| Friday, 26th June 2020, 10:11 pm

'ഒന്നുമില്ലാതെ തകര്‍ന്നു പോകുമായിരുന്നിടത്ത് വലിയൊരു മാറ്റമാണ് ഉണ്ടായിരിക്കുന്നത്'; കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ വിപണിയെക്കുറിച്ച് സംരംഭകര്‍

കവിത രേണുക

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മൂന്നുമാസത്തെ ലോക്ക് ഡൗണ്‍ കാലത്തിനിടെ കേരളത്തിന്റെ സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.

കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന പ്രധാന മേഖലകളിലൊന്ന് കേരളത്തിലെ വാണിജ്യ രംഗമാണ്. വാണിജ്യ രംഗത്തെ മെച്ചപ്പെടുത്താനും കച്ചവടം പൂര്‍വ്വസ്ഥിതിയിലാക്കാനും വിവിധ സംരംഭകര്‍ ഓണ്‍ലൈന്‍ സേവനമാതൃകകളിലേക്ക് കടന്നിരിക്കുകയാണ്.

മാര്‍ച്ച് 24നാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്തെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരാനുള്ള അനുമതിയുണ്ടായിരുന്നു. കൊറിയര്‍ സര്‍വീസുകള്‍ക്കും അനുമതി ലഭിച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്നെങ്കിലും ആളുകള്‍ ഓണ്‍ലൈന്‍ സേവനം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് ലോക്ക്ഡൗണ്‍ കാലത്താണെന്ന് വിവിധ പഠനങ്ങളില്‍ പറയുന്നു.

2016 ലാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നത്. അന്നു മുതല്‍ ഇ കൊമേഴ്‌സ് രംഗത്തെ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കി വരുന്നുമുണ്ട്. പക്ഷെ ഇതുവരെ ഓണ്‍ലൈന്‍ സേവന രംഗത്തേക്കെത്താതിരുന്നവര്‍ പോലും അതിജീവനത്തിനായി ഈ മേഖലയിലേക്കെത്തി എന്നതാണ് ലോക്ക് ഡൗണ്‍ കാലത്തെ പ്രത്യേകത. ഇപ്പോള്‍ ചെറുകിട സംരഭങ്ങള്‍ മുതല്‍ വന്‍കിട സംരംഭങ്ങള്‍ വരെ ഓണ്‍ലൈന്‍ കച്ചവടത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ട് മുന്നേറുകയാണ്.

അതിജീവനം മുഖ്യഘടകമായി മാറിയതാണ് തങ്ങളെ ഓണ്‍ലൈന്‍ മേഖലയിലേക്ക് അതിവേഗം ചുവടുവെക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചതെന്നും ഇതുപോലെ നിരവധി വാണിജ്യ സ്ഥാപനങ്ങളാണ് കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ രംഗത്തേക്ക് ഇറങ്ങിയതെന്നും കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വസ്ത്രനിര്‍മാതാക്കളായ അലി ഷബീര്‍ വെഞ്ച്വേഴ്സിന്റെ ഇ-കൊമേഴ്സ് ഹെഡ് ഷമീം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കോഴിക്കോട് മിഠായി തെരുവിലും നഗരപ്രദേശങ്ങളിലുമായി ഏകദേശം 20ഓളം ടെക്സ്റ്റയില്‍സുകള്‍ അലി ഷബീര്‍ വെഞ്ച്വേഴ്സിന് കീഴിലുണ്ട്. അവിടെ എല്ലായിടത്തുമായി 200ലേറെ ജോലിക്കാരുമുണ്ട്. ഇത്രയും കടകള്‍ അടച്ചിട്ടാല്‍ തന്നെ അഞ്ച്-പത്ത് ലക്ഷം രൂപ സാലറി നല്‍കേണ്ടതായി വരും. ലോക്ക് ഡൗണ്‍ വന്നതോടു കൂടി ഈ മേഖല മൊത്തമായി തകര്‍ന്നു. ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായി. രണ്ടു കൊല്ലത്തിന് ശേഷം ഓണ്‍ലൈന്‍ ആയി വസ്ത്രവ്യാപാരം നടത്തണമെന്ന് മുമ്പ് ആലോചിച്ചിരുന്നു. പക്ഷെ അടിയന്തരമായി ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല,’ ഷമീം പറഞ്ഞു.

