| Friday, 22nd May 2015, 3:59 pm

'ഛോട്ടാ ഭീം' കാര്‍ട്ടൂണ്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയിലെ ജനപ്രിയ കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഒന്നായ ഛോട്ടാ ഭീം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓണ്‍ലൈന്‍ പെറ്റീഷന്‍. സുശന്ത സീല്‍ എന്നയാളാണ് ഛോട്ടാ ഭീം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓണ്‍ലൈന്‍ പെറ്റീഷന്‍ തയ്യാറാക്കിയിരിക്കുന്നത്. നിഷ്‌കളങ്കമാണെന്ന വാദവുമായി 2008ല്‍ പോഗോ ചാനലില്‍ പുറത്തിറങ്ങിയ ഛോട്ടാ ഭീം അത്ര നിഷ്‌കളങ്കമല്ല എന്ന് പെറ്റീഷനില്‍ പറയുന്നു.

നിരന്തരമായി കുട്ടികളിലേക്ക് അക്രമവും ശത്രുതാമനോഭാവവും കടത്തിവിടുന്ന വിധത്തിലുള്ളതാണ് ഛോട്ടാഭീമിന്റെ ഉള്ളടക്കമെന്നും ഇത് കുട്ടികളെ വഴക്കാളികളാക്കുകയും മറ്റുള്ളവരുടെ അടുത്ത് അവരെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നവയാണെന്നും സീല്‍ ആരോപിക്കുന്നു.

ഇപ്പോഴത്തെ കുട്ടികള്‍ക്കിടയില്‍ നിലവാരമില്ലാത്ത കഴിവുകളാണ് ഈ പരിപാടി വളര്‍ത്തിയെടുക്കുന്നതെന്നും കുട്ടികളുടെ ബുദ്ധിവികാസത്തിന് ഇത് ഒന്നും നല്‍കുന്നില്ലെന്നും സുശന്ത സീല്‍ ആരോപിക്കുന്നു. നിരവധി കുട്ടികള്‍ ഈ പരിപാടിയില്‍ ആസക്തരായിട്ടുണ്ടെന്നും അത് ഭാവി തലമുറയുടെ കഴിവുകളെ വിനാശകരമായി ബാധിക്കുമെന്നും പെറ്റീഷനില്‍ പറയുന്നു.

അതേസമയം നിലവില്‍ 1000ല്‍ അധികം ആളുകളാണ് സുശന്ത സീലിന്റെ ഓണ്‍ലൈന്‍ പെറ്റീഷന് പിന്തുണ നല്‍കിയിട്ടുള്ളത്. ഇതിനു താഴെ ലഭിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ ഛോട്ടാ ഭീം പരിപാടിയോടുള്ള പൊതുവായ വിയോജിപ്പ് വെളിപ്പെടുത്തുന്നവയാണ്. ഈ പരിപാടിയുടെ അനന്തര ഫലങ്ങളെ കുറിച്ചും അത് കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്നുമുള്ള ആകുലതകള്‍ നിറഞ്ഞ വിമര്‍ശനപരമായ പ്രതികരണങ്ങളാണ് അവയില്‍ പലതും.

തന്റെ അനിയന്‍ ഈ കാര്‍ട്ടൂണ്‍ കാണുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അവന്‍ ഛോട്ടാ ഭീമിനെ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അത്തരം പ്രവൃത്തികളില്‍ നിരവധി തവണ അവന് പരിക്ക് പറ്റിയിട്ടുണ്ടെന്നും പരാതിയെ പിന്തുണച്ച രാഹുല്‍ ഖേദിയ എന്നയാള്‍ പറയുന്നു. ഇത്തരത്തില്‍ ഛോട്ടാ ഭീമം കാര്‍ട്ടൂണ്‍ പനമ്പരയ്‌ക്കെതിരെ നിരവധി പരാതികളാണ് വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more