തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യവ്യാപാരം നടത്താന്‍ തീരുമാനിച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സഹകരണ ടൂറിസം മന്ത്രി എ.സി മൊയ്തീന്റെ ഓഫീസ് അറിയിച്ചു. സര്‍ക്കാരോ കണ്‍സ്യൂമര്‍ ഫെഡോ ഇത്തരത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്ന മദ്യം ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുമെന്നും ഇതിന്റെ ആദ്യപടിയായി ഓണം മുതല്‍ ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
കണ്‍സ്യൂമര്‍ഫെഡ് വില്‍പന നടത്തുന്ന മദ്യത്തില്‍ തെരഞ്ഞെടുത്ത 59 ഇനം മദ്യമാവും ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുക. മദ്യം വാങ്ങുന്നതിന് കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്‌ലെറ്റുകളില്‍ ഇപ്പോള്‍ ഉണ്ടാവുന്ന നീണ്ട നിര ഇല്ലാതാക്കാന്‍ കൂടിയാണ് ഈ രീതി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഓണ്‍ലൈന്‍ വില്‍പന സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും കണ്‍സ്യൂമര്‍ഫെഡിലൂടെ വില്‍ക്കുന്ന മദ്യത്തിന്റെ വില്‍പന കൂട്ടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
മദ്യനയം മാറ്റണമെന്ന നിലപാട് ആവര്‍ത്തിച്ച് ടൂറിസം വകുപ്പ് രംഗത്തെത്തിയിരുന്നു. ടൂറിസം വകുപ്പിന് വേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയം തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
കൂടാതെ നിലവിലെ മദ്യനയം കോണ്‍ഫറന്‍സ് ടൂറിസത്തിന് വെല്ലുവിളിയാണെന്നും കേരളത്തിലേക്കുളള സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നതായും പഠനം പറയുന്നു. ബാറുകള്‍ അര്‍ദ്ധരാത്രി വരെ തുറക്കണമെന്നും പഠനത്തിലുള്ളതായി ്ടൂറിസം വകുപ്പ് പറഞ്ഞിരുന്നു.
അതേസമയം പുതിയ മദ്യനയം നടപ്പാക്കുന്നതില്‍ നിന്നും ഇടത് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. കത്തോലിക്ക സഭ ഉള്‍പ്പെടെയുളളവര്‍ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എതിര്‍പ്പുകള്‍ വരുന്നത് കൊണ്ട് പിന്മാറില്ല.
മദ്യനയം മാറ്റുക തന്നെ ചെയ്യും. പുതിയ മദ്യനയം വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ വിശദീകരണം കേട്ടശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാം എന്ന് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.