ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ഏറെ വ്യാപകമായ ഓണ്‍ലൈന്‍ ഗെയിമാണ് ഓണ്‍ലൈന്‍ റമ്മി. കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ ഈ ഗെയിം പ്രചാരത്തിലുണ്ടായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ സമയത്താണ് ഈ ഗെയിമിലേക്ക് വലിയ തോതില്‍ ആളുകള്‍ എത്താന്‍ തുടങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായ ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാല്‍ റമ്മി കളിച്ച് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ് ട്രഷറിയില്‍ നിന്നും പണം തട്ടാന്‍ തീരുമാനിച്ചതെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതോടുകൂടിയാണ് ഓണ്‍ലൈന്‍ റമ്മിയിലെ അപകടങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചത്. എന്നാല്‍ ഇതാദ്യമായില്ല ഓണ്‍ലൈന്‍ റമ്മിയുടെ ഭയപ്പെടുത്തുന്ന അപകടങ്ങള്‍ വാര്‍ത്തയാകുന്നത്. നേരത്തെ തന്നെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതിന്റെയും ആകെയുള്ള സമ്പാദ്യവും കിടപ്പാടവും വരെ കടത്തിലായതിന്റെയും അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
‘ഒരു സുഹൃത്ത് ആണ് എന്നോട് ഓണ്‍ലൈന്‍ റമ്മിയെക്കുറിച്ച് പറയുന്നത്. അദ്ദേഹം അയച്ച റഫര്‍ ലിങ്കില്‍ കയറിയാണ് ആദ്യം കളിക്കാന്‍ തുടങ്ങുന്നത്. 2018ല്‍ തുടങ്ങി 2020 ഏപ്രില്‍ വരെ, രണ്ട് വര്‍ഷത്തോളം കളിച്ചു. ആദ്യം നൂറും അഞ്ഞൂറും വെച്ച് കളിച്ചപ്പോള്‍ ജയിച്ചു. പക്ഷെ പിന്നീട് വലിയ തുക വെച്ച് കളിക്കാന്‍ തുടങ്ങിയതോടെ പണം തിരിച്ചുകിട്ടാതായി. ഏകദേശം 5 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ലോക്ക്ഡൗണ്‍ സമയത്ത് മുഴുവന്‍ സമയവും ഇതില്‍ തന്നെയായിരുന്നു. അങ്ങനെ മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലാണ് ഏകദേശം 3 ലക്ഷം രൂപ നഷ്ടമായത്.’ റമ്മി കളിച്ച് ലക്ഷങ്ങള്‍ നഷ്ടമായ, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവാവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ധനസമ്പാദന മാര്‍ഗമായി റമ്മിയെ കണ്ടവര്‍ മുതല്‍ നേരംപോക്കിനായി ഈ കളിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയവര്‍ വരെ ഓണ്‍ലൈന്‍ റമ്മി കളിക്കാരുടെ കൂട്ടത്തിലുണ്ട്. റമ്മി സര്‍ക്കിള്‍, സില്‍ക്ക് റമ്മി, ജംഗിള്‍ റമ്മി, റമ്മി ഗുരു, റമ്മി കള്‍ച്ചര്‍, റമ്മി പാഷന്‍, എയ്സ് റമ്മി എന്നീ ആപ്പുകളാണ് കേരളത്തില്‍ പ്രചാരത്തിലുള്ള ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍. പ്രമുഖ സിനിമാ താരങ്ങളടക്കം അഭിനയിച്ച ഈ ആപ്പുകളുടെ പരസ്യങ്ങള്‍ ഇപ്പോള്‍ ടി വി ചാനലുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും നിരന്തരം കാണാവുന്നതാണ്.
