധാനമായും പെണ്‍കുട്ടികളെ എത്തിച്ചിരുന്നതു ജോഷി ആണെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. വരാപ്പുഴ, പറവൂര്‍ ഉള്‍പ്പെടെ പന്ത്രണ്ടു പെണ്‍വാണിഭ പീഡനക്കേസുകളില്‍ ജോഷി പ്രതിയാണെന്നും പൊലീസ് പറയുന്നു.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടന്നോയെന്ന് അന്വേഷിക്കണമെന്നും പ്രതികളുടെ മുംബൈ ബന്ധവും സാമ്പത്തികസ്രോതസും വിശദമായി അന്വേഷിക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്നു കേസില്‍ നേരത്തെ അറസ്റ്റിലായ 12 പ്രതികളെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജെ. ഷെര്‍സി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

അതേസമയം തന്നെ കേസില്‍ മനഃപൂര്‍വം പ്രതിയാക്കിയതാണെന്നു പൊലീസ് വാനില്‍ കയറുന്നതിനിടെ പ്രതി രാഹുല്‍ പശുപാലന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more