മെയ് 20നാണ് ‘സോക്ക’ എന്ന പേരില്‍ ഓണ്‍ലൈന്‍ സേവനം ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ ആയി വില്‍പന ആരംഭിച്ച കുറഞ്ഞ കാലയളവില്‍ തന്നെ വലിയ നേട്ടമാണ് ഉണ്ടായതെന്നും ഷമീം വ്യക്തമാക്കുന്നു. എന്നാല്‍ കൊവിഡിന് മുമ്പുണ്ടായിരുന്ന കച്ചവട കാലത്തെ സാമ്പത്തിക സ്ഥിതിയിലേക്ക് തിരിച്ചു വരാന്‍ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

‘മെയ് 20നാണ് സോക്ക എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കുന്നത്. ഒന്നുമില്ലാതെ തകര്‍ന്നു പോകുമായിരുന്നിടത്ത് വലിയൊരു മാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. കൊവിഡിനു മുമ്പുള്ള കാലത്ത് നേരിട്ടുള്ള കച്ചവടമായിരുന്നു. അന്ന് മികച്ച രീതിയില്‍ കച്ചവടം നടന്നിരുന്നു. അതേസമയം ചെലവ് കൂടുതലുമാണ്. എന്നാല്‍ ഓണ്‍ലൈനിലേക്ക് മാറുമ്പോള്‍ ഇവിടെ മാര്‍ക്കറ്റിംഗിന്റെ ചെലവൊഴിച്ചാല്‍ വലിയ തരത്തിലുള്ള ചെലവുകളുണ്ടാവുന്നില്ല. സാലറി, വൈദ്യുതി ബില്ല്, കെട്ടിട വാടക തുടങ്ങിയ ചെലവുകളൊന്നും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വരുന്നില്ലല്ലോ. കൊവിഡ് പ്രതിസന്ധി കുറഞ്ഞാല്‍ ഓണ്‍ലൈന്‍ വ്യാപാരം ഇനിയും കൂടുമെന്നാണ് കരുതുന്നത്,’ ഷമീം പറയുന്നു.

ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ നിരവധി പേരാണ് പുസ്തക വായനയിലേക്ക് തിരിഞ്ഞത്. ഒരിക്കല്‍ ഇല്ലാതായി പോയ വായന ലോക്ക്ഡൗണ്‍ കാലത്ത് തിരിച്ചു പിടിച്ചുവെന്ന് നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്. ഇത് ശരിവെക്കുകയാണ് കേരളത്തിലെ പ്രധാന പ്രസാധകരായിട്ടുള്ള ഡിസി ബുക്‌സ്. ഇ റീഡിംഗും ഓണ്‍ലൈന്‍ ആയുള്ള പുസ്തക വില്‍പനയും വര്‍ധിച്ചതായും ഇവര്‍ വ്യക്തമാക്കുന്നു.

ആളുകളുടെ പുസ്തക വായന വര്‍ധിക്കുകയും പുസ്തകം ലഭിക്കാനുള്ള സാഹചര്യം കുറയുകയും ചെയ്തപ്പോഴാണ് പ്രസാധകരായ ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ ഇ-ബുക്കുകള്‍ എന്ന ആശയത്തിലേക്ക് വന്നതെന്ന് ഡിസി ബുക്ക്സ് റീട്ടെയ്ല്‍ ആന്‍ഡ് പ്രൊമോഷന്‍ തലവന്‍ അലി മുഹമ്മദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കൊവിഡ് കാലത്ത് വ്യാപാരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇ ബുക്‌സും ഓണ്‍ലൈന്‍ വില്‍പനയുടെ പുതിയ സാധ്യതകളും പരീക്ഷിക്കുന്നത്. ലോക്ക്ഡൗണില്‍ ആളുകള്‍ പുസ്തകം വാങ്ങിക്കാനും വായിക്കാനും കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇ ബുക്ക് എന്ന ആശയം ഒരു ആപ്പ് വഴി മുന്നോട്ട് വെച്ചത്. പ്രിന്റ് ചെയ്ത പുസ്തകം 300 രൂപയ്ക്കാണ് ലഭിക്കുന്നതെങ്കില്‍ ഇ-ബുക്കിലൂടെ നമുക്ക് 50-60 രൂപയ്ക്ക് വാങ്ങി വായിക്കാം. ധാരാളം പേര്‍ ഈ സേവനം ഉപയോഗിക്കുന്നുമുണ്ട്. നിലവില്‍ ഡിസിയുടെ വെബ്സൈറ്റിലൂടെ പുസ്തകങ്ങള്‍ വാങ്ങാം.