തുടക്കത്തില്‍ കളിയില്‍ ജയിക്കുകയും തുക ഇരട്ടിയായി തിരിച്ചുകിട്ടുകയും ചെയ്യുന്നത് ആളുകളെ വല്ലാതെ ആകര്‍ഷിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. വാലറ്റില്‍ തുക നിക്ഷേപിച്ച് ശേഷം അതുവെച്ചാണ് കളി തുടങ്ങുന്നത് പലപ്പോഴും വാലറ്റില്‍ പണം തീര്‍ന്നാല്‍ ആപ്പുകള്‍ തന്നെ ചെറിയ ബോണസുകള്‍ നല്‍കും. അതിനാല്‍ കളി തുടരും.
‘ഈ കളിയില്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതകള്‍ ഒട്ടേറെയാണ്. കാരണം നമ്മള്‍ കളിക്കുന്നത് യഥാര്‍ത്ഥ വ്യക്തികളോടാണോ കമ്പനിയുടെ തന്നെ കമ്പ്യൂട്ടറുകളോടാണോ എന്ന അറിയാനേ ആകില്ല. വലിയ തുക വെച്ച കളിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കാര്‍ഡുകള്‍ നല്‍കാതിരിക്കുകയും പെട്ടെന്ന് ചില തിരിമറികള്‍ നടക്കുന്ന പോലെയും തോന്നി. പിന്നീട് ലക്ഷങ്ങള്‍ ഇങ്ങിനെ പോയപ്പോഴാണ് ഓണ്‍ലൈന്‍ റമ്മിയെക്കുറിച്ചും ഇതിനു പിന്നിലെ അപകടങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ തുടങ്ങിയത്. ആന്റി റമ്മി മൂവ്മെന്റ് എന്ന ഒരു കൂട്ടായ്മയെക്കുറിച്ച് ആ സമയത്ത് അറിയാന്‍ കഴിഞ്ഞു. അതില്‍ പത്തും ഇരുപതും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരുണ്ടായിരുന്നു. ഇതൊക്കെ കൂടി അറിഞ്ഞപ്പോഴാണ് കളി നിര്‍ത്താന്‍ തീരുമാനിച്ചത്.’ റമ്മി കളിക്കാരന്‍ പറയുന്നു.
ഓണ്‍ലൈന്‍ റമ്മിയിലെ ഈ അപകടങ്ങള്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും കുട്ടികളും യുവാക്കളും സ്ത്രീകളുമടക്കം ആയിരകണക്കിന് പേര്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും സാമൂഹ്യപ്രവര്‍ത്തകനും റമ്മി നിരോധിക്കണമെന്നാവശ്യമുയര്‍ത്തി സമരങ്ങള്‍ നടത്തുകയും ചെയ്യുന്ന സുനില്‍ വളയംകുളം ഡൂള്‍ന്യൂസിനോട് പറഞ്ഞു. ‘ഓണ്‍ലൈന്‍ റമ്മി നിര്‍ത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാക്കള്‍ക്കും എല്ലാ എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കിയിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ല. പരാതിക്കാര്‍ വരുമ്പോള്‍ നടപടിയെടുക്കാം എന്ന നിലപാടിലാണ് എല്ലാവരും. എന്നാല്‍ പൊലീസ് പലപ്പോഴും കേസെടുക്കാന്‍ തയ്യാറാകുന്നുമില്ല.’ സുനില്‍ ചൂണ്ടിക്കാണിക്കുന്നു.
പണം നഷ്ടപ്പെടുന്നതിന്റെ അപകട സാധ്യതകള്‍ക്കൊപ്പം തന്നെ പ്രധാനമായി ഉയരുന്ന ഒരു സംശയം ഓണ്‍ലൈന്‍ റമ്മി നിയമപരമാണോ എന്നുള്ളതാണ്. ഈ കളി നല്ലതല്ലെന്നും നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടാവുകയെന്നും ആവര്‍ത്തിച്ചിട്ടും ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സംഭവത്തില്‍ കാര്യക്ഷമമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ല.പണം വെച്ചു ചീട്ടുകളിച്ചാല്‍ പൊലീസ് പിടിക്കുകയും പിഴയൊടുക്കേണ്ടി വരികയും ചെയ്യുന്ന നിയമങ്ങളുള്ള സ്ഥിതിക്ക് എങ്ങനെയാണ് ഇതിന്റെ ഓണ്‍ലൈന്‍ പതിപ്പിന് പരസ്യമായി സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്നാണ് നിരവധി പേര്‍ സംശയമുന്നയിക്കുന്നുണ്ട്.
