കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പീപ്‌സ് മീഡിയയില്‍ പഴശ്ശിരാജ എന്ന ചിത്രത്തിനെ ടിനി ടോം താറടിച്ചു കാണിക്കുന്ന തരത്തിലുള്ള വാര്‍ത്താ തലക്കെട്ട് വന്നിരുന്നു.
വിനയന്റെ ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ വിഷേശങ്ങള്‍ ടിനി പങ്കുവെച്ച വാര്‍ത്തയിലായിരുന്നു ഇങ്ങനെയൊരു തലക്കെട്ട് വന്നത്. ഗോകുലം ഗോപാലന് നന്ദി അറിയിക്കുന്ന തരത്തിലുള്ള വാര്‍ത്ത കൂടെയായിരുന്നു അത്.
ഈ വാര്‍ത്ത ടിനി ടോമിന് ഒരുപാട് ട്രോളുകള്‍ നേടികൊടുത്തിരുന്നു. എന്നാല്‍ ആ തലക്കെട്ട് ഒരു അബദ്ധമായിരുന്നുവെന്നും ടിനി ടോം അങ്ങനെ പറഞ്ഞിട്ടില്ലെന്നു ലേഖകന്‍ വ്യക്തമാക്കി.
അത് തന്റെ അറിവില്ലായ്മയില്‍ പറ്റിയതാണെന്നും പഴശ്ശിരാജയെ കുറിച്ച് കുറേപേര്‍ പറഞ്ഞ അബദ്ധ ധാരണയിലുണ്ടായതാണെന്നും ലേഖകന്‍ മാപ്പ് അറിയിച്ച ലേഖനത്തില്‍ വ്യക്തമാക്കി. അതോടൊപ്പം ആ വാര്‍ത്ത ഡിലീറ്റ് ചെയ്‌തെന്നും ഇനി അതിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പികരുതെന്നും ലേഖകന്‍ ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ ക്ഷമാപണത്തിന്റെ പൂര്‍ണ രൂപം;
കഴിഞ്ഞദിവസം ഓണ്‍ലൈന്‍ പീപ്‌സ് മീഡിയയില്‍ ടിനി ടോം എന്ന നടന്റെ ചിത്രവും പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ വിശേഷങ്ങളുടെ ഭാഗമായി അദ്ദേഹം ഗോകുലം ഗോപാലനെന്ന നിര്‍മാതാവിനെ കുറിച്ച് നന്ദിയോടെ പറഞ്ഞ വാക്കുകളും ഉള്‍പ്പെടുത്തി ഷെയര്‍ ചെയ്യപ്പെട്ട ഒരു വാര്‍ത്തയില്‍, ടിനി ടോം പറയാത്തതായ ആ ഒരു കാര്യം തലക്കെട്ടായി പരാമര്‍ശിച്ച് പോയത് അതെഴുതിയ എന്റെ അറിവില്ലായ്മ നിമിത്തമാണ്.
അതും മമ്മൂട്ടി നായകനായ പഴശ്ശിരാജ സിനിമയെക്കുറിച്ച് എന്നോട് കുറേക്കാലങ്ങളായി മറ്റുള്ളവര്‍ പറഞ്ഞ് അറിയാവുന്ന ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അങ്ങനെ സംഭവിച്ചുപോയത്. ‘പഴശ്ശിരാജയുടെ സാമ്പത്തിക നഷ്ടം പത്തൊമ്പതാം നൂറ്റാണ്ടിലൂടെ നികത്തി ഗോകുലം ഗോപാലന്‍’ എന്ന ഒരു തെറ്റായ തലക്കെട്ടോടെ ടിനി ടോം പറഞ്ഞ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ആ വാര്‍ത്ത ഈ മാധ്യമത്തിലൂടെ ഷെയര്‍ ചെയ്യപ്പെട്ടത്. ഓണ്‍ലൈന്‍ പീപ്‌സ് മീഡിയ മുഖാന്തരം അങ്ങനെയൊരു തെറ്റായ തലക്കെട്ട് പ്രസിദ്ധീകരിക്കേണ്ടി വന്നതില്‍ അങ്ങേയറ്റം ഞാന്‍ ആദ്യമേ ക്ഷമാപണം നടത്തുന്നു.
ആ തലക്കെട്ട് എഴുതിയത് പൂര്‍ണ്ണമായും എന്റെ അറിവില്ലായ്മയാണ്. അതിന് മറ്റാരും ഉത്തരവാദികളല്ല. തെറ്റ് മനസ്സിലാക്കി ഞാന്‍ ആ തലക്കെട്ടും വാര്‍ത്തയും ഉടനെ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടും തീര്‍ത്തും അടിസ്ഥാനരഹിതമായ ഈ ഒരു തലക്കെട്ട് ചൂണ്ടികാണിച്ച് അത് ടിനി ടോം പറഞ്ഞതാണെന്ന വ്യാജേന അദ്ദേഹത്തെ വിമര്‍ശിക്കാനും മറ്റുമായി ഈ സാഹചര്യം മുതലെടുത്ത് ആ നടനെതിരെ പലരും സൈബര്‍ ആക്രമണം വരെ അഴിച്ചുവിടുന്ന സാഹചര്യമുണ്ടായി എന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്.
ലേഖകന്‍ തലക്കെട്ടില്‍ ഉദ്ധരിച്ച ആ വാക്കുകള്‍ ടിനി ടോം പറഞ്ഞതല്ല എന്നറിഞ്ഞിട്ടും ഇപ്പോഴും അതിന്റെ സ്‌ക്രീന്‍ ഷോട്ട് ചിലര്‍ പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നു. പക്ഷെ അദ്ദേഹം പറയാത്ത ഒരു കാര്യം ഇങ്ങനെ ഇനിയും പ്രചരിപ്പിക്കപ്പെടുന്നത് തികച്ചും അധാര്‍മികമായ പ്രവണതയാണ്.