കടകളിലൂടെ പുസ്തകങ്ങള്‍ വില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സ്വിഗ്ഗി, സൊമാറ്റോ എന്നീ ഓണ്‍ലൈന്‍ ശൃംഖലയുമായി കൈകോര്‍ത്തു കൊണ്ട് പുസ്തകം ആളുകള്‍ക്ക് എത്തിക്കുന്ന രീതിയിലേക്ക് ഡിസി മാറിയത്. ഇതും ലോക്ക്ഡൗണ്‍ കാലത്താണ്. അതായത് സ്വിഗ്ഗിയിലൂടെയും സൊമാറ്റോയിലൂടെയും ഭക്ഷണം എത്തിക്കുന്നതു പോലെ ഓര്‍ഡര്‍ ചെയ്ത് പണമടച്ചാല്‍ പുസ്തകവുമെത്തിക്കും. ഡിസിയുടെ തുറന്നിരിക്കുന്ന ഷോപ്പുകളിലും വില്‍പന നടക്കുന്നുണ്ട്. അതില്‍ മൊത്തം വില്‍പനയുടെ 60 ശതമാനത്തോളം ഹോം ഡെലിവറിയായാണ് പോകുന്നത്. ഡിസി ബുക്സ്റ്റോര്‍ എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെയുള്ള വില്‍പന മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഏഴു മുതല്‍ പത്തിരട്ടിവരെ വര്‍ധിക്കുകയും ചെയ്തു,’ അലി മുഹമ്മദ് പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്ത് പുസ്തക വില്‍പന കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. ഇനിയുള്ളൊരു കാലം കൊവിഡിനുമുമ്പുള്ളതു പോലെയാവില്ല എന്ന തിരിച്ചറിവില്‍ ഇ വായന എന്ന സംസ്‌കാരത്തിലേക്ക് ആളുകളെ കൊണ്ട് വരാനാണ് ഡിസി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ സേവന ദാതാക്കളില്‍ മുന്നില്‍ നില്‍ക്കുന്ന സ്വിഗ്ഗി പറയുന്നത് കൊവിഡിന് മുന്നെയുള്ള കാലത്തെ അപേക്ഷിച്ച് ലോക്ക്ഡൗണ്‍ കാലത്ത് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ്. അതേസമയം ഈ കൊവിഡ് കാലത്ത് ജോലി സ്ഥലത്തെത്തുന്ന ആളുകള്‍ പ്രധാനമായും ആശ്രയിക്കുന്നതില്‍ ഒരു വിഭാഗം സ്വിഗ്ഗിയാണെന്നും പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ജീവനക്കാരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കൊവിഡിന് മുന്നെയുള്ള ഒരു കാലത്തെ അപേക്ഷിച്ച് ബിസിനസ് മോശം തന്നെയാണ്. അതേസമയം ജോലിയാവശ്യത്തിനും മറ്റുമായി നഗരങ്ങളിലേക്കെത്തിക്കുന്ന നിരവധി പേര്‍ സ്വിഗ്ഗിയെ ആശ്രയിക്കുന്നവരാണ്. എന്നാല്‍ കൊവിഡ് കഴിയുന്നതോടു കൂടി നിലവിലെ പ്രതിസന്ധി കുറയും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്,’ സ്വിഗ്ഗി ജീവനക്കാരന്‍ പറഞ്ഞു.

ആളുകളുടെ ആവശ്യവും സാധനങ്ങളെത്തിക്കാനുള്ള സാധ്യതകളും കണക്കിലെടുത്താണ് ഓണ്‍ലൈന്‍ മേഖലയിലൂടെയുള്ള കച്ചവട സാധ്യത വര്‍ധിക്കുന്നതെന്നാണ് ഇ കൊമേ്സ് ഹെഡ് ആയ ഷമീം വ്യക്തമാക്കുന്നത്. ലോക്ക് ഡൗണിലൂടെ ഉണ്ടായ വലിയ മാറ്റമാണ് ഓണ്‍ലൈന്‍ മേഖലയുടെ വളര്‍ച്ച എന്നത് കണക്കിലെടുക്കേണ്ടതാണെന്നും ഷമീം പറയുന്നു. ഓണ്‍ലൈന്‍ സംരംഭങ്ങള്‍ ലോക്ക് ഡൗണ്‍ കാലത്ത് മാത്രമല്ല, കൊവിഡാനന്തര കാലത്ത് പ്രധാന വ്യാപാര ശക്തിയായി കേരളത്തില്‍ വേരൂന്നാന്‍ പോകുന്ന ഒന്നാണെന്ന് നിസംശയം പറയാമെന്ന് ഓണ്‍ലൈന്‍ കച്ചവടമേഖലിയില്‍ നിന്നുള്ളവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more