തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ നടത്തുന്ന ഗ്രാമസഭകള്‍ ഓണ്‍ലൈനാക്കി മാറ്റാന്‍ തീരുമാനം. 941 പഞ്ചായത്തുകളിലെ 15,963 വാര്‍ഡുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
ഗ്രാമസഭകളിലെ ആള്‍ക്കാരുടെ ഒഴിവ് പരിഹരിക്കാനും കൂടാതെ ഗ്രാമസഭകളില്‍ കൂടുതല്‍ ചര്‍ച്ചകളും പങ്കാളിത്തവും ഉറപ്പുവരുത്താനായിട്ടുമാണ് ഓണ്‍ലൈനാക്കുന്നതിന്റെ ലക്ഷ്യം.
ഗ്രാമസഭ പോര്‍ട്ടലായ (gramasabha.lsgkerala.gov.in) ഇതിനായി തയാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമസഭകളില്‍ പങ്കെടുക്കേണ്ട വോട്ടര്‍മാരുടെ എണ്ണം കൃത്യമായി പോര്‍ട്ടലില്‍ ശേഖരിച്ചിട്ടുണ്ട്.
ഒരു വാര്‍ഡിലെ മുഴുവന്‍ വോട്ടര്‍മാരുടെയും 10% ആണ് ഗ്രാമസഭകളുടെ ക്വോറം. അഥവാ ക്വോറം തികയാതെ വന്നാല്‍ ഗ്രാമസഭകള്‍ മാറ്റിവെക്കും. എന്നാല്‍ മാറ്റിവെക്കുന്ന ഗ്രാമസഭകള്‍ വീണ്ടും കൂടാന്‍ 50 പേര്‍ മാത്രം മതിയെന്നാണ് കണക്ക്.
പല സ്ഥലങ്ങളിലും ക്വോറമില്ലാതെ ഗ്രാമസഭകള്‍ മാറ്റിവെക്കുകയും പിന്നീട് രണ്ടാമത് യോഗം ചേരുമ്പോള്‍ പല അപാകതകളും ക്രമക്കേടുകളും ഉണ്ടാവുന്നതായും ആരോപണങ്ങള്‍ ഉണ്ട്. എന്നാല്‍ ഗ്രാമസഭകള്‍ ഓണ്‍ലൈനാക്കുന്നതോടെ പോര്‍ട്ടല്‍ സജ്ജമാകുകയും പ്രവാസി വോട്ടര്‍മാരെയുള്‍പ്പെടെ യോഗത്തില്‍ പങ്കടുപ്പിക്കാനും കഴിയുമെന്നതാണ് പ്രത്യേകത.
വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദേശങ്ങളും വസ്തുതകളും സമര്‍പ്പിക്കാനുമുളള സംവിധാനം പോര്‍ട്ടലില്‍ ഉണ്ടാകും. ഗ്രാമസഭകള്‍ ഓണ്‍ലൈനാക്കാനായി കേരള പഞ്ചായത്ത് രാജ് നിയമത്തിലെ ചട്ടം ഭേഗതി ചെയ്യേണ്ടി വരില്ലന്നും നിലവിലെ ഐ.ടി ആക്ടിലെ വ്യവസ്ഥകള്‍ ഉപയോഗിച്ചാല്‍ മതിയെന്നുമാണ് തദ്ദേശ വകുപ്പിന് ലഭിച്ച നിയമോപദേശം.
തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ ഫണ്ടിന്റെ 30% വരെ ചെലവഴിക്കുന്നത്. ഭവന നിര്‍മാണം മുതല്‍ വിവിധ വകുപ്പുകളുടെ വ്യത്യസ്ത പദ്ധതികളുടെ കരട് രേഖയും വിഹിതം ചെലവിടുന്നതും ഗുണഭോക്തൃ പട്ടിക വരെ തീരുമാനിക്കുന്നത് ഗ്രാമസഭയാണ്.