എന്താണ് കേരളത്തില്‍ ഓണ്‍ലൈന്‍ റമ്മിയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമം ? ഓണ്‍ലൈന്‍ റമ്മിക്ക് നിയന്ത്രണങ്ങളോ നിരോധനമോ സാധ്യമാണോ? അല്ലെങ്കില്‍ ഇനിയെന്താണ് ഓണ്‍ലൈന്‍ റമ്മിയുടെ അപകട സാധ്യതകള്‍ ഇല്ലാതാക്കാന്‍ ചെയ്യാനാകുക എന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്നത്.
ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഗെയിമുകളുമായി ബന്ധപ്പെട്ട് ഒരു ഏകീകൃത നിയമം നിലവിലില്ല. ഒരു കളിയില്‍ ഭാഗ്യത്തിനേക്കാള്‍ കഴിവിനും ബുദ്ധിക്കുമാണ് പ്രധാന്യമെങ്കില്‍ അത് നിയമം മൂലം നിരോധിച്ചിട്ടുള്ള ചൂതാട്ടത്തിന്റെ പരിധിയില്‍ പെടില്ലെന്നാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന നിയമം. അസം, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ ഒരു വേര്‍തിരിവ് ഇല്ലാതെ വാതുവെപ്പ് വരുന്ന കളികളെല്ലാം നിരോധിച്ചിട്ടുള്ളത്.
കേരളത്തില്‍ കേരള ഗെയിമിംഗ് ആക്ട് 1960 പ്രകാരമാണ് ചൂതാട്ടം പോലെ പണം ഉള്‍പ്പെടുന്ന വാതുവെപ്പ് കളികള്‍ നിരോധിച്ചിട്ടുള്ളത്. എങ്കിലും ഓണ്‍ലൈന്‍ റമ്മി പോലുള്ള കളികളുടെ കാര്യത്തില്‍ വ്യക്തതയില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓണ്‍ലൈന്‍ റമ്മിയിലെ വാതുവെപ്പുമായി ബന്ധപ്പെട്ട ഒരു കേസ് കേരള ഹൈക്കോടതിയിലെത്തിയിരുന്നു. കേരള ഗെയിംമിങ് ആക്ടിനെ കൂടാതെ 1976ല്‍ സര്‍ക്കാര്‍ ഇറക്കിയ ഒരു നോട്ടിഫിക്കേഷനും ഈ കേസില്‍ കോടതി പരിഗണിച്ചിരുന്നു. ഈ നോട്ടിഫിക്കേഷനില്‍ സൈഡ് ബെറ്റിംഗ് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ റമ്മിയെ നിരോധിത കളികളുടെ കൂട്ടത്തില്‍ പെടുത്തേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഓണ്‍ലൈന്‍ റമ്മി നിയമവിധേയമാണോ അല്ലയോ എന്നതില്‍ വ്യക്തമായ ഒരു വിധി കഴിഞ്ഞ വര്‍ഷത്തെ ഈ കേസില്‍ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. അതുവരെയുള്ള നിയമപ്രകാരം വാതുവെപ്പ് നടക്കുന്ന റമ്മി കളികള്‍ നിയമവിരുദ്ധവും അല്ലാത്തവ നിയമവിധേയവുമാണെന്നായിരുന്നു. ഈ കേസിലെ വിധി പ്രകാരം ഓരോ കേസുകളും പ്രത്യേകമായി അന്വേഷിച്ച ശേഷമേ തീരുമാനമെടുക്കാനാകൂ എന്നു കോടതി വ്യക്തമാക്കി. അതായത് ഓരോ കേസിലും വാതുവെച്ച തുകയും കളിയുടെ രീതിയും മറ്റു അനുബന്ധ കാര്യങ്ങളും പരിശോധിക്കണം.