ഈ മീഡിയ വഴി വന്ന ഒരു വാര്‍ത്തയ്ക്ക് നല്‍കിയ ഒരു തലക്കെട്ടിന്റെ പേരിലാണ് ഇത്രയും തെറ്റിദ്ധാരണകള്‍ ഉണ്ടായത് എന്നതുകൊണ്ട് ഇനിയും അതിന്റെ സ്‌ക്രീന്‌ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നവര്‍ ആരായാലും അത് ദയവായി നിര്‍ത്തണമെന്ന് അതെഴുതിയ ആളെന്ന നിലയില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ പഴശ്ശിരാജ തന്റെ സമ്പത്തിന് ഒന്നും ഒരു കുഴപ്പമുണ്ടാക്കിയ സിനിമയല്ല എന്നും തനിക്ക് ഒരുപാട് പേരും പുകഴും നേടിത്തന്ന സിനിമയാണെന്നും ഗോകുലം ഗോപാലന്‍ മറുനാടന്‍ മലയാളി ചാനലില്‍ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഇതിനുമുമ്പ് പറഞ്ഞിട്ടുള്ളതാണ്.
വളരെയധികം അഭിമാനത്തോടെയാണ് പഴശ്ശിരാജ എന്ന സിനിമ ചെയ്തത് എന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്. പഴശ്ശിരാജ നിര്‍മാതാവായ പ്രധാനപ്പെട്ട കാരണമായി അദ്ദേഹം പറഞ്ഞത്, ”ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പൊതുവെ നോര്‍ത്ത് ഇന്ത്യന്‍സിനെയാണ് ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയതിന്റെ പേരില്‍ ചരിത്ര താളുകളിലും മറ്റും എടുത്തുപറയാറുള്ളത്, എന്നാല്‍ 1795 മുതല്‍ 1805 വരെ 10 കൊല്ലം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ആദ്യ മലയാളിയാണ് പഴശ്ശിരാജ. പക്ഷേ അത് ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല.
എന്നാല്‍ ശരിക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ബ്രിട്ടീഷുകാരെ നേരിട്ട് ആദ്യത്തെ സമര സേനാനി മലയാളിയായ പഴശ്ശിരാജയാണ്. അദ്ദേഹത്തിന്റെ ആ മഹനീയമായ പങ്ക് ഒരുപാട് പേരിലേക്ക് അറിവായി പകര്‍ന്നുനല്‍കിയത് മമ്മൂട്ടി നായകനായ പഴശ്ശിരാജയാണെന്നും ഗോകുലം ഗോപാലന്‍ അത്രയേറെ അഭിമാനത്തോടെ പറയുന്നു.
പക്ഷെ വര്‍ഷങ്ങളായി മലയാള സിനിമയില്‍ ഏത് ബിഗ് ബജറ്റ് ചരിത്ര സിനിമകള്‍ റിലീസ് ചെയ്താലും പഴശ്ശിരാജ അന്നത്തെ കാലത്ത് മുതല്‍മുടക്കിന് അനുസരിച്ചുള്ള സാമ്പത്തിക വിജയം നേടാത്ത സിനിമയാണ് എന്ന് പറഞ്ഞു പരത്തി പാടിനടക്കുന്ന ഒരു രീതി ഒരുകൂട്ടം പേര്‍ക്ക് ഇപ്പോഴുമുണ്ട്. പലരും അന്ധമായി ഇപ്പോഴും അതാണ് സത്യം എന്നുവരെ വിശ്വസിച്ചുപോരുന്നു.
ഇതൊക്കെ കേട്ട് തഴമ്പിച്ചതിന്റെ പേരിലുണ്ടായ തികച്ചും വസ്തുതാവിരുദ്ധമായ എന്റെ തെറ്റിദ്ധാരണയുടെ അനന്തരഫലമായാണ് അങ്ങനെ ഒരു തലക്കെട്ട് ഇടാന്‍ ഞാന്‍ പ്രേരിതനായതും. നിര്‍മ്മാതാവായ ഗോകുലം ഗോപാലന്‍ ഇത്രയേറെ അഭിമാനിക്കുന്ന പഴശ്ശിരാജ എന്ന സിനിമയെ കുറിച്ചാണ് ഇപ്പോഴും ഒരുകൂട്ടം പേര്‍ സാമ്പത്തിക നഷ്ടമായിരുന്നു എന്നെല്ലാം പറഞ്ഞ് ഏതൊരു ചരിത്ര സിനിമ വരുമ്പോഴും സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ച നടത്തുന്നത് എന്നോര്‍ത്ത് ഇപ്പോള്‍ പരിതാപമുണ്ട്.
എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് എന്നും അഭിമാനിക്കാവുന്ന വിജയചിത്രമായിരുന്നു പഴശ്ശിരാജ എന്നതാണ് നിര്‍മ്മാതാവ് ഗോകുലം ഗോപാലനടക്കം സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും തുറന്നുപറയുന്നത് എന്നതാണ് ശരിക്കുള്ള വസ്തുത എന്ന് ഒരു സിനിമ പ്രേക്ഷകന്‍ എന്ന നിലയിലും ലേഖകന്‍ എന്ന നിലയിലും ഞാന്‍ മനസിലാക്കുന്നു.
Content Highlight: Online Peeps Media Journalist wrote Sorry to Tini Tom after fake heading