ട്വിറ്റര്‍ ഒരു പാഠമാണ്; ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം: രാജീവ് ചന്ദ്രശേഖര്‍
national news
ട്വിറ്റര്‍ ഒരു പാഠമാണ്; ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th June 2023, 8:49 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉത്തരവാദിത്തതോടെ ഇന്ത്യന്‍ നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സ്‌റ്റേ ചെയ്യാനാകില്ലെന്ന് ട്വിറ്ററിന്റെ ഹരജി പരിഗണിക്കവെ കര്‍ണാടക ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘ട്വിറ്റര്‍ ഒരു പാഠമാണ്. ഇതില്‍ നിന്നും ഇന്ത്യന്‍ സര്‍ക്കാര്‍, പൗരന്മാര്‍, ഉപഭോക്താക്കള്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈണ്‍ പ്ലാറ്റ്‌ഫോമുകള്‍ ഉത്തരവാദിത്തതോടെ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കണമെന്ന് പഠിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ചന്ദ്രശേഖര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 2021 മുതല്‍ 22 ഫെബ്രുവരി വരെയുള്ള കാലയളവില്‍ നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ട്വീറ്റുകളും ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. അതില്‍ 39 എണ്ണം ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശത്തിനെതിരെ ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തതിന് കര്‍ണാടക സര്‍ക്കാര്‍ ട്വിറ്ററിന് 50 ലക്ഷം പിഴ ചുമത്തി.

കര്‍ണാടക സര്‍ക്കാരിന്റെ ഈ വിധിക്ക് പിന്നാലെയായിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണമെന്നും മുന്‍ ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി ഇത് അനുസരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ട്വിറ്റര്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബ്ലോക്ക് ചെയ്യുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാരും ട്വിറ്റര്‍ പ്രതിനിധികളും തമ്മില്‍ 50 തവണ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ ട്വിറ്റര്‍ പാലിക്കുന്നില്ലെന്ന് കേന്ദ്രം കോടതിയില്‍ വാദിച്ചു.

ട്വിറ്റര്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് പറഞ്ഞ കോടതി ഇതില്‍ വീഴ്ച വരുത്തിയതിന് 50 ലക്ഷം രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. 45 ദിവസത്തിനുള്ളില്‍ തുക കെട്ടിവെക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Content Highlight: online platforms working with the Government of India need to be  work in compliance with Indian law: rajeev chandra shekhar