| Saturday, 24th July 2021, 8:49 am

ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ്; റിട്ട. ബാങ്ക് മാനേജര്‍ക്ക് നഷ്ടമായത് മുക്കാല്‍ കോടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലിന്റെ മറവില്‍ നടന്ന ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പില്‍ ബാങ്ക് മാനേജര്‍ക്ക് നഷ്ടമായത് മുക്കാല്‍ കോടി രൂപ. കോഴിക്കോട് ചേവായൂരിലെ റിട്ടയേര്‍ഡ് ബാങ്ക് മാനേജരാണ് തട്ടിപ്പിനിരയായത്.

കഴിഞ്ഞ മാര്‍ച്ചില്‍ ഇദ്ദേഹം നാപ്‌റ്റോള്‍ ഷോപ്പിംഗ് പോര്‍ട്ടലില്‍ നിന്ന് ഓണ്‍ലൈന്‍ ആയി ഉല്‍പ്പന്നം വാങ്ങിയതാണ് തട്ടിപ്പിന്റെ തുടക്കം. ഉല്‍പ്പന്നം ലഭിച്ചതിന്റെ അടുത്ത ദിവസം സ്‌ക്രാച്ച് ആന്റ് വിന്‍ കൂപ്പണ്‍ അടങ്ങിയ ഒരു കത്ത് ഇദ്ദേഹത്തിന് ലഭിച്ചു.

കൂപ്പണില്‍ സമ്മാനമുണ്ടെങ്കില്‍ കത്തില്‍ കാണുന്ന നമ്പറില്‍ ബന്ധപ്പെടാനായിരുന്നു നിര്‍ദ്ദേശം. കൂപ്പണ്‍ സ്‌ക്രാച്ച് ചെയ്തപ്പോള്‍ 75 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ ലോട്ടറി സമ്മാനം അടിച്ചെന്ന് കാണിച്ചു. ഇതോടെ ഇദ്ദേഹം കത്തിലെ ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ടു.

തുക ലഭിക്കാന്‍ തന്റെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാനായിരുന്നു ഫോണിലൂടെ നിര്‍ദ്ദേശിച്ചത്. സമ്മാനത്തുക കൈമാറുന്നതിന് മുമ്പ് ജി.എസ്.ടി. ഉള്‍പ്പെടെയുള്ള നികുതി മുന്‍കൂറായി അടയ്ക്കണമെന്നും നിര്‍ദ്ദേശം ലഭിച്ചു.

അവര്‍ ആവശ്യപ്പെട്ടപ്രകാരം ആദ്യം 49,950 രൂപയും പിന്നീട് 455,000 രൂപയും ബാങ്ക് വഴി ഇദ്ദേഹം അടയ്ക്കുകയും ചെയ്തു. പിന്നീട് ലോട്ടറി സമ്മാനത്തുക 75 ലക്ഷമല്ലെന്നും രണ്ട് കോടിയാണെന്നും തട്ടിപ്പുകാര്‍ ഇദ്ദേഹത്തെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.

രണ്ട് കോടിയായതിനാല്‍ നികുതി ഇനിയും ഒടുക്കേണ്ടിവരുമെന്നും ഇദ്ദേഹത്തെ വിശ്വസിപ്പിച്ച സംഘം നികുതിയെന്നും പറഞ്ഞ് 75,26,000 രൂപ ഇദ്ദേഹത്തില്‍ നിന്നും സംഘം തട്ടിയെടുത്തു.

ഒരുമിച്ച് 9 ലക്ഷം രൂപ വരെ ഇദ്ദേഹം ബാങ്കിലെത്തി രസീത് എഴുതി കൗണ്ടറിലൂടെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി കൈമാറുകയായിരുന്നു. സ്ഥിരമായി ഒരേ അക്കൗണ്ടിലേക്ക് വന്‍ തുകകള്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതര്‍ സംശയം പ്രകടിപ്പിച്ച് കുടുംബത്തെ സമീപിച്ചതോടെയാണ് തട്ടിപ്പ് വ്യക്തമായത്.

തുടര്‍ന്ന് ചേവായൂര്‍ പൊലീസ് കേസന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. കേസില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Online Money Theft

Latest Stories

We use cookies to give you the best possible experience. Learn more