അങ്ങിനെ നോക്കുമ്പോള്‍ പണം വെച്ചുള്ള ചൂതാട്ടം നിരോധിച്ചുക്കൊണ്ടുള്ള നിയമമുള്ളതുപോലെ ഓണ്‍ലൈന്‍ റമ്മി നിരോധിക്കാന്‍ നിയമങ്ങളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷെ അതുകൊണ്ട് ആരെങ്കിലും പരാതിയുമായി വരികയാണെങ്കില്‍ പൊലീസിന് കേസെടുക്കാതെ ഒഴിവാക്കി വിടാനാകില്ലെന്ന് അഡ്വ. അണിമ മുയ്യാരത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘നിലവില്‍ ഓണ്‍ലൈന്‍ റമ്മി നിരോധനവുമായി ബന്ധപ്പെട്ട പ്രത്യേക നിയമങ്ങളിലെന്നത് ശരി തന്നെ. പക്ഷെ കോടതി തന്നെ പറഞ്ഞിട്ടുണ്ട് ഇതുമായി ബന്ധപ്പെട്ട് വരുന്ന ഓരോ പരാതിയും പരിശോധിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്ന്. ക്ലബുകളിലും മറ്റും ചൂതാട്ടത്തെക്കുറിച്ചോ പണം വെച്ചുള്ള ചീട്ടുകളിയെ കുറിച്ചുംം മറ്റും പരാതി വരുമ്പോള്‍ അന്വേഷണം നടക്കാറുണ്ട്. ഓണ്‍ലൈന്‍ റമ്മിയുടെ കാര്യത്തില്‍ നേരിട്ടുള്ള റെയ്ഡുകള്‍ നടക്കില്ലായിരിക്കും. ഓണ്‍ലൈന്‍ ഓപ്പറേറ്റേഴ്‌സ് ഈ കേരള ഗെയിമിങ് ആക്ടിംഗിന്റെ പരിധിയില്‍ വരുന്നുണ്ടോയെന്ന ചോദ്യവുമുണ്ട്. ഓണ്‍ലൈന്‍ റമ്മി കമ്പനികള്‍ അനധികൃതമായി വലിയ ലാഭമുണ്ടോക്കുന്നുണ്ടോയെന്ന് ഉറപ്പാക്കിയ ശേഷമേ അത് ഉറപ്പാക്കാനാകു. പൊലീസ് അന്വേഷണം നടത്തിയാലേ അത് കണ്ടെത്താനാകൂ. അതിനാല്‍ പൊലീസ് പരാതികള്‍ അന്വേഷിച്ചേ തീരു.’ അഡ്വ. അണിമ വ്യക്തമാക്കി.
നിരവധി പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായിട്ടും പലരുടെയും മൊത്തം സമ്പാദ്യം പോലും കളി ലഹരിയില്‍ ഒലിച്ചുപോയിട്ടും ഇതുവരെയും സര്‍ക്കാര്‍ ഈ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കേരളത്തില്‍ ഓണ്‍ലൈന്‍ റമ്മി വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഈ കളിയില്‍ തുടരുന്നവരോടും പുതുതായി കളിയിലേക്ക് വരുന്നവരോടും മുന്‍ കളിക്കാര്‍ക്ക് ഒന്നേ പറയാനുള്ളു. ‘നമ്മുടെ നാട്ടില്‍ തന്നെ ഒരുപാട് പേര്‍ ഈ റമ്മിക്ക് അടിമകളാണ്. ഇവരോട് ഒന്നേ പറയാനുള്ളു, ഇത് കളിക്കാന്‍ നില്‍ക്കരുത്. കുടുംബം വരെ നഷ്ടപ്പെടും.’
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Online Rummy on a rise in Kerala, gamers loses lakhs, no legal intervention yet