| Monday, 27th September 2021, 3:25 pm

ഓണ്‍ലൈന്‍ റമ്മി വിലക്കാനാവില്ല; സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

സുപ്രീം കോടതിയുടെ വിവിധ വിധികള്‍ ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി കമ്പനികളുടെ ഹരജി അനുവദിച്ചത്. ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ടുള്ള ആത്മഹത്യകള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല.

ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിലവിലുള്ള നിയമത്തില്‍ ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. 1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14എയിലായിരുന്നു ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്.

1960 ലെ കേരള ഗെയിമിങ് നിയമത്തില്‍ ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഓണ്‍ലൈന്‍ ബെറ്റിങ് എന്നിവ കൂടി ഉള്‍പ്പെടുത്തുന്നതില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

ഓണ്‍ലൈന്‍ റമ്മിയും സമാനമായ ചൂതാട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോര്‍ട്ടലുകള്‍ക്കെതിരെ ചലച്ചിത്ര സംവിധായകന്‍ പോളി വടക്കന്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു അന്ന് കോടതിയുടെ നിര്‍ദേശം.

ഈ കേസില്‍ വിവിധ ഓണ്‍ലൈന്‍ റമ്മി പോര്‍ട്ടലുകളുടെ ബ്രാന്റ് അംബാസഡര്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ വിരാട് കോഹ്‌ലി, അഭിനേതാക്കളായ തമന്ന ഭാട്ടിയ, അജു വര്‍ഗീസ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ആളുകള്‍ക്ക് വന്‍തോതില്‍ പണം നഷ്ടപ്പെടുകയും അതുവഴി ഒരു ആത്മഹത്യ നടക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയെത്തിയത്.

കേരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണം വെച്ച് ചീട്ടുകളിക്കുന്നത് കണ്ടാല്‍ പോലീസിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ലൈന്‍ റമ്മി കളി ഈ നിയമപരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

കേരള ഗെയിമിങ് ആക്ടിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെക്കൂടി നിയമവിരുദ്ധ ഗെയിമുകളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇതു ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ കോടിതിയെ സമീപിച്ചത്. റമ്മി കഴിവ് ഉപയോഗിച്ചു കളിക്കുന്ന ഗെയിം ആണെന്നായിരുന്നു ഹരജിക്കാരുടെ വാദം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Online Rummy highcourt Verdict

We use cookies to give you the best possible experience. Learn more